
തിരുവാങ്കുളം ● വിശുദ്ധന്മാരുടെ ജീവിത വഴികൾ സാംശീകരിച്ചുകൊണ്ട് ജീവിതത്തിൽ വിശുദ്ധിയും നന്മയും പ്രാപിക്കുവാനും മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം പരത്തുവാനും സാധിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. തിരുവാങ്കുളം ക്യംതാ സെമിനാരി സെൻ്റ് ജോർജ് കത്തീഡ്രലിൽ നടന്ന ശ്രാദ്ധപ്പെരുന്നാളിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
ക്രിസ്തുവിനെ അനുകരിക്കുവാനും മാതൃകയാക്കുവാനും ക്രിസ്തു കേന്ദ്രീകൃത ജീവിതം പിന്തുടരുവാനും പരാജയം സംഭവിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. വിശുദ്ധന്മാരുടെ ഓർമ്മപ്പെരുന്നാളുകളിലൂടെ അവരുടെ ജീവിത മാതൃക ഉൾക്കൊണ്ടു കൊണ്ട് ക്രിസ്തുവിൻ്റെ പാത പിൻപറ്റി മറ്റുള്ളവർക്ക് മാതൃകകളായി ജീവിക്കുവാൻ നമുക്ക് സാധിക്കണമെന്ന് ശ്രേഷ്ഠ ബാവ ഉദ്ബോധിപ്പിച്ചു.
മറ്റുള്ളവരുടെ വേദനയും ദുഃഖവും കണ്ണുനീരും നമ്മുടെതായി മാറുമ്പോഴാണ് യഥാർത്ഥ ക്രിസ്ത്യാനികളാകുന്നതെന്നും മറ്റുള്ളവരിൽ ദൈവത്തെ കാണുവാൻ സാധിക്കാതെ പരാജയപ്പെടുന്നവരായി നമ്മൾ മാറരുതെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി. പ്രാർത്ഥന കൊണ്ടും ജീവിത വിശുദ്ധി കൊണ്ടും കർമ്മനിരതകൊണ്ടും ജീവിതത്തെ നയിച്ച് സഭയ്ക്കും സമൂഹത്തിനും വേണ്ടി വാർദ്ധക്യത്തിലും ഫലം കായ്ച്ച പ്രധാനാചാര്യനായിരുന്നു പുണ്യശ്ലോകനായ തോമസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയെന്ന് ശ്രേഷ്ഠ ബാവ അനുസ്മരിച്ചു. താപസശ്രേഷ്ഠൻ വന്ദ്യ മൂക്കഞ്ചേരിൽ ഗീവർഗീസ് റമ്പാച്ചൻ്റെയും പുണ്യശ്ലോകനായ തോമസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെയും ജീവിത വഴികൾ ശ്രേഷ്ഠ ബാവ വിവരിച്ചു.
കൊച്ചി ഭദ്രാസന മുൻ മെത്രാപ്പോലീത്ത പുണ്യശ്ലോകനായ അഭിവന്ദ്യ ഡോ. തോമസ് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ രജത ജൂബിലി ശ്രാദ്ധപ്പെരുന്നാളും വന്ദ്യ മൂക്കഞ്ചേരിൽ ഗീവർഗീസ് റമ്പാച്ചൻ്റെ 127-ാം ശ്രാദ്ധവും സംയുക്തമായി കൊച്ചി ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായി ആചരിച്ചു.
ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മാത്യൂസ് മോർ അഫ്രേം, ഐസക് മോർ ഒസ്താത്തിയാസ് എന്നിവർ സഹ കാർമികത്വം വഹിച്ചു. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും സണ്ടേസ്കൂൾ, സ്കൂൾ – യൂണിവേഴ്സിറ്റി തലങ്ങളിൽ ഉന്നതവിജയം നേടിയ ഭദ്രാസനത്തിലെ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ശ്രാദ്ധ സദ്യയും നടന്നു.
ഭദ്രാസന സെക്രട്ടറി ഫാ. സാംസൺ മേലോത്ത്, ഭദ്രാസനത്തിലെ വൈദികർ, കൗൺസിൽ അംഗങ്ങൾ, അനേകം വിശ്വാസികൾ എന്നിവർ സംബന്ധിച്ചു.













