
പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ സഭയുടെ ഭാഗ്യ നക്ഷത്രവും ദൈവസന്നിധിയിൽ സഭയുടെ മാർഗ്ഗദർശിയുമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
സ്വർഗ്ഗീയ മഹത്വത്തിൽ പ്രവേശിക്കപ്പെട്ടതിന് ശേഷമുള്ള ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ആദ്യ ജന്മദിനത്തിൽ (265-ാം ഓർമ്മദിനം) നടന്ന വി. കുർബ്ബാനയ്ക്ക് ശേഷം അനുസ്മരണ സന്ദേശം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
ശ്രേഷ്ഠ കാതോലിക്ക ബാവായുടെ അനുസ്മരണ സന്ദേശത്തിൻ്റെ പൂർണ്ണ രൂപം :
പൗരോഹിത്യ ജീവിതത്തിൽ വളരെയധികം സ്വാധീനിച്ച ഇടയ ശ്രേഷ്ഠനായിരുന്നു ശ്രേഷ്ഠ ബാവ. ബാവ ഓർമ്മയായി എന്നുള്ളത് നമുക്ക് എന്നും മനസ്സിനൊരു നൊമ്പരമായി അവശേഷിക്കുന്നു. എന്നിരുന്നാലും ഒരു മനുഷ്യായുസ്സിൻ്റെ പരിധിക്കു ചെയ്യാവുന്നതിനപ്പുറമുള്ള കാര്യങ്ങൾ സഭയുടെ നന്മയ്ക്കും വളർച്ചയ്ക്കും അനുഗ്രഹത്തിനുമായി
ബാവാ തിരുമേനിയ്ക്കു ചെയ്യുവാൻ സാധിച്ചു. 96 വർഷത്തോളം ഈ ലോകത്തിൻ്റെ വിവിധ തലങ്ങളിൽ സഭയിലും സമൂഹത്തിലും ശുശ്രൂഷിക്കുവാനുള്ള മഹാഭാഗ്യം ദൈവം ബാവായ്ക്കു നൽകി. അനുഗ്രഹീത താലന്തുകൾ കൊണ്ട് സമ്പന്നമാക്കിയ ഭാഗ്യമുള്ള ഒരു ജീവിതമായിരുന്നു ശ്രേഷ്ഠ ബാവായുടെത്. തനിക്ക് കിട്ടിയതായ താലന്തുകളെ അതിൻ്റെ പൂർണ്ണതയിൽ വ്യാപാരം ചെയ്തു എന്നുള്ളതാണ് ബാവയെ മഹോന്നതനാക്കുന്നത്.
പരിമിതികൾ ധാരാളമുള്ള ഒരു ജീവിതം, അനാരോഗ്യവും കഷ്ടപ്പാടും, പ്രയാസവും, ദാരിദ്ര്യവുമൊക്കെ നിരന്തരം അലട്ടിയ ഒരു ബാല്യകാലം. അവിടെയെല്ലാം ബാവാ തിരുമേനിയുടെ സാക്ഷ്യപ്പെടുത്തലുകളിൽ തെളിഞ്ഞു നിൽക്കുന്നത് തൻ്റെ പ്രിയപ്പെട്ട തമ്പുരാനെ പെറ്റ അമ്മയും മഞ്ഞിനിക്കര ബാവയുമാണ്. പല സന്ദർഭങ്ങളിലും ബാവ നമുക്കിത് പറഞ്ഞു തന്നിട്ടുണ്ട്. ജീവിതത്തിൽ കഷ്ടപ്പാടിന്റെ വഴികളിലെ ഓട്ടം ദൈവം തൻ്റെ കരങ്ങളിലെടുത്ത് ബാവായെ ഉപയോഗിച്ചു എന്നുള്ളത് സഭയുടെ ഭാഗ്യമായിരുന്നു.
