
– ഐസക് ഒസ്താത്തിയോസ് മെത്രാപ്പോലീത്ത
സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ വലിയ പ്രതീക്ഷയായിരുന്നു. വലിയ തിരുമേനി കൈയുള്ള ഒരു ബനിയനും നല്ല വെള്ള കൈലിയും ധരിച്ച്, പഴയ അരമനയുടെ ജനലിനരികിൽ സ്വന്തം മക്കളെപോലെ കാത്തിരിപ്പുണ്ടായിരുന്നു. തിരുമേനിയെ സന്ദർശിക്കാൻ വരുന്നവർ കൊണ്ടുവന്ന മിഠായി, കേക്ക്, മറ്റു മധുര പലഹാരങ്ങൾ എല്ലാം ടേബിളിൽ വിന്യസിച്ചിരിക്കും. പൂവുകൾ തിരുമേനിക്ക് വളരെയധികം ഇഷ്ടമായിരുന്നു. കുട്ടികൾ സമ്മാനിക്കുന്ന പൂവിന്റെ ഭംഗിയും മികവുമനുസരിച്ച് തിരുമേനി മധുരം തിരഞ്ഞെടുത്തിരിക്കും. അഭിവന്ദ്യ തിരുമേനിയുടെ സമീപത്ത് പൂവുകൾ എല്ലാം വെള്ളത്തിൽ നനച്ചുള്ള നല്ലൊരു പ്ലേറ്റിൽ ചാരുതയോടെ കരുതിയിരിക്കും.
നല്ലൊരു കേക്ക് കഷണം കിട്ടണമെങ്കിൽ നല്ലൊരു റോസാപൂവൊക്കെ ആവശ്യമായിരിക്കും
അതും ചുവന്നതും, തുടുത്ത് വിരിഞ്ഞതുമെങ്കിൽ, തിരുമേനിയുടെ സ്നേഹത്തിന് അതിനോട് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അതുപോലെ തന്നെ ഏറ്റവും മികച്ച മധുര പലഹാരവും അതിനു പതിവായിരിക്കും. ഇത് മനസ്സിലാക്കി, സ്കൂളിൽ നിന്ന് മടങ്ങുമ്പോൾ റോസാപൂവുകൾ പറിക്കാൽ നടത്തിയ ഓട്ട ശ്രമങ്ങളും സംഭവിച്ച അമളികളും ഓർമ്മയിൽ തളിർക്കുന്ന അനുഭവങ്ങളും ഇന്നും ബാല്യകാല സുഹൃത്തുകൾ കൗതുകത്തോടെ പങ്കു വയ്ക്കുന്നു. കുട്ടികളെ സ്നേഹിച്ചിരുന്ന തിരുമേനിയ്ക്ക് എന്ത് പൂവായാലും, തിരുമേനിയുടെ കൈയിൽ നിന്ന് ഒരു ചെറിയ മിഠായി കിട്ടും. അതാണ് വലിയ തിരുമേനിയുടെ സ്നേഹവും മാതാപിതൃവാത്സല്യവും കരുതലും നിറഞ്ഞ സ്വഭാവം. പൂക്കൾ പോലെ മനോഹരവും ഭംഗയാർന്നതുമായ ജീവിതമായിരുന്നു വലിയ തിരുമേനിയുടെത്. പൂക്കളിലൂടെ ജീവിതത്തെ വിസ്മയിപ്പിച്ച തിരുമേനി മറ്റുള്ളവരുടെ ജീവിതത്തിൽ സുഗന്ധം പകരാൻ തൻ്റെ ജീവിതത്തിലൂടെ ശ്രദ്ധാലുവായിരുന്നു.
ഇന്ന് ജൂലൈ 29 – പുണ്യശ്ലോകനായ തോമസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടിട്ട് 25 വർഷം തികയുകയാണ്. വാർദ്ധക്യത്തിൽ 71-ാമത്തെ വയസ്സിൽ മെത്രാപ്പോലിത്തയായി തിരുവചനത്തിൽ പറയുന്നതുപോലെ ഫലം കായ്ച്ച പുണ്യവാനായിരുന്നു വലിയ തിരുമേനി.
