കിഴക്കമ്പലം ● സമൂഹത്തിലെ കാഴ്ചകൾക്കപ്പുറത്തെ ജീവിതത്തെ നോക്കിക്കാണുവാനും മാനസികവും ശാരീരികവുമായി പ്രയാസപ്പെടുന്നവർക്ക് സ്വാന്തന സ്പർശമാകുവാനും ക്രൈസ്തവ ജീവിതം കൊണ്ട് സാധിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
മലയിടംതുരുത്ത് പ്രത്യാശഭവൻ്റെ (ആകാശപ്പറവ) പുതുതായി നിർമിച്ച മൂന്നുനില മന്ദിരത്തിൻ്റെ കൂദാശയെ തുടർന്നുള്ള പൊതുസമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
മറ്റുള്ളവരുടെ സങ്കടങ്ങളും അവശതകളും സ്വന്തമായി കാണാനുള്ള മനസ്സ് നമുക്കുണ്ടാകുമ്പോൾ അനേകർക്കത് സാന്ത്വനമായും സഹായമായും മാറ്റപ്പെടും. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് താങ്ങും തണലുമാകുവാൻ നമ്മുടെ ജീവിതത്തിലൂടെ സാധിക്കണം. ജീവിതത്തിൽ നമുക്ക് എന്തു ലഭിച്ചു എന്നതല്ല, മറിച്ച് സമൂഹത്തിന് വേണ്ടി നാം എന്ത് ചെയ്തു എന്നതാണ് പ്രാധാന്യമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. ദൈവം നമുക്ക് തന്നിട്ടുള്ള സൗഭാഗ്യങ്ങളും താലന്തുകളും പങ്കുവയ്ക്കുവാനുള്ളതാണ്. സ്വാർത്ഥമായ ചിന്താഗതികൾ ഉപേക്ഷിച്ച്, സ്വന്തം ജീവിതത്തിലും കുടുംബത്തിലും മാത്രം ഒതുങ്ങിനിൽക്കാതെ വിശാലമായ കാഴ്ചപ്പാടോടെ സമൂഹത്തിൽ ജീവിക്കണം. അതിർവരമ്പുകൾ കെട്ടി ഒറ്റപ്പെട്ട തുരുത്തിനുള്ളിൽ ജീവിക്കേണ്ടവരല്ല നമ്മളെന്നും ക്രിസ്തു സുവിശേഷം ആഹാന്വം ചെയ്യുന്നതുപോലെ മതിൽക്കെട്ടിനപ്പുറത്തേക്കുള്ള ജീവിതം കാണാൻ ശ്രമിക്കണമെന്നും ശ്രേഷ്ഠ ബാവ ഉദ്ബോധിപ്പിച്ചു.
സഭാതലത്തിലും ഭദ്രാസന തലങ്ങളിലും കഴിഞ്ഞ വർഷങ്ങളിലേതു പോലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി എല്ലാ ഇടവകകളിൽ നിന്നും നിശ്ചിത ശതമാനം മാറ്റിവെക്കുന്നത് പ്രാധാന്യത്തോടെ തുടരണമെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
പ്രത്യാശഭവൻ പുതുതായി നിർമ്മിച്ച മൂന്നുനില മന്ദിരത്തിൻ്റെ ഉദ്ഘാടനം ശ്രേഷ്ഠ കാതോലിക്ക ബാവ നിർവഹിച്ചു. ഇതോടൊപ്പം സ്ഥാപിച്ച ലിഫ്റ്റിൻ്റെ സമർപ്പണവും നടന്നു. പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മാത്യുസ് മോർ അഫ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, പ്രത്യാശഭവൻ ഡയറക്ടർ ഡീക്കൻ വർഗീസ്കുട്ടി പുറമഠം, പ്രോഗ്രാം കൺവീനർ ഫാ. ഷാജി വർഗീസ് പാറക്കാടൻ, സെക്രട്ടറി റോമി സ്ലീബ കീരിക്കാട്ടിൽ, ഡോ. ജോർജ് സ്ലീബ, എം.കെ. അനിൽ കുമാർ, ഏലിയാസ് കാരിപ്ര, എ.ആർ. സൂരജ്, ഫാ. ജോർജ് ഐസക് ചുണ്ടക്കാടൻ, ഹുസൈൻ സാദി എന്നിവർ പ്രസംഗിച്ചു.
സർക്കാർ നിബന്ധനകൾ കൃത്യമായി പാലിച്ച് തെരുവിൽ അലയുന്നവർക്ക് അഭയകേന്ദ്രമായി 30 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് മലയിടം തുരുത്ത് പ്രത്യാശഭവൻ. വിവിധ കമ്പനികൾ നൽകിയ സഹായത്താലാണ് കേന്ദ്രത്തിൽ പുതിയമന്ദിരം നിർമ്മിക്കാനായതെന്ന് ഡയറക്ടർ ഡീക്കൺ വർഗീസ്കുട്ടി പറഞ്ഞു.