ശ്രേഷ്ഠ ബാവയുടെ സ്മരണ പരിശുദ്ധ സഭ എക്കാലത്തും ഓർക്കും എന്നുള്ളതിൻ്റെ ഒരു സാക്ഷ്യവും കൂടിയാണ് ബാവാ തിരുമേനിയുടെ അന്ത്യനാളുകളും ബാവാ തിരുമേനിയുടെ മരണാനന്തര ശുശ്രൂഷകളും. പെട്ടെന്ന് മൺമറഞ്ഞു പോകുന്ന അല്ലെങ്കിൽ നമ്മുടെ ഓർമ്മയിൽ നിന്നും വിട്ടു പോകുന്ന ഒന്നായിരുന്നില്ല അദ്ദേഹത്തിൻ്റെ ജീവിതവഴികൾ. അഞ്ച് പതിറ്റാണ്ട് കാലത്തെ ശുശ്രൂഷകൾ എന്നുള്ളത് ദൈർഘ്യമേറിയ ഒരു കാലമാണ്. അതെല്ലാം ആഘോഷമാക്കി തീർക്കുന്നതിൽ സഭാമക്കൾക്ക് എല്ലാ അർത്ഥത്തിലും ഭാഗ്യമുണ്ടായി എന്നുള്ളത് ശ്രദ്ധേയമായിരുന്നു. ശ്രേഷ്ഠ ബാവായുടെ ഓർമ്മകൾ ഇന്നും മായാതെ, ഒട്ടും മങ്ങാതെ നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു.
ഏറ്റവുമൊടുവിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സംബന്ധിച്ച ശ്രേഷ്ഠ ബാവായുടെ മഹാ പൗരോഹിത്യ സുവർണ്ണ ജൂബിലിയുടെ സമാപന സമ്മേളനമാണ് മനസ്സിൽ തെളിഞ്ഞു വരുന്നത്. ബാവാ തിരുമേനി ആസ്റ്റർ മെഡിസിറ്റിയിൽ രോഗബാധിത അവസ്ഥയിലുള്ള സമയം. മുഖ്യമന്ത്രി സംബന്ധിക്കുന്ന യോഗത്തിൽ ബാവ പങ്കെടുക്കണം എന്നുള്ളത് സഭയുടെ ഒരു നിർബന്ധവും സഭാ മക്കളുടെ ആഗ്രഹവുമായിരുന്നു. പരിശുദ്ധ പാത്രിയർക്കീസ് ബാവായും ചടങ്ങിൽ സന്നിഹിതനാണ്. ഡോക്ടേഴ്സ് അനുവദിക്കാത്തതിനാൽ അന്നത്തെ സാഹചര്യത്തിൽ ബാവായെ സ്റ്റേജിൽ എത്തിക്കുക എന്നുള്ളത് പ്രതികൂലമായിരുന്നു. അന്ന് ബാവായ്ക്കൊപ്പം ഉണ്ടായിരുന്ന സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ്റെ ഐക്യകണ്ഠേനയുള്ള ഉത്തരവാദിത്വത്തിൽ മാത്രമാണ് ബാവാ തിരുമേനിയെ സമ്മേളനത്തിലേക്കയച്ചത്. ദൈവത്തിൻ്റെ വലിയ തീരുമാനപ്രകാരം വിശ്വാസികളുടെ മനസ്സിൽ ഇടം നേടി കൊണ്ട് വളരെ അനുഗ്രഹകരമായി സമ്മേളനം നടന്നു.
ബാവാ തിരുമേനി ദൈവ നിയോഗമായിരുന്നു. ത്യാഗോജ്ജ്വലവും സംഭവ ബഹുലവും ആത്മീയതയുടെ മുഖമുദ്രയുമായ ശ്രേഷ്ഠ ബാവായുടെ ജീവിതം സഭാചരിത്രത്തിൻ്റെ ഭാഗമാണ്. സഭയ്ക്ക് വേണ്ടി ജീവിതം മുഴുവനും സമർപ്പിച്ച ഇടയശ്രേഷ്ഠൻ. ജീവിതത്തിൽ താൻ തനിക്കായി ഒന്നും തന്നെ സമ്പാദിച്ചിട്ടില്ല എന്നുള്ളത് അറിയാത്തവരാരും ഈ സഭയിലും നാട്ടിലും ഇന്നു ഉണ്ടോയെന്ന് വിശ്വസിക്കുന്നില്ല. അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ സാക്ഷ്യമായി ഉയർന്നു നിൽക്കുന്ന അനേകം മന്ദിരങ്ങളും ആസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങി പ്രത്യേകാൽ ബാവാ തിരുമേനി ആരംഭിച്ച കോൺവെൻ്റുകൾ സഭയുടെ ഒരു പുതു ചരിത്രത്തിൻ്റെ ഒരു വലിയ സാക്ഷ്യവും കൂടിയാണ്. ബാവായുടെ ദീർഘവീക്ഷണവും വിശ്വാസ തീക്ഷ്ണതയും സർവ്വോപരി പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള വിധേയത്വവും സഭയെ ബലപ്പെടുത്തി.
