
പുത്തൻകുരിശ് ● എല്ലാവരുടേയും ഹൃദയത്തിൽ ഇടം നേടിയ താപസ ശ്രേഷ്ഠനായിരുന്നു കാലം ചെയ്ത ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുസ്മരിച്ചു. മലേക്കുരിശ് ദയറായിൽ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 29-ാമത് ശ്രാദ്ധപ്പെരുന്നാളിൽ സന്ധ്യാപ്രാർത്ഥനക്ക് ശേഷം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
സ്നേഹത്തോടെയും വാത്സല്യത്തോടെയും എല്ലാവരേയും ഒരു പോലെ ചേർത്ത് നിർത്തിയ ബാവ ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആൾരൂപമായിരുന്നു. ആഴത്തിലുള്ള ബാവായുടെ അറിവ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കാറും കോളും നിറഞ്ഞ സഭാ കാലഘട്ടത്തിൽ ബാവ അന്ത്യോഖ്യാ സിംഹാസനത്തിനു വേണ്ടി ഉറച്ച നിലപാടുകളിലൂടെ സഭയെ നയിച്ചുവെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ അനുസരിച്ചു.
പാത്രിയാർക്കീസ് ബാവായുടെ പ്രതിനിധി അഭിവന്ദ്യ മോർ ദിവന്നാസിയോസ് ജോൺ കവാക് മെത്രാപ്പോലീത്ത, ദയറാധിപൻ അഭിവന്ദ്യ മോർ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഈവാനിയോസ് മാത്യൂസ്, ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ യൗസേബിയോസ് കുര്യാക്കോസ്, മോർ ഐറേനിയോസ് പൗലോസ്, മോർ ക്ലീമിസ് കുര്യാക്കോസ്, മോർ പീലക്സിനോസ് സഖറിയാസ്, മോർ ഒസ്താത്തിയോസ് ഐസക്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ തീമോത്തിയോസ് മാത്യൂസ് എന്നിവർ സന്ധ്യാ പ്രാർത്ഥനയ്ക്കും കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി. അനുസ്മരണ പ്രഭാഷണം, അവാർഡ് ദാനം, അത്താഴ സദ്യ എന്നിവയ്ക്ക് ശേഷം കബറിങ്കൽ അഖണ്ഡ പ്രാർഥനയും നടന്നു.
നേരത്തേ മലങ്കരയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കാൽനട തീർത്ഥയാത്ര സംഘത്തെ അഭിവന്ദ്യ മോർ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ ദയറാ കവാടത്തിൽ സ്വീകരിച്ച് ബാവായുടെ കബറിങ്കലേക്ക് ആനയിച്ചു. തുടർന്ന് ആയിരക്കണക്കിന് വിശ്വാസികൾ കബർ വണങ്ങി.
ഇന്ന് രാവിലെ 6 ന് വി. കുർബ്ബാന, 8.30-ന് പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി മോർ ദിവന്നാസിയോസ് ജോൺ കവാക് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിലും അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരായ മോർ പീലക്സിനോസ് സഖറിയാസ്, മോർ തീമോത്തിയോസ് മാത്യൂസ് എന്നിവരുടെ സഹകാർമികത്വത്തിലും വി. മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് കബറിങ്കൽ ധൂപ പ്രാർഥന എന്നിവ നടന്നു. 11.30 ന് ആരംഭിച്ച ശ്രാദ്ധസദ്യയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഉച്ചയ്ക്ക് 1 ന് ശ്രേഷ്ഠ ബാവാ തിരുമേനിയുടെ കബറിങ്കൽ നിന്നും മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ് ബാവായുടെ കബറിങ്കലേക്ക് തീർഥയാത്ര പുറപ്പെട്ടു. നാളെ സെപ്റ്റംബർ 2 ചൊവ്വ രാവിലെ 7.30 ന് വി. കുർബ്ബാനാനന്തരം പെരുന്നാൾ കൊടിയിറങ്ങും.











