
വെട്ടിക്കൽ ● മലങ്കര സുറിയാനി ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പരിശുദ്ധ സഭയുടെ പൈതൃക ഹൃദയവും സമ്പത്തുമാണെന്ന് വൈദിക സെമിനാരി പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു. മുളന്തുരുത്തി വെട്ടിക്കൽ എം.എസ്.ഒ.റ്റി. വൈദീക സെമിനാരിയിൽ ഈ വർഷം പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെ പുതിയ ഓറിയന്റേഷൻ ബാച്ചിൻ്റെ സ്വീകരണ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത.
വിവിധ സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്ത സ്വഭാവങ്ങളോടു കൂടിയവരാണ് സെമിനാരിയിൽ എത്തിയിട്ടുള്ള വിദ്യാർത്ഥികൾ. സെമിനാരിയിൽ പ്രവേശനം നേടാൻ പല കാരണങ്ങളുണ്ടാകാം. കുട്ടിക്കാലം മുതലുള്ള ആഗ്രഹമാകാം, മാതാപിതാക്കളുടെ സ്വപ്നമാകാം, അതല്ലെങ്കിൽ മറ്റാരുടെയെങ്കിലും പ്രചോദനമാകാം. എന്താണെങ്കിലും ഇടവക മെത്രാപ്പോലീത്തയുടെ ശുപാർശയും, ഇടവക വികാരിയുടെ സാക്ഷ്യപത്രവും പരിഗണിച്ച്, വൈദിക സെമിനാരിയിലെ പരീക്ഷയും അഭിമുഖവും നടത്തിയാണ് ഓരോ വിദ്യാർത്ഥികളെയും തിരഞ്ഞെടുത്തിരിക്കുന്നത്. ഇതെല്ലാം മാനുഷികമായ തലങ്ങളിലാണെങ്കിലും ഓരോരുത്തരുടെയും വരവിന് പിന്നിൽ ആത്യന്തികമായി ദൈവത്തിൻ്റെ ഒരു വിളിയുണ്ടെന്നും ഈ ദൈവിക തെരഞ്ഞെടുപ്പിന് പിന്നിൽ ദൈവത്തിന്റെ കരങ്ങളുണ്ടെന്നും മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു. അതുകൊണ്ട് ആ വിളിയെക്കുറിച്ചുള്ള ബോധ്യം എപ്പോഴും നമ്മിലുണ്ടായിരിക്കണമെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
യിരെമ്യാവ് പ്രവചനത്തിൽ 1:5 ൽ പറയുന്നു: “നിൻ്റെ അമ്മയുടെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പ് തന്നെ ഞാൻ നിന്നെ തിരഞ്ഞെടുത്തു”. അതുപോലെ പൗലോസ് ശ്ലീഹാ എബ്രായർക്ക് എഴുതിയ ലേഖനം 5:4 ൽ പറയുന്നു: “ദൈവത്താൽ വിളിക്കപ്പെട്ടവനല്ലാതെ ആരും ആ സ്ഥാനം സ്വയമായി എടുക്കുന്നില്ല”. ഇത് ആത്യന്തികമായ ഒരു മനുഷ്യൻ്റെ തിരഞ്ഞെടുപ്പാണെങ്കിലും അടിസ്ഥാനപരമായി ദൈവത്തിൻ്റെ വിളിയാണ്. ആ വിളിയോട് പ്രതികരിച്ചാണ് വിദ്യാർത്ഥികളായി നിങ്ങൾ എത്തിയിരിക്കുന്നത്. അതുകൊണ്ട് നിങ്ങളെ വിളിച്ചവനോടുള്ള വിശ്വസ്തതയിൽ മുന്നോട്ട് പോകണമെന്നും ഈ വിളി കുരിശിൻ്റെ പാതയാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദൈവവിളിയിലും കുരിശിൻ്റെ വഴിയിലും ഒത്തിരി വെല്ലുവിളികളും പ്രതിബന്ധങ്ങളും ഉണ്ടാകാം. അതെല്ലാം നമ്മുടെ അവകാശമായിട്ട്, ദാസൻ യജമാനനേക്കാൾ വലിയവനല്ലെന്ന് കർത്താവ് പറഞ്ഞ വചനം (യോഹ 13: 16) വിദ്യാർത്ഥികൾ ഓർക്കണം. യജമാനനായ കർത്താവിന് കുരിശാണ് ലഭിച്ചതെങ്കിൽ, അത് തന്നെയായിരിക്കും നമ്മൾക്കും അവകാശമായി ലഭിക്കാൻ പോകുന്നതെന്നും ദൈവാശ്രയത്തോടെ, ദൈവേഷ്ടം നിർവഹിച്ച് മുന്നോട്ടുപോകണമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
