
ബാംഗ്ലൂർ ● ക്രിസ്തീയ ജീവിതം നന്മയിലേക്കും നല്ല മനുഷ്യനിലേക്കും നയിക്കപ്പെടണമെന്നും ജൂബിലിയാഘോഷവും കൂടിവരവുകളും ഹൃദയത്തിൽ നന്മയും കാരുണ്യവും ശക്തിപ്പെടുത്തണമെന്നും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ക്വീൻസ് റോഡ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ദൈവാലയ സ്ഥാപനത്തിൻ്റെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേഷ്ഠ ബാവ.
കരുണ, കരുതൽ, കാവൽ ഇവ മൂന്നും ക്രിസ്തീയ സമൂഹത്തിൻ്റെ മുഖമുദ്രയായിരിക്കണം. ക്രിസ്തീയ ജീവിതത്തിന് പുതിയ മാനങ്ങളും അർത്ഥതലങ്ങളും സഭയിൽ ശാശ്വതമായ സമാധാനവും ഉണ്ടാകണം. സഭയുടെ പാരമ്പര്യങ്ങൾക്കും വിശ്വാസ ആചാരങ്ങൾക്കും വിരുദ്ധമായിട്ടുള്ള പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കുവാൻ കഴിയുകയില്ലെന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
ബാംഗ്ലൂർ, മൈലാപ്പൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. വികാരി വന്ദ്യ കൗമാ റമ്പാൻ, മാർത്തോമ സഭ വികാരി ജനറലും ഇസിസി ഡയറക്ടറുമായ ഫാ. ഡോ. ശ്യാം പി. തോമസ്, കത്തോലിക്ക സഭയുടെ ഫാ. ഡോ. ജോർജ്ജ് കണ്ണന്താനം, സഹവികാരി ഫാ. പോൾ ബെന്നി എന്നിവർ സംസാരിച്ചു. തുടർന്ന് ശ്രേഷ്ഠ ബാവായ്ക്ക് ഉപഹാരം സമർപ്പണവും ആദരിക്കൽ ചടങ്ങും നടന്നു.
ലഹരിയ്ക്കെതിരെ സെൻ്റ് മേരിസ് പ്ലബിക് സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സെൻ്റ് മേരീസ് സ്നേഹാലയ ഓപ്പർച്യുണിറ്റി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ശ്രേഷ്ഠ ബാവായ്ക്ക് സ്നേഹാദരവ് സമർപ്പിച്ചു. ബാംഗ്ലൂർ ഭദ്രാസനത്തിലെ എല്ലാ വൈദികരും അനേകം വിശ്വാസികളും സംബന്ധിച്ചു.
ദൈവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവായ്ക്ക് വാദ്യമേള അകമ്പടിയോടും വിവിധ പരിപാടികളോടും കൂടി പ്രൗഢഗംഭീരമായ സ്വീകരണമാണ് ഇടവക നൽകിയത്. തുടർന്ന് ശ്രേഷ്ഠ ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ സഹകാർമികത്വത്തിലും വി. മൂന്നിന്മേൽ കുർബ്ബാന നടന്നു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ബാംഗ്ലൂർ ഭദ്രാസനത്തിലെ ആദ്യ ദൈവാലയവും ശ്രേഷ്ഠ കാതോലിക്ക ബാവ വൈദികനായിരുന്ന കാലഘട്ടത്തിൽ വികാരിയായി സേവനം അനുഷ്ഠിക്കുകയും പുതിയ ദൈവാലയ നിർമ്മാണത്തിന് നേതൃത്വം വഹിച്ചു പൂർത്തീകരിക്കുകയും ചെയ്ത ഭാരതത്തിലെ ഏക ദൈവാലയവുമാണ് ബാംഗ്ലൂർ ക്വീൻസ് റോഡ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രൽ എന്ന സവിശേഷതയും ഇതിനുണ്ട്.





















