
പുത്തൻകുരിശ് ● ഛത്തീസ്ഗഡിൽ മത പരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകൾക്കു നേരെ നടന്ന അതിക്രമം ഭാരതത്തിൻ്റെ മതേതരത്വത്തിനേറ്റ മുറിവും മനുഷ്യാവകാശ നിഷേധവുമാണെന്ന് മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
മതേതരത്വത്തിനും മനുഷ്യാവകാശങ്ങള്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും ലോകത്തിന് മാതൃകയായ ഭാരതത്തെ സംബന്ധിച്ചിടത്തോളം ഛത്തീസ്ഗഡിൽ നടന്ന മനുഷ്യത്വരഹിതമായ സംഭവം അങ്ങേയറ്റം ആശങ്കയുളവാക്കുന്നതും ഇന്ത്യൻ ഭരണഘടന നൽകുന്ന മത സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയുമാണ്.
തങ്ങളുടെ വീടും ചാർച്ചക്കാരെയും ഉപേക്ഷിച്ച് ക്രിസ്തു സ്നേഹത്തിൽ അധിഷ്ഠിതമായി സമർപ്പണത്തോടെ സാധുജന സംരക്ഷണത്തിലും രോഗിപരിചരണത്തിലും സാമൂഹിക സേവനത്തിലും നിസ്വാർത്ഥതയോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സന്യസ്തരെ ദുരാരോപണങ്ങൾ ചുമത്തി അറസ്റ്റുചെയ്തത് തികച്ചും അപലപനീയവും ജനാധിപത്യ ഭാരതത്തിന് അപമാനകരവുമാണ്.
ഇതര സമൂഹങ്ങളോടൊപ്പം സാമൂഹിക നീതിക്കും സാമൂഹിക പരിവർത്തനത്തിനും രാഷ്ട്ര നിർമ്മിതിക്കും ക്രിസ്തീയ സമൂഹങ്ങൾ ചെയ്തിട്ടുള്ളതും, ചെയ്യുന്നതുമായ സേവനങ്ങളെ അവഗണിച്ചുകൊണ്ട് ഇപ്രകാരം ഛിദ്രശക്തികൾ നടത്തുന്നതായ പ്രവർത്തനങ്ങളെ ഭരണാധികാരികൾ നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും പ്രത്യേകിച്ച് വൈദികർക്കും സന്യാസിനികൾക്കുമെതിരെ നടക്കുന്ന പീഡനങ്ങളും അക്രമണങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളായിട്ട് കാണുവാൻ ക്രിസ്തീയ സഭകൾ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ, ഇത്തരം ആവർത്തിച്ചുള്ളതായ നിർഭാഗ്യകരമായ സംഭവങ്ങൾ ചില ഛിദ്രശക്തികളുടെ പ്രത്യേക അജണ്ടയുടെ ഭാഗമാണോയെന്നും ക്രിസ്തീയ സഭകളുടെ ദൗത്യനിർവഹണത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണോയെന്നുമുള്ള ആശങ്ക സഭയിലും സമൂഹത്തിലും വർദ്ധിച്ചു കൊണ്ടിരിക്കുന്നു.
തങ്ങൾ അക്രമിക്കപ്പെടുമ്പോൾ ക്രിസ്തീയ സഭകളും പുരോഹിതന്മാരും സന്യാസിനിമാരും അക്രമണത്തിൻ്റെ മാർഗ്ഗത്തിലൂടെ പ്രതികരിക്കാത്തത് അവരുടെ ബലഹീനതയായി ചിലർ കാണുന്നത് നിർഭാഗ്യകരവും നിരാശാജനകവുമാണ്. ബഹു. കേന്ദ്ര ഗവൺമെന്റ് അടിയന്തിരമായി ഈ പ്രശ്നത്തിൽ ഇടപെട്ട് കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ഭരണഘടന നിർവചിക്കുന്ന മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിച്ച് ക്രൈസ്തവ സമൂഹത്തിനു ആവശ്യമായ സുരക്ഷ ഉറപ്പാക്കുകയും അനീതിയ്ക്ക് ഇരയാകുന്ന കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്.
മതേതരത്വത്തിലും വികസനത്തിലും വൈവിധ്യങ്ങളിലും ലോകത്തിന് മാതൃകയായി നമ്മുടെ രാജ്യത്തെ മുന്നിലെത്തിക്കുവാൻ ഒരു വശത്തു കൂടെ ആദരണീയനായ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികൾ ശ്രമങ്ങൾ നടത്തുമ്പോൾ, മറുവശത്ത് ഇതുപോലെയുള്ള ഛിദ്രശക്തികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ലോകത്തിനു മുന്നിൽ ഭാരതത്തിൻ്റെ യശസ്സിന് കളങ്കം സംഭവിക്കുമെന്നും ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പ്രതികരിച്ചു.

