
പുത്തൻകുരിശ് ● പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അനുശോചനം രേഖപ്പെടുത്തി.
‘അപ്രേം’ എന്ന വാക്കിന്റെ അർത്ഥം ഫലം പുറപ്പെടുവിക്കുന്നവൻ എന്നാണ്. അരനൂറ്റാണ്ടിലേറെക്കാലം ഫലവത്തായ ശുശ്രൂഷ നിർവ്വഹിച്ച് സഭയ്ക്കും സമൂഹത്തിനും ഉത്തമമായ ഫലം പുറപ്പെടുവിച്ച ഇടയശ്രേഷ്ഠനാണ് അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുസ്മരിച്ചു.
നർമ്മബോധത്തോടെ സഹജീവി സ്നേഹത്തിലധിഷ്ഠിതമായ ആധ്യാത്മിക ശുശ്രൂഷയായിരുന്നു അദ്ദേഹത്തിൻ്റെ മുഖമുദ്ര. സാമൂഹ്യ, സാംസ്കാരിക, സാഹിത്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു കൊണ്ട് മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം അദ്ദേഹം ജീവിതത്തിൽ ഉയർത്തിക്കാട്ടി. സുറിയാനി ഭാഷാ സ്നേഹിയായ അദ്ദേഹം യാക്കോബായ സുറിയാനി സഭയുമായി ആഴമേറിയ ബന്ധം എക്കാലത്തും കാത്തു സൂക്ഷിച്ചു.
അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന കൽദായ സുറിയാനി സഭയോടും സഭാ നേതൃത്വത്തോടും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാർത്ഥനയും അനുശോചനവും അറിയിക്കുന്നുവെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.

