
പുത്തൻകുരിശ് ● കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ വ്യക്തിയുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞത് നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. സഭാന്തരീക്ഷം വീണ്ടും കലുഷിതമാക്കാനുള്ള ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ശ്രമങ്ങളുടെ തുടർച്ചയായിട്ടാണ് ഇതിനെ കാണുന്നത്.
പള്ളികളില്‍ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനായി ബഹു. കേരള ഗവണ്മെന്റ് കൊണ്ടുവന്ന സെമിത്തേരി ബിൽ പ്രകാരമാണ് മരിച്ചയാളുടെ കുടുംബം മൃതദേഹവുമായി പള്ളിയിലെത്തിയത്. സെമിത്തേരി ബില്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബഹു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ ഹര്‍ജി തള്ളിക്കളഞ്ഞതാണ്. ഇത്തരം മനുഷ്യത്വരഹിതമായ ഹര്‍ജികള്‍ക്കെതിരെ ബഹു. ജസ്റ്റിസ് നടത്തിയ ശാസനയും പൊതുസമൂഹം കണ്ടതും വിലയിരുത്തിയതുമാണ്. അതിനുശേഷം, സുപ്രീം കോടതിയിൽ ബഹു. സർക്കാരിന്റെ സെമിത്തേരി ബിൽ അനുസരിക്കാമെന്ന് സത്യവാങ്മൂലം നൽകിയവരാണ് ഓർത്തഡോക്സ് വിഭാഗം. ഈ യാഥാർത്ഥ്യം നിലനിൽക്കുമ്പോഴും ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികൾ വീണ്ടും ആവർത്തിക്കുന്നത് നിർഭാഗ്യകരമാണ്.
മരിച്ചയാളുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സെമിത്തേരിയിൽ പ്രവേശിച്ച് സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാൻ അവകാശമുണ്ട്. സെമിത്തേരി ബില്ലും ഈ അവകാശത്തെ നിഷേധിക്കുന്നില്ല. മരിച്ചയാളുടെ കൊച്ചുമകൻ വൈദിക വിദ്യാർത്ഥിയായിരുന്നെങ്കിലും, കർമ്മങ്ങൾ നിർവഹിക്കാനല്ല, മറിച്ച് കുടുംബത്തിലെ ഒരു അംഗമെന്ന നിലയിലാണ് സെമിത്തേരിയിൽ പ്രവേശിക്കാൻ ശ്രമിച്ചത്. മരിച്ചയാളുടെ കുടുംബാംഗങ്ങൾക്ക് സെമിത്തേരിയിൽ പ്രവേശിക്കുവാനുള്ള അവകാശം സെമിത്തേരി ബില്ലിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
സെമിത്തേരിയില്‍ യാക്കോബായ വിശ്വാസികള്‍ക്കുള്ള അവകാശത്തെ ആര്‍ക്കും നിഷേധിക്കുവാന്‍ കഴിയുകയില്ല എന്ന 2017-ലെ ബഹു. സുപ്രീം കോടതി വിധിയും, ബഹു. കേരള ഗവണ്മെന്റ് പാസ്സാക്കിയ സെമിത്തേരി ബില്ലും നിലനില്‍ക്കെ, ഇപ്രകാരം മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പ്രതിഷേധാർഹമാണ്.
ഇന്ന് കോടതിയിൽ കേസ് പരിഗണനയ്ക്കു വരാനിരിക്കെ മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ് എന്ന മറു വിഭാഗത്തിൻ്റെ ആരോപണം ബാലിശവും അടിസ്ഥാനരഹിതവുമാണ്. കാരണം, മരിച്ച വ്യക്തി കേസ് മുന്നിൽക്കണ്ടല്ല ജീവൻ വെടിഞ്ഞത്. മാനുഷിക ചിന്തകളുടെ നിലവാര കുറവു കൊണ്ടാണ് ഇത്തരം കുപ്രചരണങ്ങൾ നടത്തുന്നത്.
മൃതദേഹത്തോട് ഇത്തരത്തിൽ അനാദരവ് കാണിച്ച് തെറ്റായ ചിന്താഗതികളോടെ സഭാന്തരീക്ഷം കലുഷിതമാക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. സെമിത്തേരി ബില്ലിലെ അവകാശങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ അധികാരികൾ കൂട്ടു നിൽക്കരുതെന്നും സമൂഹത്തിൽ മൃതദേഹത്തോട് അനാദരവ് ആവർത്തിക്കപ്പെടരുതെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
