യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ അഭിവന്ദ്യ എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത ശതാഭിഷേക നിറവിൽ. 84-ാം ജന്മദിനമായ ജൂലൈ 12 ശനിയാഴ്ച ലളിതമായ ചടങ്ങുകളോടെ ആഘോഷിക്കും. നെടുമ്പാശ്ശേരി ഗാർഡിയൻ ഏഞ്ചൽ പീസ് മിഷൻ സെന്ററിൽ വിശുദ്ധ ബലിയർപ്പിച്ച് അന്തേ വാസികളുമൊത്ത് പ്രഭാതഭക്ഷണം കഴിച്ചാണ് ആഘോഷം.
1941 ജൂലൈ 12 നാണ് ജനനം. 1965ൽ വൈദികനായി. 1982ൽ മെത്രാഭിഷേകം. തുടർന്ന് 40 വർഷത്തിലേറെ അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്തയായും തുടർന്നു മേഖല മെത്രാപ്പൊലീത്തയായും ചുമതല നിർവഹിച്ചു. ഭദ്രാസനച്ചുമതല ഒഴിഞ്ഞതോടെ ഈ വർഷം വലിയ മെത്രാപ്പോലീത്തയായി പരിശുദ്ധ പാത്രിയർക്കീസ് ബാവ നിയോഗിച്ചു.
മെത്രാന്റെ ചുമതല സഭാ ഭരണം മാത്രമല്ലെന്നു തിരിച്ചറിഞ്ഞ അദ്ദേഹം പട്ടമേറ്റ 1982 ൽ തന്നെ ഗാർഡിയൻ എയ്ഞ്ചൽ: കെയർ ചാരിറ്റബിൾ സൊസൈറ്റിക്കു രൂപം നൽകി. ഒട്ടേറെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
1985 ൽ ഐരാപുരത്ത് ഗാർഡിയൻ എയ്ഞ്ചൽ റിട്ടയർമെന്റ് ഹോം, 1986 ൽ കോതമംഗലത്ത് യൽദോ മാർ ബസേലിയോസ് ഓർഫനേജ്, 1991ൽ വെങ്ങോലയിൽ ബെത് സെയ്ദാ വൃദ്ധ മന്ദിരം, 1993 ൽ ബെത് സെയ്ദാ മെന്റൽ ഹെൽത്ത് കെയർ ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ, 1996 ൽ വെങ്ങോലയിൽ ബെത് സെയ്ദാ പബ്ലിക് 2005ൽ ഐരാപുരത്ത് ബെത് സെയ്ദാ ജൂനിയർ സ്കൂൾ 2007 ൽ ഹമാര ഓഡിറ്റോറിയം, 2018 ൽ നെടുമ്പാശേരിയിൽ ഗാർഡിയൻ എയ്ഞ്ചൽ പീസ് മിഷൻ സെന്റർ, 2022 ൽ പീസ് മിഷൻ സെന്ററിന്റെ വിപുലീകരണം തുടങ്ങിയ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മോർ സേവേറിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി.
കഴിഞ്ഞ വർഷം ഇല്ലിത്തോട് വനമേഖലയ്ക്കു സമീപം മലമുകളിൽ ഹെർമിറ്റ്സ് എന്ന പേരിൽ ധ്യാനത്തിനും ഏകാന്തവാസത്തിനുമുള്ള സ്ഥാപനവും പൂർത്തിയാക്കിയിട്ടുണ്ട്.
അഭിവന്ദ്യ എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്തായ്ക്ക് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാർത്ഥനാശംസകൾ.
