
മണീട് ● ദൈവരാജ്യ വിപുലീകരണം എന്ന വൈ.എം.സി.എ. പ്രസ്ഥാനത്തിന്റെ ലക്ഷ്യം നിറവേറ്റുവാൻ ക്രിസ്തുവിന്റെ ജീവിത വഴികളിലൂടെ സഞ്ചരിക്കണമെന്നും, സമൂഹത്തിലെ പിന്നോക്കം നിൽക്കുന്നവരെ ചേർത്തുപിടിക്കണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. മണീട് വൈ.എം.സി.എ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
ആരോഗ്യരംഗത്തും പരിസ്ഥിതിമേഖലയിലും ഉൾപ്പെടെ, മനുഷ്യർ നേരിടുന്ന ദുരന്തസാഹചര്യങ്ങളിൽ വൈ.എം.സി.എ.യുടെ ഇടപെടലുകൾ ശ്രദ്ധേയവും പ്രശംസനീയവുമാണ്. സമൂഹത്തിൽ നല്ല മനുഷ്യരുടെയെണ്ണം കുറഞ്ഞു വരികയും, തിന്മ അധികരിക്കുന്ന സാഹചര്യങ്ങൾ വളരുകയും ചെയ്യുന്നത് വേദനാജനകമായ യാഥാർത്ഥ്യമാണ്. ഇത്തരത്തിലുള്ള കാലഘട്ടത്തിൽ വൈ.എം.സി.എ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രസക്തിയേറെയാണെന്ന് ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു.
ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിച്ചു ക്കൊണ്ട് സമൂഹത്തിൻ്റെ വിവിധ തലങ്ങളിലേക്ക് ക്രിസ്തു സ്നേഹം എത്തിക്കുവാനും നല്ല വ്യക്തികളെയും കുടുംബങ്ങളെയും രൂപപ്പെടുത്തുവാനും വൈ.എം.സി.എ അഭിമാനകരമായ പങ്കുവഹിക്കുന്നു. ക്രിസ്തുവിന്റെ മാർഗത്തിൽ സഞ്ചരിക്കുകയും ക്രിസ്തു സ്നേഹത്തിന്റെ അനുരണനങ്ങൾ പ്രവർത്തനത്തിലൂടെ മറ്റുള്ളവരിലേക്ക് എല്ലാ അർത്ഥത്തിലേക്കും സന്നിവേശിപ്പിക്കുന്ന ജീവിതശൈലിയാണ് വൈ.എം.സി.എ അംഗങ്ങൾ ഏറ്റെടുത്തിരിക്കുന്നതെന്നും ഈ ഉത്തമ മാതൃക പൊതു സമൂഹത്തിലേക്ക് വ്യാപിപ്പിക്കണമെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് മണീട് വൈ.എം.സി.എ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വൈ.എം.സി.എ യിൽ പുതുതായി നിർമ്മിച്ച ജിംനേഷ്യം കോംപ്ലക്സിൻ്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. പ്രസിഡൻ്റ് ജോൺ ജേക്കബ് അധ്യക്ഷനായി. അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ച് മെത്രാപ്പോലീത്ത വിവരിച്ചു.
ദേശീയ ട്രഷറർ റെജി ജോർജ്, ദേശീയ ജനറൽ സെക്രട്ടറി എൻ.വി. എൽദോ, റീജണൽ ട്രഷറർ അനിൽ ജോർജ്, സബ് റീജണൽ ചെയർമാൻ ഐജു ജേക്കബ്, മുൻ സംസ്ഥാന വൈസ് ചെയർമാൻ വർഗീസ് ജോർജ്, മുൻ സംസ്ഥാന ട്രഷറർ ഷെവ. എം.ജെ. മർക്കോസ്, അഡ്വ. ജോർജി സൈമൺ, പോൾ എം. ഫിലിപ്പ്, കെ.ജെ. സാജു, സെക്രട്ടറി ബിജു വർഗീസ്, ഡയസ് ഐസക് എന്നിവർ സംസാരിച്ചു.



