
തിരുവനന്തപുരം ● രാജ്യത്ത് ക്രൈസ്തവ സമൂഹം ആശങ്ക നേരിടുന്ന കാലഘട്ടത്തിൽ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ നേതൃത്വം സഭയ്ക്കും പൊതുസമൂഹത്തിനും ആത്മവിശ്വാസം പകരുമെന്നു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പറഞ്ഞു. സഭാ തർക്കവുമായി ബന്ധപ്പെട്ടു യോഗങ്ങൾ നടന്നപ്പോഴെല്ലാം ശാന്തവും സൗമ്യവുമായി തന്റെ നിലപാട് അവതരിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. പ്രകോപനപരമായ ഘട്ടങ്ങളിലും ശാന്തത കൈവിട്ടില്ല. അതേസമയം, നിലപാടുകളിലുറച്ചു നിൽക്കുകയും ചെയ്തു. കലുഷിതമായ കാലഘട്ടത്തിലാണ് സഭയുടെ നേതൃത്വം ശ്രേഷ്ഠ കാതോലിക്കാ ബാവ ഏറ്റെടുത്തിരിക്കുന്നത്. ശ്രേഷ്ഠ ബാവായുടെ ശാന്തതയും സൗമ്യതയും നല്ല ഫലം സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സമൂഹത്തിൽ വേർതിരിവില്ലാതെ എല്ലാവരെയും തുല്യരായി കണ്ട് ന്യൂനപക്ഷ സംരക്ഷണത്തിലൂന്നിയുള്ള നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും തുടർന്നും അങ്ങനെ തന്നെയായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാദേശിക തലവനായി സ്ഥാനമേറ്റശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്കു മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ വിരുന്നിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.















