
തിരുവനന്തപുരം ● സുവിശേഷത്തിന്റെ ചാലകശക്തിയായി സഭകളും, ജീവിക്കുന്ന സുവിശേഷമായി വിശ്വാസികളും മാറണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. മലങ്കര മാർത്തോമ്മാ സുറിയാനി സഭ തിരുവനന്തപുരം – കൊല്ലം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
തിന്മയും അന്ധകാരവും നിറഞ്ഞ നമ്മുടെ സമൂഹത്തിൽ സുവിശേഷത്തിന്റെ ഒരു ചെറു പ്രകാശമെങ്കിലും നമുക്ക് നൽകാൻ കഴിഞ്ഞാൽ നമ്മൾ ഓരോരുത്തരും നല്ല ക്രിസ്ത്യാനികളായി തീരും. എല്ലാ മതങ്ങളിലുള്ളവരും തങ്ങളുടെ മത തത്വങ്ങൾക്കനുസരിച്ച് നല്ല മനുഷ്യരായി ജീവിക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ നമ്മുടെ സാമൂഹിക ജീവിതം കൂടുതൽ ഫലപ്രദമാവുകയുള്ളൂ.
ഒരു മതത്തിലെ ഏതെങ്കിലും വ്യക്തികളുടെ മോശം പ്രവൃത്തികളിലൂടെ ആ മതത്തെയോ അതിന്റെ തത്വങ്ങളെയോ മുഴുവനായും വിമർശിക്കാൻ നമുക്ക് സാധിക്കില്ലെന്ന് ശ്രേഷ്ഠ ബാവ അഭിപ്രായപ്പെട്ടു.
സ്നേഹത്തിലും ഐക്യത്തിലുമുള്ള സമൂഹമാണ് ലക്ഷ്യമാകണ്ടേത്. വെറുപ്പും വിദ്വേഷവും വളരുന്ന ഇക്കാലത്ത്, പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനുമുള്ള സാഹചര്യങ്ങൾ ഒരുക്കുന്നത് ലോകത്തിന് ഇന്ത്യ നൽകുന്ന മഹത്തായ സന്ദേശമാണ്. സ്വാമി വിവേകാനന്ദൻ ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ച് പറഞ്ഞതുപോലെ നല്ല മനുഷ്യരുടെ കൂട്ടായ്മയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മതങ്ങൾ മനുഷ്യരെ തമ്മിൽ ഭിന്നിപ്പിക്കാനോ അകറ്റാനോ വിദ്വേഷം പ്രചരിപ്പിക്കാനോ പ്രേരിപ്പിക്കുന്നതാകരുത്.
ഹൈന്ദവ സംസ്കാരത്തിന് പ്രാധാന്യമുള്ള ഭാരതത്തിൽ, ക്രൈസ്തവർ തങ്ങളുടെ ദൗത്യം നിർവഹിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണം. മറ്റ് മതസ്ഥരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും വ്രണപ്പെടുത്തുന്ന സംസാരരീതികൾ ഒഴിവാക്കണം. ക്രൈസ്തവർക്കിടയിലെ വിഭാഗീയതയും പുതിയ കൂട്ടായ്മകളും സമൂഹത്തിൽ സഭയുടെ മതിപ്പ് കുറയാൻ കാരണമായിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ ക്രൈസ്തവ സഭകൾ തെറ്റിദ്ധരിക്കപ്പെടുന്ന വേദനാജനകമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, എതിർത്ത് പ്രചരിപ്പിക്കുന്നതിലൂടെയല്ല മറിച്ച് ക്രിസ്തീയമായ മാർഗ്ഗങ്ങളിലൂടെ അവരുടെ ചിന്തകളെ മാറ്റിയെടുക്കാനാണ് ശ്രമിക്കേണ്ടത്.
ക്രിസ്ത്യാനികൾ ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, എല്ലാ മതങ്ങളും ഒന്നിച്ച് ദൈവസ്നേഹത്തെക്കുറിച്ച് സംസാരിക്കാനും എല്ലാവരെയും മനുഷ്യരായി കാണാനും ശ്രമിക്കണം. മറിച്ച്, മതപരിവർത്തനങ്ങളിലൂടെ ആളുകളുടെ എണ്ണം കൂട്ടുകയല്ല ലക്ഷ്യം. ഇവിടുത്തെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട്, എല്ലാവരെയും ഉൾക്കൊള്ളുന്ന നല്ല മനുഷ്യരുടെ കൂട്ടായ്മ രൂപപ്പെടുത്താൻ നാം തുടർന്നും പരിശ്രമിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ ഓർമ്മപ്പെടുത്തി.
തിരുവനന്തപുരം പാറ്റൂർ സെൻ്റ് തോമസ് മാർത്തോമ്മാ സുറിയാനി പള്ളിയിൽ എഴുന്നള്ളി വന്ന ശ്രേഷ്ഠ ബാവയ്ക്ക്, വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രൗഢഗംഭീരമായ സ്വീകരണമാണ് നൽകിയത്. തുടർന്ന് നടന്ന അനുമോദന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം – കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മോർ ഫിലക്സിനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മോർ ബസേലിയോസ് ക്ലീമിസ് ബാവ അനുഗ്രഹപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തിരുവനന്തപുരം ലത്തീൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, സീറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, സ്വാമി ഗുരു രത്നം ജ്ഞാന തപസ്സി, ഡോ. സുഹൈബ് മൗലവി തുടങ്ങിയർ സംസാരിച്ചു.

