സെമിനാരി എന്നത് നമ്മുടെ പുണ്യ പുരാതനമായ സഭയുടെ വിശ്വാസവും ആരാധനയും ദൈവശാസ്ത്രവും പാരമ്പര്യങ്ങളും കാത്ത് സൂക്ഷിക്കുന്ന ഒരു പേടകമാണ്. സെമിനാരി ഇല്ലെങ്കിൽ നാളെ സഭയില്ല, കാരണം വൈദികരിലൂടെയാണ് സഭയുടെ വിശ്വാസവും പാരമ്പര്യങ്ങളും വിശ്വാസികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. അതുകൊണ്ടാണ്, വൈദിക വിദ്യാർത്ഥികൾ സഭയുടെ വിശ്വാസവും ആരാധനയും പാരമ്പര്യങ്ങളും കാത്തു സൂക്ഷിച്ച്, നമ്മുടെ വൈദിക സെമിനാരിയിൽ തന്നെ അടിസ്ഥാന വിദ്യാഭ്യാസം നടത്തിയിരിക്കണം എന്ന് പരി. പാത്രിയർക്കീസ് ബാവായും, പരി. സുന്നഹദോസും നിഷ്കർഷിക്കുന്നത്. തിയോളജി എവിടെ വേണമെങ്കിലും പഠിക്കാം. എന്നാൽ വൈദിക സെമിനാരിയിൽ നടക്കുന്നത് കേവലം ഒരു പഠനം മാത്രമല്ല, ഒരു രൂപീകരണം കൂടിയാണ്. മൂന്നു നേരമുള്ള പ്രാർത്ഥന, നോമ്പ്, ഉപവാസം തുടങ്ങിയവ പരിശീലിക്കപ്പെടുന്നത് ഇവിടെ വച്ചാണ്. സുറിയാനി സഭയുടെ ദൈവശാസ്ത്രവും ആത്മീയതയുമെല്ലാം അടങ്ങിയിരിക്കുന്നത് നമ്മുടെ ആരാധനയിലും ആരാധനാ ക്രമങ്ങളിലുമാണ്. ആരാധനാ ക്രമങ്ങൾ ശരിയായി പഠിച്ചെങ്കിൽ മാത്രമാണ് ഇക്കാര്യങ്ങൾ ഉൾക്കൊള്ളുവാൻ സാധിക്കുകയുള്ളൂ. അതാണ് വൈദിക സെമിനാരി പരിശീലനത്തിൽ നിന്ന് ലഭിക്കുന്നതെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.
ഒരു രാജ്യത്തിൻ്റെ സൈനികരെ പോലെയാണ് സഭയുടെ വൈദികർ. പട്ടാളക്കാർ ദുർബലരാകുമ്പോൾ രാജ്യം ഭീഷണി നേരിടുന്നതു പോലെ, വൈദികർ ദുർബലരാകുമ്പോൾ സഭയും തളരും. അതുകൊണ്ട് ഈ ബോധ്യത്തോടുകൂടി വിദ്യാർത്ഥികൾ പ്രാർത്ഥനയും പഠനവും രൂപീകരണവും സാധ്യമാക്കണമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ആധുനിക ലോകത്ത് ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ഈ ലോകത്തിൻ്റെ സ്പന്ദനങ്ങൾ മനസ്സിലാക്കി, വെല്ലുവിളികളെ അഭിമുഖീകരിക്കാൻ വിശ്വാസികളെ ഒരുക്കുന്നതോടൊപ്പം, സാമൂഹിക പ്രതിബദ്ധതയിലും സാധുജന സംരക്ഷണത്തിലും ഊന്നിയുള്ള ശുശ്രൂഷാ ജീവിതമായിരിക്കണം നമ്മുടേതെന്ന് ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.
ദൈവകൃപയാൽ സഭയുടെ വൈദിക സെമിനാരി ഇന്ന് അഭിമാനകരമായി വളർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനെ പ്രതിസന്ധിയിലാക്കുന്ന ശ്രമങ്ങളും പ്രവർത്തികളും ഉണ്ടാകുന്നുവെന്നത് വേദനാജനകമാണ്. ക്രിസ്തീയ സഭയുടെ ആരംഭം മുതൽ അതിനെ തകർക്കാൻ ഓരോ ശക്തികൾ ശ്രമിക്കുന്നു. ഇന്നും സഭയെ തകർക്കുവാൻ ശക്തികൾ നിലനിൽക്കുന്നു. പരിശുദ്ധ സഭയുടെയും വൈദിക സെമിനാരിയുടെയും അനുഗ്രഹീതമായ വളർച്ചയിൽ അസഹിഷ്ണുതയും അസൂയയും പൂണ്ട് തകർക്കാൻ ശ്രമിക്കുന്ന ചില ആളുകളുണ്ടാകാം. അവർ ഒരു വശത്തു കൂടെ ഇതിനില്ലായ്മ ചെയ്യാൻ ശ്രമിക്കുമ്പോൾ, പ്രാർത്ഥനയിലും ദൈവാത്മാവിലും നിറഞ്ഞ് നമ്മുടെ വിശ്വാസത്തെ, ദൈവാശ്രയത്തിൽ മുറുകെപ്പിടിച്ച് മുന്നോട്ടുപോകുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
വന്ദ്യ ഡോ. ആദായി ജേക്കബ് കോറെപ്പിസ്കോപ്പ, വന്ദ്യ രാജു കൊളാപ്പുറത്ത് കോറെപ്പിസ്കോപ്പ, വന്ദ്യ മീഖായേൽ റമ്പാൻ, വന്ദ്യ സലീബ റമ്പാൻ, ഫാ. ദാനിയേൽ തട്ടാറയിൽ, ഫാ. ബിജു മത്തായി പാറേക്കാട്ടിൽ, ഫാ. എൽദോസ് സി.യു, ഫാ. ജെയിംസ് വൺമേലി, ഡീക്കൺ ഡോ. അനീഷ് കെ. ജോയി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.


