
ചെമ്പ് ● കണ്ടനാട് ഭദ്രാസനത്തിലെ ചെമ്പ് സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാളും, ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണവും, അനുമോദനവും ജൂലൈ 1, 2, 3 (ചൊവ്വ, ബുധൻ, വ്യാഴം) തീയതികളിൽ നടക്കും.
ജൂലൈ 1 ചൊവ്വാഴ്ച്ച രാവിലെ 7:30 ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് പള്ളിയിലേക്ക് സ്വീകരണം നൽകും. തുടർന്ന് 7:45 ന് പ്രഭാത പ്രാർത്ഥന, 8.30 ന് ശ്രേഷ്ഠ ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന എന്നിവ നടക്കും. 9:45 ന് പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ശ്രേഷ്ഠ ബാവ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനം കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷതയിൽ ഫ്രാൻസീസ് ജോർജ്ജ് എം.പി. ഉദ്ഘാടനം നിർവ്വഹിക്കും. രാഷ്ട്രീയ, സാംസ്ക്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും.
ജൂലൈ 2 ബുധനാഴ്ച വൈകിട്ട് 6:30 ന് സന്ധ്യാപ്രാർത്ഥന, 7:30 ന് വചന സന്ദേശം, 8 ന് പ്രദക്ഷിണം, തുടർന്ന് ആശിർവാദം, ഇടവകയിലെ മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്യത്തിൽ ഫുഡ് ഫെസ്റ്റ് എന്നിവ നടക്കും. പ്രധാനപ്പെരുന്നാൾ ദിനമായ ജൂലൈ 3 വ്യാഴാഴ്ച രാവിലെ 8 ന് നടക്കുന്ന വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. തുടർന്ന് നടക്കുന്ന അനുഗ്രഹ പ്രഭാഷണം, പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ, കൊടിയിറക്കം എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
വികാരി ഫാ. ജോയി ആനക്കുഴി, ട്രസ്റ്റി കുര്യാക്കോസ് പാലത്തിങ്കൽ, സെക്രട്ടറി ഇ.എം. സാബു ഇടമ്മിറ്റംതുടങ്ങിയവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.
