
- ബി.പി.സിയിൽ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മ ദിനാചരണം നടത്തി
പിറവം ● സ്വന്തം ജീവിതം തന്നെ ക്രിസ്തു മാർഗ്ഗമാക്കി വിശ്വാസികൾക്ക് പ്രചോദനമായ താപസശ്രേഷ്ഠനാണ് ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. പിറവം ബിപിസി കോളജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലങ്കരയുടെ പ്രകാശ ഗോപുരം പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ 29-ാം ഓർമ്മ ദിനാചരണ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. സുവിശേഷം കൊണ്ട് ജീവിക്കുന്നതിന് പകരം സുവിശേഷത്തിൽ ജീവിച്ച ആ മഹനീയവ്യക്തിത്വത്തെ യുവാക്കൾ മാതൃകയാക്കണമെന്ന് ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കാതോലിക്കയായി നവാഭിഷിക്തനായ എഡ്യുക്കേഷൻ ട്രസ്റ്റിന്റെ ചെയർമാനും, കോളജ് മാനേജരുമായ ശ്രേഷ്ഠ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് കലാലയ കുടുംബം ആദര സൂചകമായി മംഗളപത്രവും, അധികാരചിഹ്നമായ അംശവടിയും സമ്മാനിച്ചു. പിറവം എം.എൽ.എ അഡ്വ. അനൂപ് ജേക്കബ് ‘ലഹരിയും യുവാക്കളും’ എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തി. മുൻമന്ത്രിയും എഡ്യുക്കേഷൻ ട്രസ്റ്റ് സ്ഥാപക സെക്രട്ടറിയുമായ ടി.യു. കുരുവിള, പിറവം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, എഡ്യുക്കേഷൻ ട്രസ്റ്റ് സ്ഥാപക ട്രഷറർ കമാണ്ടർ കെ.എ. തോമസ്, സ്ഥാപക പ്രിൻസിപ്പലും എഡ്യുക്കേഷൻ ട്രസ്റ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ ഷെവ. പ്രൊഫ. ബേബി എം. വർഗ്ഗീസ്, കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് സി.റ്റി., മുൻ പ്രിൻസിപ്പൽമാരായ പ്രൊഫ. ക്യാപ്റ്റൻ ഡോ. എ.പി. എൽദോ, ഡോ. ടിജി സക്കറിയ, പ്രിൻസിപ്പൽ ഡോ. ബേബി പോൾ, ടീച്ചിംഗ് സ്റ്റാഫ് പ്രതിനിധി ഡോ. ലീജ മാത്യു, നോൺ ടീച്ചിംഗ് സ്റ്റാഫ് പ്രതിനിധി വന്ദ്യ പൗലോസ് കാളിയമ്മേലിൽ കോറെപ്പിസ്കോപ്പ, പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളി വികാരി ഫാ. വർഗ്ഗീസ് പനച്ചിയിൽ, ഫാ. മാത്യൂസ് ചാലപ്പുറം, കൺവീനർ ഡോ. സന്തോഷ് പി. കുരുവിള എന്നിവർ പ്രസംഗിച്ചു.
ശ്രേഷ്ഠ ബാവയുടെ ജീവകാരുണ്യനിധിയിലേക്ക് സ്റ്റാഫ് സെക്രട്ടറിമാരും, വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളും ചേർന്ന് കോളജിന്റെ സംഭാവന സമർപ്പിച്ചു. കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതുപരിപാടിയിൽ സ്മാരകവൃക്ഷ സമർപ്പണം, പുഷ്പാർച്ചന, സർവ്വമതപ്രാർത്ഥന, കോളേജ് മ്യൂസിക് ക്ലബിന്റെ ഗാനാഞ്ജലി എന്നിവ ഉണ്ടായിരുന്നു. കോളജ് ചാപ്പലിൽ വിശുദ്ധ കുർബ്ബാനയും, ഉച്ചയ്ക്ക് നേർച്ച സദ്യയും നടത്തപ്പെട്ടു.




