
കീഴില്ലം ● ക്രൈസ്തവ സഭകൾ ഐക്യത്തിന്റെയും അനുരഞ്ജനത്തിൻ്റെയും പ്രതീകമാകണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ കീഴില്ലം നസ്രത്ത് മാർത്തോമ്മാ പള്ളിയിൽ നൽകിയ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
സ്നേഹത്തിൻ്റെയും പരസ്പര പങ്കുവെക്കലിന്റെയും അനുഭവത്തിലേക്ക് എപ്പിസ്കോപ്പൽ സഭകൾ ചേർന്നുവരുവാൻ സാധിക്കണം. പ്രസംഗങ്ങളിലും പ്രബന്ധങ്ങളിലും ഒതുങ്ങുന്ന അവസ്ഥയിൽ നിന്നും ഒരു മേശയിലെ പങ്കാളികളായി മാറുന്ന നിലയിലേക്ക് എക്യുമെനിസം വളരണം. കർത്താവിന്റെ ജീവന്റെ വചനത്തെ ഉൾക്കൊണ്ട്, സുവിശേഷത്തെ എല്ലാ അർത്ഥത്തിലും പ്രവർത്തിപഥത്തിൽ കൊണ്ടുവരാനുള്ള നിരന്തര പരിശ്രമമാണ് എല്ലാ സഭകളും പിന്തുടരേണ്ടതെന്നും ശ്രേഷ്ഠ ബാവ ചൂണ്ടിക്കാട്ടി.
വളർന്നു വരുന്ന കാലഘട്ടത്തിൽ നല്ല മനുഷ്യരുടെ കൂട്ടായ്മ ശക്തിപ്പെടണമെന്നും, ക്രൈസ്തവ സാക്ഷ്യം നഷ്ടപ്പെടുന്ന രീതിയിലാണോ നാം പ്രവർത്തിക്കുന്നതെന്ന് ആത്മപരിശോധന നടത്തണമെന്നും ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു. മനുഷ്യ സ്നേഹത്തിനും, ദൈവത്തോടും, പ്രകൃതിയോടും, സഹജീവികളോടുമുള്ള കാഴ്ചപ്പാടുകൾക്ക് അതീതമായി മതത്തിന്റെ കണ്ണിലൂടെ മനുഷ്യരെ കാണുന്നത് അപകടകരമാണ്. മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോഴാണ് ദൈവം നമ്മിൽ വസിക്കുന്നത്. അതിനാൽ, നല്ല മനുഷ്യരുടെ കൂട്ടായ്മ ഇന്ന് സമൂഹത്തിന് അനിവാര്യമാണ്.
ഇരുട്ടിനെ സ്നേഹിക്കുന്ന വലിയൊരു സമൂഹം നമുക്കിടയിൽ വളർന്നു വരുന്നു. നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം സാഹചര്യത്തിൽ, കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മകൾ ക്രിസ്തു മാർഗം സ്വീകരിച്ച്, ക്രിസ്തുവിനെ സാക്ഷിയാക്കി, ക്രിസ്തുവിൻ്റെ സ്വഭാവത്തിൽ കുറച്ചെങ്കിലും ലോകത്തിന് പ്രകാശമായി പകരാൻ കഴിയുന്ന വിധത്തിൽ പ്രവർത്തനങ്ങളെ ഏകീകരിക്കണമെന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
ക്രൈസ്തവർക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും ഏൽക്കേണ്ടി വരുന്ന മുറിപ്പാടുകൾ, അതിലൂടെ ക്രൈസ്തവ ദൗത്യം വികലമാകുന്ന സാഹചര്യങ്ങൾ എന്നിവയിൽ ക്രൈസ്തവ സമൂഹങ്ങൾ ഏതെങ്കിലും തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്നതും ഗൗരവമായി വിശകലനം ചെയ്യേണ്ടതുണ്ടെന്ന് ശ്രേഷ്ഠ ബാവ അഭിപ്രായപ്പെട്ടു. ക്രൈസ്തവ സമൂഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന പഴയകാല സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ന് മനസ്സിൽ മതത്തിൻ്റെ വൈരം കുത്തിവെച്ച് മനുഷ്യർ പരസ്പരം മതവിദ്വേഷത്തിൻ്റെയും, മതവൈരത്തിൻ്റെയും ഭാവത്തിലും രൂപത്തിലും കാണുന്ന അവസ്ഥ വളരെയധികം വേദനാജനകമാണ്. വടക്കേ ഇന്ത്യയിലടക്കം ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളെ നിസ്സാരമായി കാണാനാവില്ലെന്ന് ശ്രേഷ്ഠ ബാവ വ്യക്തമാക്കി. വൈദികർക്കും കന്യാസ്ത്രീകൾക്കും തിരുവസ്ത്രം ധരിച്ച് ഭയമില്ലാതെ സ്വാതന്ത്രത്തോടെ സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യം ഒരിക്കലും അംഗീകരിക്കാനാവില്ല. ഭരണഘടന ഉറപ്പുനൽകുന്ന ബഹുസ്വരതയും മതേതരത്വവും അട്ടിമറിക്കപ്പെടാത്ത സാഹചര്യം നിലനിർത്തുന്നത് ഓരോ മനുഷ്യസ്നേഹിയുടെയും ആഗ്രഹമാണെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
സഭ എന്നത് യേശുക്രിസ്തുവിൻ്റെ മനുഷ്യാവതാരത്തിൻ്റെ തുടർച്ചയാണ്. ആ തുടർച്ചയിൽ പങ്കാളികളാകുവാനും, ദൈവരാജ്യത്തിൻ്റെ കെട്ടുപണിയിൽ കൂട്ടുസാക്ഷികളാകുവാനും വിളിക്കപ്പെട്ടവരും നിയോഗിക്കപ്പെട്ടവരുമാണ് ഓരോ ക്രിസ്ത്യാനികളും. ക്രൈസ്തവ ശുശ്രൂഷയിൽ എല്ലാവരെയും ഉൾക്കൊള്ളാനും, ആദരിക്കാനും, ബഹുമാനത്തോടെ പെരുമാറാനും നമുക്ക് കഴിയണം. അതിനായി ആദ്യം ഭിന്നതകൾ മാറി, സൗഹൃദത്തിൻ്റെ അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യം നമുക്ക് സൃഷ്ടിക്കുവാൻ സാധിക്കണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
സമ്മേളനം സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കെ.സി.സി. വൈസ് പ്രസിഡൻ്റ് അഭിവന്ദ്യ മാത്യൂസ് മോർ സെറാഫീം എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ സിറിൽ മോർ ബസേലിയോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ബിഷപ്പ് വി.എസ്. ഫ്രാൻസിസ്, അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ, ശബരിമല മുൻ മേൽശാന്തി ആത്രശേരി രാമൻ നമ്പൂതിരി, എൽദോസ് കുന്നപ്പള്ളി എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. അജയകുമാർ, കെ.സി.സി ജനറൽ സെകട്ടറി ഡോ. പ്രകാശ് പി. തോമസ്, തോമസ് കെ. പോൾ, ഫാ. യോഹന്നാൻ കുന്നുംപുറത്ത്, സ്വാഗത സംഘം ചെയർമാൻ റവ. അലക്സാണ്ടർ ജോർജ്, കൺവീനർ വിനോയ് സ്കറിയ, ജനറൽ കൺവീനർ ജോസഫ് ദാനിയേൽ, ട്രഷറാർ ബേബി വർഗീസ്, പ്രോഗ്രാം കമ്മറ്റി കൺവീനർ തോമസ് കെ. പോൾ എന്നിവർ പ്രസംഗിച്ചു.
കീഴില്ലം നസ്രത്ത് മാർത്തോമ്മാ ചർച്ച് ക്വയർ, മണ്ണൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി ചർച്ച് ക്വയർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. അനേകം വൈദികരും വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു.