സങ്കീർത്തനം 92:14 ൽ പറയുന്നു : “വാർദ്ധക്യത്തിലും അവൻ ഫലം കായിച്ചു കൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ച പിടിച്ചും ഇരിക്കും.” തിരുവചനം അന്വർത്ഥമാക്കുന്നതു പോലെ വാർദ്ധക്യത്തിൽ ഫലം കായ്ച്ച പ്രധാനാചാര്യൻ ആണ് വലിയ തിരുമേനി. 1975 കാലഘട്ടത്തിൽ എല്ലാവരും പെൻഷൻ പറ്റി വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ 71-ാമത്തെ വയസ്സിൽ മെത്രാപ്പോലീത്തയായി തൻ്റെ ശുശ്രൂഷകൾ പ്രധാനാചാര്യൻ എന്ന രീതിയിൽ ആരംഭിച്ച് സഭയിലും സമൂഹത്തിലും ഉത്തമ ഫലം പുറപ്പെടുവിച്ചു.
വാർദ്ധക്യ കാലത്ത് സഭയുടെയും പ്രത്യേകിച്ച് കൊച്ചി ഭദ്രാസനത്തിന്റെയും വളർച്ചയ്ക്ക് നിർണ്ണായക സംഭാവനകൾ വലിയ തിരുമേനി നൽകി. കോട്ടയം, കണ്ടനാട് ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്ത എന്ന നിലയിൽ പ്രതിസന്ധി ഘട്ടത്തിൽ തളരാതെ സഭയ്ക്ക് ഉജ്ജ്വലമായ നേതൃത്വം നൽകി. സഭയിലെ പല രൂക്ഷമായ വിഷയങ്ങൾക്കും മദ്ധ്യസ്ഥനായി നിന്നു കൊണ്ട് തിരുമേനി പരിഹാരങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും കണ്ടെത്തി. 1980 കാലഘട്ടത്തിൽ മെത്രാപ്പോലീത്തൻമാർ തമ്മിൽ ഭിന്നതയും പ്രശ്നങ്ങളും രൂക്ഷമായപ്പോൾ വലിയ തിരുമേനിയുടെ മദ്ധ്യസ്ഥതയിൽ പല വിഷയങ്ങളും രമ്യമായി പരിഹരിക്കപ്പെട്ടു. തിരുമേനി ഏവർക്കും സ്വീകാര്യനായിരുന്നു. തിരുമേനിക്കുറിച്ച് ഓർക്കുമ്പോൾ ഇപ്രകാരം ഏവർക്കും സ്വീകാര്യനായ മദ്ധ്യസ്ഥൻ ഇന്നില്ലാത്തതിൻ്റെ അഭാവം നമുക്ക് അനുഭവപ്പെടും.
സഭയിലും പ്രത്യേകിച്ച് കൊച്ചി ഭദ്രാസനത്തിലും സഭാ പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ പൂട്ടിക്കിടന്ന പല പള്ളികളും തുറന്നത് തിരുമേനിയുടെ കാലഘട്ടത്തിലാണ്. സമാധാനം നഷ്ടപ്പെട്ട പല പള്ളികളിലും തിരുമേനിയുടെ ഇടപെടലുകളാൽ സമാധാനം സംജാതമായി. അക്കാലത്ത് പൂട്ടിക്കിടന്ന മുളന്തുരുത്തി പള്ളിയിലൊക്കെ തിരുമേനിയുടെ ബുദ്ധിപൂർവ്വമായ ഇടപെടലുകൾ മൂലം തുറക്കപ്പെട്ടു. അതുപോലെ മലങ്കര സഭയിലെ ഒരു പ്രധാനപ്പെട്ട പള്ളിയിൽ പൊതുയോഗം നടന്നു കൊണ്ടിരുന്നത് വളരെ കലുഷിതമായ രീതിയിലായിരുന്നു. പള്ളിയുടെ വികാരിയച്ചൻമാർക്ക് നിയന്ത്രിക്കാൻ പോലും സാധിക്കാതെ പൊതുയോഗം അവസാനിച്ചപ്പോൾ വിഷയങ്ങൾ പരിഹരിക്കുവാൻ വേണ്ടി അന്നത്തെ ബാവ കല്പിച്ചു നിയോഗിച്ചത് വലിയ തിരുമേനിയെ ആയിരുന്നു. തിരുമേനി പള്ളിയിൽ വന്ന് പൊതുയോഗം വിളിച്ചു ചേർക്കുകയും വളരെ ശാന്തമായ രീതിയിൽ രമ്യമായി പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തത് അന്നത്തെ ചരിത്രമായിരുന്നു.
