
തിരുവനന്തപുരം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാദേശിക തലവനായി സ്ഥാനമേറ്റശേഷം ആദ്യമായി തലസ്ഥാനത്ത് എത്തുന്ന ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സെക്രട്ടറിയേറ്റിന് സമീപം പുന്നൻ റോഡ് സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ പ്രൗഢഗംഭീരമായ സ്വീകരണം നൽകും. ഇന്ന് വൈകിട്ട് 5.30 ന് പുന്നൻ റോഡ് ജേക്കബ്സ് ജംഗ്ഷനിൽ നിന്ന് ശ്രേഷ്ഠ ബാവായെ സ്വീകരിച്ച് കത്തീഡ്രൽ ദൈവാലയത്തിലേക്ക് ആനയിക്കും. തുടർന്ന് 6.30 ന് നടക്കുന്ന പൊതുസമ്മേളനം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
സീറോ മലബാർ സഭ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ഡോ. മാർ തോമസ് തറയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കും. അടൂർ പ്രകാശ് എം.പി., ആൻ്റണി രാജു എം.എൽ.എ., മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ഡോ. വിൻസൻ്റ് സാമുവൽ, മലങ്കര കത്തോലിക്ക സഭാ കൂരിയ ബിഷപ്പ് ഡോ. ആന്റണി മാർ സിൽവാനോസ്, ബിലീവേഴ്സ് ഈസ്റ്റൺ ചർച്ച് ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐ.എ.എസ് എന്നിവർ പ്രസംഗിക്കും.
വികാരി ഫാ. അലക്സാണ്ടർ തോമസ്, ട്രസ്റ്റി രാജൻ പി. എബ്രഹാം, സെക്രട്ടറി മാത്യൂസ് പോൾ കെ, ഭരണസമിതിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.
