
കർത്താവിന്റെ അരുമശിഷ്യനും, ഭാരതത്തിന്റെ അപ്പോസ്തോലനും നമ്മുടെ കാവൽ പിതാവുമായ മോർ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാൾ ജൂലൈ 3 നു പരിശുദ്ധ സഭ ഭക്ത്യാദരവോടെ ആചരിക്കുന്നു. രക്തസാക്ഷിയായ മോർ തോമാശ്ലീഹയുടെ തിരുശരീരം മൈലാപ്പൂരിൽ നിന്ന് ഉറഹായിലേക്ക് എ.ഡി 394 ൽ കൊണ്ട് പോയതിന്റെ 1631 വാർഷികവും വിശുദ്ധന്റെ 1952 മത് ഓർമ്മപ്പെരുന്നാളും ആണ് ഈ സുദിനത്തിൽ കൊണ്ടാടുന്നത്. മൂസലിലെ മാർത്തോമാ ശ്ലീഹായുടെ പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ അസ്ഥി 2013 മുതൽ മോർ മത്തായിയുടെ ദയറായിൽ ആണ്.
നമ്മുടെ കർത്താവും ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ സന്ദേശവുമായി ഭാരതത്തിലെത്തിയ മോർ തോമാശ്ലീഹ നിരവധിപേർക്ക് ക്രിസ്തു മാർഗ്ഗം കാട്ടിക്കൊടുത്തു. തീഷ്ണമായ ഭക്തിയുടെയും, ഗുരുസ്നേഹത്തിന്റെയും പ്രതീകമാണ് മോർ തോമാശ്ലീഹ. തച്ചുശാസ്ത്ര വിദഗ്ധനായിരുന്ന മോർ തോമാ ‘ദിദിമോസ്’ എന്ന പേരിലും അറിയപ്പെട്ടിരുന്നു. എ.ഡി 52 ൽ മോർ തോമാശ്ലീഹായുടെ സുവിശേഷ പ്രചാരണത്തിലൂടെയാണ് സുറിയാനി ക്രൈസ്തവ സഭകള്‍ രൂപം കൊണ്ടതെന്നു വിശ്വസിക്കപ്പെടുന്നു.
യേശുവിന്റെ ധീരനായ അനുഗാമിയും, തന്നോടൊപ്പം സത്യത്തിന്റെയും ജീവന്റെയും വഴി തെരഞ്ഞെടുക്കാന്‍ ഏവരെയും പ്രേരിപ്പിക്കുന്ന വിശ്വസ്ത ക്രിസ്തു ശിഷ്യനുമായിരുന്നു മോർ തോമാശ്ലീഹ. തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് “എന്റെ കര്‍ത്താവും എന്റെ ദൈവവുമേ” (വി. യോഹന്നാൻ 20:28) എന്ന് ഉദ്ഘോഷിച്ച വിശുദ്ധ മോർ തോമാശ്ലീഹായുടെ പ്രാർത്ഥനകളിലും മദ്ധ്യസ്ഥതകളിലും അഭയപ്പെടാം. നീതിമാന്റെ ഓര്‍മ്മ വാഴ്വിന്നായി തീരട്ടെ.