ഇന്ന് സഭയിൽ മാതൃകപരമായി നില കൊള്ളുന്ന കൊച്ചി ഭദ്രാസനത്തിൽ അടുക്കും ചിട്ടയും ഒക്കെ ഉണ്ടാക്കിയത് തിരുമേനിയുടെ കാലത്താണ്. അപ്രകാരം തിരുമേനി ഏത് മേഖലയിൽ പ്രവർത്തിച്ചാലും അതിൽ അടുക്കും ചിട്ടയും ഉണ്ടാകും. സഭയിലെ ആചാര്യൻ എന്നതു പോലെ ഒരു അദ്ധ്യാപകനായും പ്രധാനാദ്ധ്യാപകനായും വലിയ തിരുമേനി ശോഭിച്ചു. വിദ്യാഭ്യാസ മേഖലകളിൽ തിരുമേനി വലിയ സംഭാവനകൾ സമൂഹത്തിന് നൽകി. വലിയ തിരുമേനിയുടെ വിദ്യാഭ്യാസ മേഖലകളിലുള്ള സംഭാവനകൾ അന്നും ഇന്നും മികവോടെ നിൽക്കുന്നു. വടകര, കീരമ്പാറ തുടങ്ങിയ സ്കൂളുകളിൽ ആ ശ്രേഷ്ഠത ഇന്നും നമുക്ക് കാണാനാകും. അദ്ധ്യാപകനെന്ന പോലെ എല്ലാം കാര്യങ്ങളും ശാന്തതയോടെ നിയന്ത്രണ വിധേയമായാണ് തിരുമേനി മുന്നോട്ട് കൊണ്ടു പോയത്. ഭക്തി കൊണ്ടും ജീവിത വിശുദ്ധി കൊണ്ടും കർമ്മനിരതകൊണ്ടും ജീവിതത്തെ നയിച്ച വലിയ തിരുമേനിയുടെ ജീവിതത്തിലൂടെ.
1904 ജൂൺ 5 നു കൂത്താട്ടുകുളം പന്തലുമാക്കിൽ കുടുംബത്തിൽ പെട്ട സീതാർകുഴി പുത്തൻപുരയിൽ കുടുംബത്തിൽ മത്തായിയുടെയും അന്നമ്മയുടെയും മകനായിട്ടാണ് അഭിവന്ദ്യ തിരുമേനിയുടെ ജനനം. ശൈശവവും ബാല്യവും ജന്മദേശമായ പുതുവേലിയിൽ തന്നെയായിരുന്നു. പുതുവേലി പ്രൈമറി സ്കൂളിൽ 4-ാം ക്ലാസുവരെയുള്ള പഠനം നടത്തി. അതിനു ശേഷം 7-ാം ക്ലാസുവരെ കുറവിലങ്ങാട് സെന്റ് മേരീസ് സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം കോട്ടയം എം.ഡി സെമിനാരി ഹൈസ്കൂളിലും തിരുവല്ല എം.ജി.എം ഹൈസ്കൂളിലുമായി പൂർത്തിയാക്കി. നന്നേ ചെറുപ്പത്തിൽ തന്നെ പ്രസംഗം, അഭിനയം, സാഹിത്യം, കവിത എന്നീ രംഗങ്ങളിൽ താൽപര്യം കാണിച്ചിരുന്നു. കായിക രംഗങ്ങളിലും വ്യക്തമായ വ്യക്തിമുദ്ര പതിപ്പിച്ച സി.എം തോമസ് പഠന കാര്യത്തിലുള്ള സാമർത്ഥ്യം കൊണ്ട് ഗുരുനാഥൻമാർക്കെന്നും പ്രിയപ്പെട്ടവനായിരുന്നു.
കേവലം ഒൻപതു വയസു പ്രായമുള്ളപ്പോൾ പരിശുദ്ധ കൊച്ചുപറമ്പിൽ മോർ കൂറിലോസ് പൗലോസ് മെത്രാപ്പോലീത്തായിൽ നിന്നും കോറൂയോ പട്ടം സ്വീകരിച്ചു. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം പാമ്പാക്കുട സെമിനാരിയിൽ ചേർന്നു വൈദീക വിദ്യാഭ്യാസം നടത്തി.
