
പാലാ ● സീറോ മലബാർ സഭയുടെ ശബ്ദമായി നിലകൊള്ളുവാനും അതിലൂടെ സഭയെ ഒന്നായി മുഖ്യധാരയിലേക്ക് നയിക്കുവാനും പാലാ രൂപതയ്ക്ക് കഴിഞ്ഞുവെന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സമാപന പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
ആഗോള കത്തോലിക്ക സഭയുടെ ഭാഗമായി നിന്നു കൊണ്ട് മലബാർ സഭയുടെ പൈതൃകമായ മാർത്തോമാ ശ്ലീഹായുടെ പാരമ്പര്യങ്ങളും വിശ്വാസങ്ങളും പാലാ രൂപതയിലൂടെ പരിപാലിക്കപ്പെടുന്നത് ശ്രദ്ധേയമാണ്. സുറിയാനി പാരമ്പര്യങ്ങളുടെ വക്താക്കളായും പ്രേഷിതരായും പാലാ രൂപത നിലനിൽക്കുന്നു. രണ്ടാം വത്തിക്കാൻ സുന്നഹദോസിൻ്റെ പ്രധാന സന്ദേശമായ ‘ഉറവിടങ്ങളിലേക്കുള്ള മടക്കം’ എന്ന ആശയത്തെ അതിരറ്റ അഭിനിവേശത്തോടെ സ്വീകരിക്കുവാനും സ്വാംശീകരിക്കുവാനും പാലാ രൂപതയ്ക്ക് കഴിഞ്ഞുവെന്ന് ശ്രേഷ്ഠ ബാവ അഭിപ്രായപ്പെട്ടു.
വൈവിധ്യങ്ങളാണ് ആഗോള സഭയുടെ സൗന്ദര്യം. വൈവിധ്യങ്ങൾ പരസ്പര വിരുദ്ധങ്ങളാകാതെ, പരസ്പര പൂരകങ്ങളായി വർത്തിക്കപ്പെട്ട് ഓർത്തഡോക്സിയുടെ സത്തയെ ഹൃദയത്തിലേറ്റുവാനും പ്രവർത്തിപഥത്തിൽ കാണിച്ചു കൊടുക്കുവാനും പാലാ രൂപതയ്ക്ക് സാധിച്ചു.
ദൈവവിളികളെ ഹൃദയത്തിലേറ്റി അനേകം വൈദികർക്കും പിതാക്കന്മാർക്കും ജന്മം നൽകിയ നാടാണ് പാലായെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. പിതാക്കന്മാരിലൂടെ കൈമാറി തന്ന വിശ്വാസ പാരമ്പര്യങ്ങളും നന്മകളും നമ്മിലൂടെ രൂപപ്പെടുത്തുക എന്നുള്ളതാണ് ജൂബിലി നമുക്ക് തരുന്ന സന്ദേശം.
അനുരഞ്ജനത്തിലൂടെയും വിട്ടുകൊടുക്കലിലൂടെയും വിശുദ്ധിയിലേക്കുള്ള യാത്ര കാലഘട്ടത്തിൻ്റെ ആവശ്യമാണ്. നമ്മെ തന്നെ ദൈവത്തിനും സഭയ്ക്കും വിട്ടുകൊടുക്കാൻ എല്ലാവരും തയ്യാറാകണമെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.


