തിരുവാങ്കുളം ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് തിരുവാങ്കുളം ജോർജിയൻ അക്കാദമി സ്കൂളിൽ നടന്ന പൊതുസമ്മേളനത്തിൽ സ്വീകരണം നൽകി. സ്കൂൾ ലീഡേഴ്സ്, ഹൗസ് ലീഡേഴ്സ് എന്നിവർക്കും ചടങ്ങിൽ സ്ഥാനങ്ങൾ നൽകി.
വിദ്യാർത്ഥികൾ നല്ലകാര്യങ്ങളുടെയും നന്മയുടെയും സന്ദേശവാഹകരാകണമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. പുതിയ കാര്യങ്ങൾ അറിയാൻ കുട്ടികൾക്ക് എപ്പോഴും കൗതുകമുണ്ടായിരിക്കും. ഇത്തരത്തിൽ ലഭിക്കുന്ന പുതിയ അറിവുകൾ രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും പരിചിതർക്കും പകർന്നുകൊടുക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കണം. ഈയൊരു പ്രവണത സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയുടെ സൃഷ്ടിക്ക് വഴിവയ്ക്കും. നാളെയുടെ നന്മയുള്ള വക്താക്കളായി വിദ്യാർത്ഥികൾ മാറണം.
സ്ഥാനങ്ങൾ അലങ്കാരങ്ങളല്ലെന്നും മറിച്ച്, മാതൃകയാകാനും പ്രവർത്തിക്കുവാനുമുള്ള മേഖലകളാക്കി സ്ഥാനമാനങ്ങളെ മാറ്റണമെന്നും, വിജയങ്ങൾ കൂടുതൽ ഉയർച്ചകളിലേക്കുള്ള ചവിട്ടുപടികളാണെന്നും ശ്രേഷ്ഠ ബാവ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. ലഹരിയടക്കമുള്ള തിന്മകളെ ജീവിതത്തിൽ നിന്നൊഴിവാക്കി മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളരുവാൻ വിദ്യാർത്ഥികൾക്കു കഴിയണമെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. സ്കൂൾ മാനേജർ കൂടിയായ ശ്രേഷ്ഠ ബാവായ്ക്ക് സ്നേഹാദരമായി വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബാ കുര്യാക്കോസ്, അഡ്മിനിസ്ട്രേറ്റർ ഫാ. ജോഷി ചിറ്റേത്ത്, പി.ആർ.ഒ ഫാ. റിജോ കൊമരിക്കൽ, പി.ടി.എ പ്രസിഡൻ്റ് എം.പി. ജോർജ് എന്നിവർ പങ്കെടുത്തു.







