
തിരുവല്ല ● ലഹരി എന്ന സാമൂഹ്യ തിന്മയ്ക്കെതിരെ വിദ്യാർത്ഥികളും, മാതാപിതാക്കളും ജാഗരൂകരായിരിക്കണമെന്ന് നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്ത പറഞ്ഞു. ജീവിതത്തിലെ ഓരോ നിമിഷത്തിനും ഒരു ദൈവിക ലക്ഷ്യമുണ്ട്. ലഹരി ഈ വിലയേറിയ ജീവിതത്തെ തകർക്കുന്നു.
ദൈവം നൽകിയ ജീവിതത്തെ ആഘാതപ്പെടുത്തുന്ന ഏത് പ്രവൃത്തിയും ആത്മഹത്യയ്ക്ക് സദൃശമാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
നിരണം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ‘ഉണർവ്വ്’ എന്ന പേരിൽ നടത്തിയ ലഹരി വിരുദ്ധ സെമിനാർ മഴുവങ്ങാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.
തിരുവല്ല എക്സൈസ് റെയ്ഞ്ച് ഓഫീസർ ഷിജു വി. ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. റോജൻ പി. രാജൻ, ഇടവക വികാരി വന്ദ്യ ജോയിക്കുട്ടി വർഗീസ് കോറെപ്പിസ്ക്കോപ്പ, ഫാ. അരുൺ ബോസ് എന്നിവർ സംസാരിച്ചു. ഫാ. മത്ഥ്യാസ് കാവുങ്കൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് റാലിയും ഫ്ലാഷ് മോബും നടന്നു.



