
വയനാട് ● പള്ളികളും, സൺഡേ സ്കൂൾ പ്രസ്ഥാനവും ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് സംസാരിച്ച് സംവിധായകനും അഭിനേതാവുമായ ബേസിൽ ജോസഫ്. തൻ്റെ ഉള്ളിലെ കലാകാരനെ വളർത്തിയതിൽ സൺഡേ സ്കൂളുകൾക്ക് വലിയ പങ്കുണ്ടെന്ന് ബേസിൽ ജോസഫ് പറഞ്ഞു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്കായി മലബാർ ഭദ്രാസനം നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബേസിൽ. മൂലങ്കാവ് സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് നടത്തിയ പരിപാടിയിൽ മുഖ്യപ്രഭാഷകനായി എത്തിയതായിരുന്നു അദ്ദേഹം.
സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രസംഗ മത്സരങ്ങളിലും, സംഗീത മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു. ബത്തേരി പള്ളിയിൽ ക്വയറിൽ പാടാനും, കീ ബോർഡ് വായിക്കാനും ഞാൻ സ്ഥിരമായി ഉണ്ടാകുമായിരുന്നു. സ്പിരിച്ച്വാലിറ്റിയ്ക്ക് അപ്പുറം എന്റെ ഉള്ളിലെ കലാകാരനെ വാർത്തെടുത്തത് പള്ളികളിലെ സൺഡേ സ്കൂളുകളാണ്. അത് ഏറെ അഭിമാനത്തോടെ ഞാൻ ഇപ്പോൾ പറയുകയാണ്.
കാതോലിക്ക ബാവയോടൊപ്പമുള്ള കുട്ടിക്കാലത്തെ അനുഭവം കൂടി എനിക്ക് പങ്കുവെക്കാനുണ്ട്. ഒരിക്കൽ, അഖില മലങ്കര പ്രസംഗമത്സരത്തിൻ്റെ സബ് ജൂനിയർ വിഭാഗത്തിൽ മത്സരിക്കാൻ പുത്തൻകുരിശിലേക്ക് പോയിരുന്നു. അന്ന് കാണാതെ പഠിച്ച് പറയുന്ന പ്രസംഗമായിരുന്നു. ആടിതിമർത്ത് പറഞ്ഞെങ്കിലും ഞാൻ തോറ്റുപോയി. സമ്മാനമൊന്നും കിട്ടിയില്ല. ആ വിഷമത്തിൽ ഇരിക്കുന്ന സമയത്ത് അഭിവന്ദ്യ പിതാവ് എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ചു. വയനാട്ടിൽ നിന്നുള്ള ഒരു അച്ചന്റെ മകൻ വന്നിട്ടുണ്ടെന്ന് അദ്ദേഹത്തെ ആരോ അറിയിച്ചിരുന്നു. ഇത്തവണ സമ്മാനം ലഭിക്കാത്തത് സാരമാക്കേണ്ടെന്നും അടുത്ത തവണ ജയിക്കാമെന്നും ഇപ്പോഴത്തെ ശ്രേഷ്ഠ ബാവ എന്നെ ആശ്വസിപ്പിച്ചു.
അന്നത്തെ ഞാൻ ഇന്ന് കാണുന്ന ഞാനല്ല. ഞാൻ അന്ന് ആരുമല്ല. ആ ഒന്നുമല്ലാതിരുന്ന ആ കുട്ടിയോട് ശ്രേഷ്ഠ ബാവ പുലർത്തിയ സമീപനം എന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ‘ഇത്രയും കാലത്തിനപ്പുറവും ഞാൻ അക്കാര്യം ഓർത്തിരിക്കുന്നതിൽ തന്നെ അത് വ്യക്തമാണല്ലോ,’ ബേസിൽ ജോസഫ് പറഞ്ഞു.

