കൂത്താട്ടുകുളം ● സഭാ വിശ്വാസികൾ സുറിയാനി സഭയുടെ സമ്പന്നമായ പാരമ്പര്യവും ശ്രേഷ്ഠതയും തനിമയും നിലനിർത്തിക്കൊണ്ടുതന്നെ മുന്നോട്ട് പോകണമെന്നും വി. കുർബ്ബാന അനുഭവിച്ച് ആത്മാവിൽ രൂപാന്തരം പ്രാപിക്കുവാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. തോട്ടുപുറം മംഗലത്തുതാഴം മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വി. കുർബ്ബാനയ്ക്കു ശേഷം നടന്ന സ്വീകരണ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങളുടെ സഭക്കുള്ളിലേക്കുള്ള കടന്നു കയറ്റം സഭ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സുവിശേഷ, ധ്യാന പ്രസംഗങ്ങളുടെ പശ്ചാത്തലത്തിൽ മറുഭാഷ എന്ന പേരിൽ എന്തെങ്കിലും വിളിച്ചു പറയുന്നത് തെറ്റായ പ്രവണതയാണ്. സുറിയാനി സഭയുടെ പാരമ്പര്യത്തിൽ നിന്നും വ്യതിചലിച്ചു ചെയ്യുന്ന പ്രവർത്തികൾ ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കുകയില്ലായെന്ന് ശ്രേഷ്ഠ ബാവ വ്യക്തമാക്കി. സഭയുടെ എല്ലാം ധ്യാന കേന്ദ്രങ്ങളും വിലയേറിയതാണ്. എന്നാൽ സുറിയാനി സഭയുടെ പാരമ്പര്യങ്ങളുടെ മഹത്വം അറിഞ്ഞു പ്രവർത്തിക്കണമെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
മറ്റുള്ളവരുടെ പാദം കഴുകുവാൻ നമുക്ക് സാധിക്കണമെങ്കിൽ മറ്റുള്ളവരിലെ നന്മയും ദൈവഭാവവും നമ്മുക്ക് ബോധ്യപ്പെടണം. വിനയപ്പെടാൻ സാധിച്ചെങ്കിൽ മാത്രമേ മറ്റുള്ളവരെ അംഗീകരിക്കുവാനും സ്വീകരിക്കുവാനും ആദരിക്കുവാനും ചേർത്തുനിർത്തുവാനും സാധിക്കുകയുള്ളൂ. പാർശ്വവൽക്കരിക്കപ്പെട്ടവരെയും സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെയും ചേർത്തുനിർത്തുന്ന ഇടവകയുടെ പ്രവർത്തനങ്ങൾ ഉത്തമ മാതൃകയാണെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.
പ്രത്യാശ കൈവിട്ടാൽ നാം ക്രിസ്ത്യാനികളാകില്ലെന്ന് കർത്താവിന്റെ കുരിശിന്റെ വഴി പഠിപ്പിക്കുന്നു.
സഹനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് വീണ്ടെടുപ്പിന്റെയും സ്വാതന്ത്ര്യത്തിന്റെയും അനുഭവം നേടി രക്ഷാ പദ്ധതിയിലേക്ക് ചേർന്നുനിൽക്കാൻ സാധിക്കുന്നത്. കഷ്ടപ്പാടുകളും ദുരിതങ്ങളും ജീവിതത്തെ രൂപാന്തരപ്പെടുത്താൻ സഹായിക്കുന്നു. മറ്റുള്ളവരുടെ വേദനയും ഇല്ലായ്മകളും കുറവുകളും സ്വന്തമായി കാണാനുള്ള മനസ്സ് ഒരു ക്രിസ്ത്യാനിക്ക് അത്യാവശ്യമാണെന്നും സഭകളിൽ സമാധാനമുണ്ടാകണമെന്നും ശ്രേഷ്ഠ ബാവ ഉദ്ബോധിപ്പിച്ചു.
സഭയിലെ അനേകം പള്ളികൾ നഷ്ടപ്പെട്ടപ്പോൾ ടാർപോളിൻ വലിച്ചു കെട്ടി തെരുവോരങ്ങളിൽ വി. കുർബ്ബാന അർപ്പിച്ച് സത്യ വിശ്വാസം സംരക്ഷിച്ച സഭയാണ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ. സത്യവിശ്വാസം സംരക്ഷിച്ചു പിതാക്കന്മാർ കൈമാറുന്ന പൈതൃകത്തിലൂടെ മുമ്പോട്ട് യാത്ര തുടരുമെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ വ്യക്തമാക്കി.
വിശുദ്ധ കുർബ്ബാനയ്ക്കായി എഴുന്നുള്ളി വന്ന ശ്രേഷ്ഠ ബാവായ്ക്ക് ഇടവകയുടെ നേതൃത്വത്തിൽ സ്നേഹോജ്ജ്വലമായ സ്വീകരണം നൽകി. വി. കുർബ്ബാനയ്ക്കു ശേഷം നിർധനനായ ഒരു വ്യക്തിക്ക് പള്ളിവക സ്ഥലത്ത് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനം രണ്ടിന്റെ അടിസ്ഥാനശില ശ്രേഷ്ഠ ബാവ കൂദാശ ചെയ്തു.
വികാരി ഫാ. ബേബി മാനാത്ത് അധ്യക്ഷനായി. തോമസ് കുപ്പമല കോറെപ്പിസ്കോപ്പ, ഫാ. തോമസ് കാക്കൂർ, ഫാ. പോൾ തോമസ് പീച്ചിയിൽ, ഫാ. ജെയിംസ് ചാലപ്പുറം, ഫാ. മനു ജോർജ് കോക്കാട്ട്, ഫാ. ജോമോൻ പൈലി കൊച്ചുവീട്ടിൽ, ഫാ. റോയ് കൊളങ്ങത്ത്, ഫാ. ബോബി തറയാനിൽ, അഡ്വ. ബോബൻ വർഗീസ്, സണ്ണി സ്കറിയ അരഞ്ഞാണിയിൽ, ജോബി തോമസ് കൊച്ചുകുന്നേൽ, ദീപക് റോയ് നരിവേലിൽപുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു.



















