
തിരുവാങ്കുളം ● ക്രിസ്തുവിൻ്റെ ഭാവവും മനസ്സും നമ്മിലുണ്ടെങ്കിൽ മാത്രമേ ക്രിസ്തുവിനെപ്പോലെ ജീവിക്കുവാനും ദൈവസ്നേഹം മറ്റുള്ളവരിലേക്ക് പകരാനും സാധിക്കുകയുള്ളൂവെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കാൻസർ, വൃക്ക രോഗികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്കായി ആരംഭിച്ച ‘ആശ്ലേഷം’ സാന്ത്വന പരിചരണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ.
ക്രിസ്തുവിന്റെ ഭാവം എന്നത് ദൈവം മനുഷ്യനു നൽകിയ സ്വന്തം ഭാവമാണ്. പരസ്പരം സ്നേഹിക്കുന്ന ദൈവസ്നേഹത്തിന്റെ ഭാവമാണിത്. എന്നാൽ, പാപത്തിൽ വീണുപോയ ഇന്നത്തെ മനുഷ്യന് ദൈവീക ഭാവം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ദൈവാശ്രയത്തോടെ ക്രിസ്തു ഭാവം സ്വീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിനെ മറ്റുള്ളവർക്ക് പകർന്നു നൽകുവാൻ നമുക്ക് സാധിക്കണമെന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
സ്വാന്തന പരിചരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, വേദനിക്കുന്നവരുടെ നൊമ്പരം ഏറ്റുവാങ്ങിയ ക്രിസ്തുവിന്റെ സ്നേഹസ്പർശമായി സഭ പ്രവർത്തിക്കണമെന്നും സമൂഹം കരുതലിന്റെ കൂട്ടായ്മയായി മാറണമെന്നും ശ്രേഷ്ഠ ബാവ ഉദ്ബോധിപ്പിച്ചു.
ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ദേശവാസികളുടെ സ്നേഹസംഗമവും ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് പൗര സ്വീകരണവും നടന്നു. വികാരി റവ. തോമസ് പി. കോശി അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയർ സംബന്ധിച്ച ക്ലാസ്സിന് എറണാകുളം മാർത്തോമ്മാ ഗൈഡൻസ് സെൻ്റർ ഡയറക്ടർ റവ. ഡോ. വർഗ്ഗീസ് കെ. ഏബ്രഹാം നേതൃത്വം നൽകി. തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ്, തിരുവാങ്കുളം എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി എം.വി പൊന്നു, തൃപ്പൂണിത്തുറ ഇമാം ഇബ്രാഹിം സഖാഫി, ഫാ. ആൻ്റണി പുതവേലിൽ, ഫാ. ബേസിൽ ഷാജു കുറൂർ, ഫാ. ജോഷി മാത്യു ചിറ്റേത്ത്, എം. രഞ്ജിത്ത് കുമാർ, സി.എ ബെന്നി, കെ.വി സാജു, എൽസി പി. കുര്യാക്കോസ്, പി.ജെ. ഫിലിപ്പോസ്, ബിനു സാം ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.