ഒരു സുവിശേഷകനായി ജീവിതം ആരംഭിച്ച ബാവാ തിരുമേനി സുവിശേഷത്തിൻ്റെ വിത്ത് തൻ്റെ ജീവിതത്തിൽ എല്ലാ നിലകളിലും സമൃദ്ധമായി വളക്കൂറുള്ള മണ്ണിൽ പാകുന്നതിൽ വിജയം വരിക്കുവാൻ സാധിച്ചു. പരിശുദ്ധ സഭ സുവിശേഷപരമായ മേഖലകളിലൂടെ മുന്നോട്ട് പോകുന്നതിനും സമൂഹത്തിൽ ഇടവകകൾ, സഭകൾ എങ്ങനെയാകണം എന്നുള്ളതിന്റെ നാന്ദി കുറിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെല്ലാം മുൻതൂക്കം കൊടുക്കുന്നതിനും തീരുമാനങ്ങൾ എടുപ്പിക്കുന്നതിനും ബാവ തിരുമേനിയുടെ യുക്തവും ശക്തവുമായ പ്രവർത്തനങ്ങൾ സഭയെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. ആതുരസേവന രംഗത്തുള്ള ബാവയുടെ പ്രവർത്തനങ്ങൾ എന്നും എല്ലാവരും പ്രശംസിക്കുന്ന ഒന്നു തന്നെയാണ്. എന്നാൽ തൻ്റെ സേവനങ്ങൾ, പ്രവർത്തനങ്ങൾ അത് പറഞ്ഞു നടക്കുന്നതിനോ, അതിന് പ്രസക്തി ഉണ്ടാകുന്നതിനോ, ഒരിക്കലും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. നമ്മളറിയാതെ, നമ്മളറിയാത്ത, നമ്മളെ അറിയിക്കാത്ത എത്രയോ ജീവിതങ്ങൾക്ക് ശ്രേഷ്ഠ ബാവ തിരുമേനി കൂടുതൽ അർത്ഥതലങ്ങൾ നൽകിയിട്ടുണ്ട് എന്നുള്ളതും ബാവായുടെ ജീവിതത്തിൽ നമ്മൾ അറിയാത്തതായ അനേകം കാര്യങ്ങൾ അപ്രകാരമുണ്ട്.
ബാവാ തിരുമേനിയുടെ ഒന്നാം ശ്രാദ്ധം ഏതാനും ദിവസങ്ങൾക്ക് അകലം മാത്രമേയുള്ളൂ. അതിൻ്റെ തയ്യാറെടുപ്പിലാണ് പരിശുദ്ധ സഭ പ്രാർത്ഥനാപൂർവ്വം മുന്നോട്ട് പോകുന്നത്.
ബാവ സഭയുടെ ഭാഗ്യ നക്ഷത്രമായി നിലകൊള്ളുമ്പോൾ നമുക്ക് ബാവായുടെ വലിയ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടുകൊണ്ട് പ്രാർത്ഥിക്കാം. സഭയുടെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടങ്ങളിൽ സഭയെ സുധീരമായി മുന്നിൽ നിന്ന് നയിച്ച ശ്രേഷ്ഠ ബാവാ തിരുമേനി തുടർന്നും അദ്ദേഹം ദൈവസന്നിധിയിൽ നമുക്ക് മാർഗ്ഗദർശിയായി നിന്നുകൊണ്ട്, നമുക്ക് മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മുന്നോട്ടുള്ള സഭയുടെ ഗമനം സുഗമമാക്കുവാൻ സ്വർഗ്ഗത്തിലെ ദൈവത്തിൻ്റെ സന്നിധിയിൽ നമുക്ക് വേണ്ടി പ്രാർത്ഥിക്കട്ടെ. ബാവായുടെ ആത്മാവിന് നിത്യ ശാന്തി നേർന്നുകൊണ്ട് നമുക്ക് എല്ലാവർക്കും പ്രാർത്ഥകളെ സമർപ്പിക്കാം. ബാവായുടെ ജന്മം കൊണ്ട് സഭയ്ക്കും സമൂഹത്തിനും ഉണ്ടായിട്ടുള്ള അതിശ്രേഷ്ഠമായ നേട്ടങ്ങൾ ഓർത്ത് നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താം.

