
തിരുവനന്തപുരം ● സഭാതർക്കം ശാശ്വതമായി പരിഹരിക്കാൻ ചർച്ചകൾ അനിവാര്യമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. പുന്നൻ റോഡ് സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൻ്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
അന്തസ്സ് നിലനിർത്തിക്കൊണ്ട് ഒരു സഭയിലെ രണ്ടു വിഭാഗമായോ രണ്ടു സഭയായോ മുന്നോട്ട് പോകാം. പരസ്പരം യോജിക്കാൻ കഴിയുന്ന മേഖലകളിൽ ഒന്നിക്കാം. സ്നേഹവും ആദരവും നിലനിർത്തിക്കൊണ്ട് ക്രിസ്തുവിൻ്റെ മാതൃക പിന്തുടരാം. ക്രിസ്തുവും ഒരിക്കൽ ഒരു ന്യായാധിപന്റെ മുൻപിൽ നിന്നിട്ടുണ്ട്. നിയമത്തിനും നിയമാവലികൾക്കും അതീതമായി സ്നേഹത്തിൻ്റെ ഒരു സാക്ഷ്യപത്രമാണ് ഈ രണ്ടു സഭകളിൽ നിന്നും സമൂഹവും മറ്റ് സഭകളും ആവശ്യപ്പെടുന്നതെന്ന് ശ്രേഷ്ഠ ബാവ വ്യക്തമാക്കി.
ഇനിയും 200 വർഷം കേസുകൾ നടത്തിയാലും പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന് സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാർ പറഞ്ഞിട്ടുണ്ട്. എല്ലാവരും കേസുമായി മുന്നോട്ട് പോവുകയാണ്. ഒരാൾ ജയിക്കുമ്പോൾ മറുവശത്തുള്ളവർ വീണ്ടും കേസിന് പോകുന്നു. വർഷങ്ങളായി നിരന്തരമായ വ്യവഹാരങ്ങളുടെ ഒരു പെരുമഴക്കാലമാണ് കാണുന്നത്.
ഒരു ഇടയനെ സംബന്ധിച്ചിടത്തോളം പാലം പണിയുന്നവൻ കൂടിയാണ്. താൻ സ്ഥാനമേറ്റതു മുതൽ പ്രശ്നപരിഹാരത്തിനായി ഒരു പാലം പണിയാൻ ശ്രമിക്കുകയാണ്. ആ പാലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യണമെന്ന് ശ്രേഷ്ഠ ബാവ വിവരിച്ചു.
മനുഷ്യത്വം മരവിച്ചതും ക്രിസ്തു സുവിശേഷം ഇരുളടഞ്ഞ അദ്ധ്യായമായി മാറ്റിമറിക്കുന്ന വാക്കുകളും ചിന്തകളും പ്രവർത്തനങ്ങളും ഒരു ക്രൈസ്തവ സഭയ്ക്കും ഭൂഷണമല്ല. ഒത്തിരി അപമാനവും പരിഹാസവും നിന്ദയും തനിക്കുണ്ടായിട്ടുണ്ടെന്നും എങ്കിലും ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ബാവ പറഞ്ഞു. നാട്ടിൽ വന്നപ്പോഴും അല്ലാതെയുമായി 13 വയസ്സുമുതൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായ നിരവധി നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങൾ തനിക്കുമുണ്ടായിട്ടുണ്ട്. ലോക്കപ്പിൽ കിടന്നിട്ടുണ്ട്, പലതവണ സാക്ഷിവിസ്തരിക്കാനായി കോടതി കയറേണ്ടിവന്നിട്ടുണ്ട്, സമരമുഖത്തിൽ പിതാക്കന്മാരോടൊപ്പം നിന്നിട്ടുമുണ്ട്, പ്രസംഗ ങ്ങൾ നടത്തിയിട്ടുമുണ്ട്. എന്നിട്ടും സഭയിലെ വിഭാഗീയതകൊണ്ട് എവിടെയും എത്തിയില്ലെന്നതാണ് സഭയുടെ ഏറ്റവും വലിയ പ്രതിസന്ധി യെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ന്യായമായ എല്ലാ വിഷയങ്ങളിലും സർക്കാരിന്റെ പിന്തുണ യാക്കോബായ സുറിയാനി സഭയ്ക്കുണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വൈദിക സെമിനാരി റസിഡൻ്റ് മെത്രാപ്പൊലീത്ത ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സിറോ മലബാർ സഭ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. ആന്റണി രാജു എ.എൽഎ, മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ, നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ഡോ. വിൻസന്റ് സാമുവൽ, മലങ്കര കത്തോലിക്കാ സഭ കൂരിയ ബിഷപ്പ് ആന്റണി മാർ സിൽവാനോസ്, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ്, ജിജി തോംസൺ ഐ.എ.എസ്, സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ വികാരി ഫാ. അലക്സാണ്ടർ തോമസ്, ഫാ. സാം ജോർജ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാദേശിക തലവനായി സ്ഥാനമേറ്റശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി സിംഹാസന കത്തീഡ്രൽ ഇടവക പ്രൗഢഗംഭീരമായ സ്വീകരണമാണ് നൽകിയത്. വൈദീകരും അനേകം വിശ്വാസികളും ചേർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രേഷ്ഠ ബാവായെ വരവേറ്റു.





