കോലഞ്ചേരി ● പ്രതിസന്ധികളുടെയും പരാജയങ്ങളുടെയും കഷ്ടപ്പാടുകളുടെയും മദ്ധ്യത്തിലും പ്രത്യാശ ഉള്ളവരായിരിക്കുവാൻ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു.
കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളിൽ (മിഥുനം 19) വി. കുർബ്ബാനയർപ്പിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ.
എന്തെല്ലാം ഉപേക്ഷിക്കേണ്ടി വന്നാലും സത്യവിശ്വാസത്തിൽ നിന്നും ജീവനുള്ള കാലത്തോളം വ്യതിചലിക്കരുത്. പരിശുദ്ധ ശ്ലീഹന്മാരും പുണ്യപ്പെട്ട പിതാക്കന്മാരും അനുഷ്ഠിച്ച ത്യാഗങ്ങൾ എത്ര വലുതാണെന്ന് ഓർക്കണമെന്നും ശ്രേഷ്ഠ ബാവ ചൂണ്ടിക്കാട്ടി.
വി. കുർബ്ബാനയ്ക്കായി എഴുന്നുള്ളി വന്ന ശ്രേഷ്ഠ ബാവായ്ക്ക് പ്രൗഢ ഗംഭീരമായ സ്വീകരണമാണ് ഇടവക നൽകിയത്.
ഫാ. പൗലോസ് പുതിയാമഠത്തിൽ, ഫാ. എൽദോസ് തോട്ടപ്പിള്ളിൽ എന്നിവർ വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് സഹ കാർമികത്വം വഹിച്ചു. തുടർന്ന് എസ്.എസ്.എൽ.സി., പ്ലസ്ടു അവാർഡ് ദാനവും വൃക്ഷത്തൈ വിതരണവും നടന്നു.
പെരുന്നാൾ പ്രദക്ഷിണത്തിന് രാജു കൊളാപ്പുറത്ത് കോറെപ്പിസ്കോപ്പ, വികാരിമാരായ ഫാ. ഏലിയാസ് കാപ്പുംകുഴി, ഫാ. സന്തോഷ് വർഗീസ്, ഫാ. വർഗീസ് കളപ്പുരക്കൽ, ഫാ. ഷിബിൻ പോൾ, ഫാ. ജോബിൻസ് ഇലഞ്ഞിമറ്റത്തിൽ, ഫാ. ബേബി മാനാത്ത്, ഫാ. ബൈജു ഇലഞ്ഞിക്കാട്ട്, ഫാ. റെജി വെട്ടിക്കാട്ടിൽ, ഫാ. ജോൺ കുളങ്ങാട്ടിൽ, ഫാ. പൗലോസ് ഞാറ്റുംകാല, ഫാ. ഡോ. ഏലിയാസ് മാരിയിൽ, ഫാ. ബിബി മോളയിൽ, ഫാ. കുര്യൻ തൊഴുപ്പാടൻ എന്നിവർ നേതൃത്വം നൽകി. നിർമ്മാണത്തിലിരിക്കുന്ന പുതിയ പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് ശ്രേഷ്ഠ കാതോലിക്ക ബാവ മടങ്ങിയത്.