1930 ൽ സിംഹാസന പ്രതിനിധി അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് ബാവായിൽ നിന്നും കശീശ്ശാ പട്ടം ഏൽക്കുകയും, തുടർന് മദ്രാസിലെ സെന്റ് മത്ഥിയാസ് സുറിയാനി പള്ളിയുടെ ചുമതല എറ്റെടുക്കുകയും ചെയ്തു. പത്തു വർഷത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തി, തിരുവനന്തപുരം മഹാരാജാസ് ട്രെയിനിങ് കോളജിൽ നിന്നും ബി.ടി ബിരുദം സമ്പാദിച്ചു. കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹൈസ്കൂളിൽ പ്രാഥമാധ്യാപകനായി സേവനം ആരംഭിച്ചു. തുടർന്ന് 11 വർഷം വടകര ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വടകരയിൽ തന്നെ ഒരു ടി.ടി.സി സ്കൂൾ ബഹുമാനപ്പെട്ട തോമസച്ചൻ്റെ ശ്രമം കൊണ്ട് ആരംഭിക്കുകയും ചെയ്തു.
1952-ൽ കണ്ടനാട് ഭദ്രാസനത്തിന്റെ മെത്രാനായി ബഹുമാനപ്പെട്ട തോമസ് അച്ചന്റെ പേര് സംയുക്തമായി നിർദ്ദേശിച്ചുവെങ്കിലും അച്ചൻ ആ അവസരത്തിൽ നിന്നും ഒഴിഞ്ഞു മാറി പകരം ബഹുമാനപ്പെട്ട പൗലോസ് അച്ചനെ തിരഞ്ഞെടുക്കുകയും ചെയ്തു (ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ). വടകര ഹൈസ്കൂളിൽ നിന്നും തന്റെ ഔദ്യാഗിക ജീവിതം വിരമിച്ചതിനു ശേഷം മദ്രാസിലേക്കു പോയ ബഹുമാനപ്പെട്ട തോമസ് അച്ചൻ അവിടെ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചു. അതിന്റെ പ്രധാന അദ്ധ്യാപകനായും പിന്നീട് പ്രിൻസിപ്പാൾ ആയും സേവനമനുഷ്ഠിച്ചു .
1975-ലെ സഭാ സുന്നഹദോസ് വീണ്ടും തോമസ് അച്ചനെ ശ്രേഷ്ഠ കാതോലിക്ക ബാവായുടെ സഹായിയായി കണ്ടനാട് ഭദ്രാസനത്തിന്റയും കോട്ടയം ഭദ്രാസനത്തിന്റെയും സഹായ മെത്രാനായി തെരഞ്ഞെടുക്കുകയും തന്റെ 71മത്തെ വയസ്സിൽ 1975 ജൂൺ 12 നു പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവായിൽ നിന്നും മോർ ഒസ്താത്തിയോസ് തോമസ് എന്ന നാമധേയത്തിൽ ഡമാസ്കസ് സെന്റ് ജോർജ് കത്തീഡ്രലിൽ വെച്ച് മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു. 1982 വരെ കണ്ടനാട്, കോട്ടയം ഭദ്രാസനകളുടെ സഹായ മെത്രാപ്പോലീത്തയായി ശുശ്രൂഷ ചെയ്തു .
1982-ൽ തന്റെ 78-മത് വയസ്സിൽ തിരുമേനി കൊച്ചി ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുത്തു. വാർധക്യത്തിലായിരുന്നിട്ടും ഭദ്രാസനത്തിന്റെ പ്രവർത്തനങ്ങൾക്ക് ഇന്നും മറക്കാനാവാത്ത സേവനമാണ് പിതാവ് നിർവഹിച്ചത്. സ്വന്തമായി ഒരു ആസ്ഥാനമോ സ്ഥാപനങ്ങളോ ചുമതല ഏൽക്കുമ്പോൾ ഭദ്രാസനത്തിനു ഉണ്ടായിരുന്നില്ല. കരിങ്ങാച്ചിറ പള്ളി ആയിരുന്നു ആദ്യകാല ആസ്ഥാനം. പിന്നീട് തൃപ്പൂണിത്തുറ നടമേൽ പള്ളി തിരുവാങ്കുളത്തു നൽകിയ സ്ഥലത്തു കൊച്ചി ഭദ്രാസന ആസ്ഥാനം പടുത്തുയർത്തി. കൂടാതെ ജോർജിയൻ അക്കാഡമി എന്ന പേരിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും അവിടെ പ്രവർത്തനം ആരംഭിച്ചു.
ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ അനാരോഗ്യം നിമിത്തം ഭരണകാര്യങ്ങളിൽ സഹായിക്കുന്നതിനായി രൂപികരിച്ച മെത്രാൻ കൗൺസിലിലേക്ക് അഭിവന്ദ്യ തിരുമേനിയെ ഉൾപ്പെടുപ്പെടുത്തുകയും ചെയ്തു. സഭയുടെ ലിറ്റിഗേഷൻ കമ്മിറ്റി ചെയർമാൻ ആയും തിരുമേനി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1994 ൽ വാർധക്യ സഹജമായ അനാരോഗ്യം നിമിത്തം ഭദ്രാസന ചുമതലകളിൽ നിന്നും തിരുമേനി വിരമിച്ചു. പിൻഗാമിയായി അഭിവന്ദ്യ ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഇപ്പോഴത്തെ (ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവ) ചുമതലയേറ്റു.
വിനീതനും ശാന്തനും എന്നാൽ അത്യുത്സാഹിയും ആയിരുന്നു തിരുമേനി. അധികാരമോ സ്ഥാനങ്ങളോ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഒരു മിഷനറിയാകുവാൻ അതിയായി ആഗ്രഹിച്ചിരുന്നുവെങ്കിലും ജീവിതത്തിന്റെ അധികഭാഗവും ഒരദ്ധ്യാപകനായി കഴിയേണ്ടി വന്നതു കൊണ്ട് ആഗ്രഹം സഫലമായില്ല. വിദ്യാസമ്പന്നനും പണ്ഡിതനും പ്രതിഭാശാലിയുമായ തിരുമേനിയെ പരിശുദ്ധ അന്ത്യോഖ്യ സിംഹാസനം “സ്നുഗറോദ് ഹൈമ്മോനൂസോ” (വിശ്വാസ സംരക്ഷകൻ)” ബഹുമതി നൽകി ആദരിച്ചു.
അഭിവന്ദ്യ തിരുമേനി 2000 ജൂലൈ 29 നു 96-ാം വയസ്സിൽ കാലം ചെയ്യുകയും കൊച്ചി ഭദ്രാസന ആസ്ഥാനത്തിലെ തിരുവാങ്കുളം ക്യംതാ സെമിനാരി കത്തീഡ്രലിൽ കബറടക്കുകയും ചെയ്തു. പുണ്യ പിതാവിന്റെ ഓർമ്മപ്പെരുന്നാൾ ജൂലൈ 29 ന് ആചരിക്കുന്നു.
വായനയും പഠനവും പ്രായത്തിനും ക്ഷീണത്തിനും അതീതമെന്ന് വിശ്വസിച്ചിരുന്ന തിരുമേനിക്ക് വായന ഒരു വൃതം പോലെയായിരുന്നു. 84-ാം വയസ്സിൽ തിരുമേനി എഴുതി സമർപ്പിച്ച പ്രബന്ധത്തിന് കാലിഫോർണിയാ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിക്കുകയുണ്ടായി.
രാവിലെ നാലര മണിക്ക് ഉണർന്ന് പ്രാർത്ഥന, വേദവായന, ധ്യാനം എന്നിവയോടെ തിരുമേനിയുടെ ഒരു ദിവസം ആരംഭിക്കുന്നു. തിരുമേനി എത്ര തിരക്കിനിടയിലും യാമ പ്രാർത്ഥനകൾക്കും, രഹസ്യ പ്രാർത്ഥനകൾക്കും മുടക്കം വരുത്താറില്ല. പ്രശ്ന കലുഷിതമായ രംഗങ്ങളിൽ പോലും സമചിത്തത കൈവെടിയാതെ തികഞ്ഞ സംയമനം പാലിക്കുവാനുളള തിരുമേനിയുടെ കഴിവ് പ്രശംസനീയമാണ്. കക്ഷിപക്ഷങ്ങൾക്കതീതമായി സ്വതന്ത്ര ചിന്താഗതി കൈമുതലായിട്ടുളള തിരുമേനിയുടെ പ്രവർത്തന ശൈലി അനുകരണീയമാണ്. തിരുമേനിയുടെ അനുഗ്രഹീത മാതൃകയും പ്രാർത്ഥനയും നമുക്ക് അനുഗ്രഹത്തിനും മുമ്പോട്ടുളള വളർച്ചയ്ക്കും കാരണഭൂതമായിരിക്കട്ടെ. എളിമയും ലാളിത്യവും സ്നേഹ നിർഭരമായ പെരുമാറ്റവും കൊണ്ടും 87 വർഷത്തെ പൗരോഹിത്യജീവിതം കൊണ്ടും ധന്യനായിത്തീർന്ന തിരുമേനി എന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നതിൽ സംശയമില്ല.
