
തിരുവാങ്കുളം ● കൊച്ചി ഭദ്രാസനത്തിലെ വി. മദ്ബഹാ ശുശ്രൂഷകരുടെ സംഗമവും, പരിശീലന ക്ലാസും കൊച്ചി ഭദ്രാസന ആസ്ഥാനമായ തിരുവാങ്കുളം ക്യംതാ സെമിനാരി സെൻ്റ് ജോർജ്ജ് കത്തീഡ്രലിൽ നടന്നു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ
അധ്യക്ഷത വഹിച്ചു.
മദ്ബഹാ ശുശ്രൂഷകർ ജീവിതത്തിൽ എപ്പോഴും ദൈവസാന്നിധ്യ ബോധം സൂക്ഷിക്കുന്നവരായിരിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ ഉദ്ബോധിപ്പിച്ചു. ആരാധനയിലൂടെയും ആത്മീയ ജീവിതത്തിലൂടെയും മനുഷ്യരെ ദൈവത്തിലേക്ക് ആകർഷിക്കാനും അടുപ്പിക്കാനും ശുശ്രൂഷകർക്ക് കഴിയണം. ജീവിത സാഹചര്യങ്ങളിൽ കാലിടറിയവരെ സ്നേഹത്തോടെ ചേർത്തു പിടിക്കാൻ ശുശ്രൂഷകർക്ക് സാധിക്കണമെന്നും ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു.
മദ്ബഹാ ശുശ്രൂഷ എന്നത് വിശുദ്ധിയിലേക്കുള്ള ഒരു ചവിട്ടുപടിയാണ്. ജീവിതവിശുദ്ധിയും ആരാധനാകാര്യങ്ങളിൽ അച്ചടക്കവും കൃത്യനിഷ്ഠതയും സമർപ്പണവും ശുശ്രൂഷകർക്ക് അത്യാവശ്യമാണ്. ശുശ്രൂഷയുടെ മഹത്വത്തെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചും
ബോദ്ധ്യമുള്ളവരും ആരാധനയെക്കുറിച്ച് ആഴമുള്ള അറിവുമുള്ളവരുമാകണം ശുശ്രൂഷകർ. പൗരോഹിത്യത്തിലേക്ക് വളർന്നു വരാനുള്ള ചിന്ത ശുശ്രൂഷകളിലെ സമർപ്പണത്തിൽ നിന്നാണ് ഉടലെടുക്കുന്നതെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
ആത്മീയ വളർച്ചയോടൊപ്പം തന്നെ, സമൂഹത്തിൽ വർധിച്ചു വരുന്ന ഡാർക്ക് വെബ്, ലഹരി തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് യുവജനങ്ങളെയും കുട്ടികളെയും സംരക്ഷിക്കാൻ അതിവിശുദ്ധ സ്ഥലത്തെ ശുശ്രൂഷ സഹായകമാകും. മദ്ബഹാ ശുശ്രൂഷയിലൂടെ ലഭിക്കുന്ന വിശുദ്ധി സ്വന്തം ജീവിതത്തിൽ ജീവിതത്തിൽ പ്രതിഫലിപ്പിച്ച് ചുറ്റുമുള്ള ഇടങ്ങളിലേക്ക് പകർന്നു നൽകാൻ കഴിയണമെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
തുടർന്ന് നടന്ന പരിശീലന ക്ലാസിന് ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ നേതൃത്വം നൽകി. ശുശ്രൂഷകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഫാ. സ്ലീബാ ജോർജ് പനയ്ക്കൽ വിശദീകരണം നൽകി. ഫാ. ജോഷി മാത്യു ചിറ്റേത്ത്, ഫാ. ബേസിൽ എബ്രഹാം എന്നിവർ സംസാരിച്ചു. കൊച്ചി ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽ നിന്നുമായി നൂറ്റമ്പതോളം ശുശ്രൂഷകർ സംഗമത്തിൽ സംബന്ധിച്ചു.





