
പുത്തൻകുരിശ് ● കേരളത്തിൻ്റെ ആരാധ്യനായ മുൻ മുഖ്യമന്ത്രി ശ്രീ. വി.എസ് അച്യുതാനന്ദൻ്റെ ദേഹവിയോഗത്തിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
സമരതീക്ഷ്ണതയും ത്യാഗോജ്ജ്വലവുമായ ജീവിതവും കൊണ്ട് കേരള രാഷ്ട്രീയത്തിലെ അതികായകനും സമാനതകളില്ലാത്ത ഇതിഹാസവുമായി ശ്രീ. വി.എസ് മാറിയെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.
വേറിട്ട ശൈലി കൊണ്ട് മനുഷ്യൻ്റെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ജനഹൃദയങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടി. സാധാരണക്കാരൻ്റെ പ്രശ്നങ്ങളിലും പാരിസ്ഥിതിക വിഷയങ്ങളിലും നിരന്തരം ഇടപെട്ടിരുന്ന അദ്ദേഹം ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജനപക്ഷ നേതാവായിരുന്നു. കേരളത്തിൻ്റെ സമഗ്രമായ പുരോഗതിയിൽ തൻ്റേതായ കൈയ്യൊപ്പ് ചാർത്തിയ വി.എസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നുവെന്ന് ശ്രേഷ്ഠ ബാവ അനുസ്മരിച്ചു.
കേരള രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ശ്രീ. വി.എസ് അച്യുതാനന്ദൻ്റെ ദേഹവിയോഗം പൊതു സമൂഹത്തിന് തീരാ നഷ്ടമാണെന്നും വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് പരിശുദ്ധ സഭയുടെ അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നതായി ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത
(മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ
21/07/2025

