
കോതമംഗലം ● ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് ക്യാമ്പസുകളിൽ സമാധാന അന്തരീക്ഷം അത്യന്താപേക്ഷിതമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജിൻ്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
വിദ്യാര്‍ത്ഥി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായിരിക്കണം ക്യാമ്പസുകളില്‍ പ്രഥമ പരിഗണന ലഭിക്കേണ്ടത്. ക്യാമ്പസ് രാഷ്ട്രീയം, റാഗിംഗ് എന്നിവയുടെ നിരോധനവും ലഹരിമുക്ത ക്യാമ്പസുകളും കാലഘട്ടത്തിൻ്റെ ആവശ്യമാണ്. വിദ്യാർത്ഥികൾ പ്രാർത്ഥനാ ശീലമുള്ളവരായി വളരണമെന്നും നാളെയുടെ നന്മയുള്ള വക്താക്കളാകണമെന്നും ശ്രേഷ്ഠ ബാവ ഉദ്ബോധിപ്പിച്ചു.
പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കാലഘട്ടം സഭയുടെ സുവർണ്ണ കാലഘട്ടമായിരുന്നുവെന്ന് ശ്രേഷ്ഠ ബാവ ഓർമ്മപ്പെടുത്തി.
ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെൻ്റൽ കോളേജിൽ ചെയർമാൻ കൂടിയായ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്നേഹോഷ്മള സ്വീകരണമാണ് ഒരുക്കിയത്. കോളേജ് ചാപ്പലിലെ പ്രാർഥനയ്ക്കുശേഷം പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നാമധേയത്തിൽ നിർമിച്ച ഇവന്റ് സെന്ററിന്റെ ഉദ്ഘാടനവും നവീകരിച്ച കോളേജിൻ്റെ കൂദാശയും ശ്രേഷ്ഠ കാതോലിക്ക ബാവ നിർവഹിച്ചു.
തുടർന്ന് സ്വീകരണ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. മലങ്കര സുറിയാനി കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതാധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തിയോഡോഷ്യസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി.
പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത, ഹൈറേഞ്ച് മേഖലാധിപൻ അഭിവന്ദ്യ ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത, ഡീൻ കുര്യാക്കോസ് എം.പി, ആൻ്റണി ജോൺ എം.എൽ.എ, കോളേജ് ഡയറക്ടർ കമാണ്ടർ തമ്പു ജോർജ് തുകലൻ, ട്രസ്റ്റ് സെക്രട്ടറി കമാണ്ടർ ടി.യു. കുരുവിള, വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, പ്രിൻസിപ്പൽ ഡോ. ജെയിൻ മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ. ടീനാ ജേക്കബ്, എം.എ. കോളേജ് അസ്സോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. ദാനി, പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് ജെസി സാജു തുടങ്ങിയവർ പ്രസംഗിച്ചു. സഭാ സമിതിയംഗങ്ങൾ അടക്കം നൂറുക്കണക്കിനാളുകൾ പങ്കെടുത്തു.





