
പോണ്ടിച്ചേരി ● സാമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരിയ്ക്കെതിരായ പോരാട്ടം സുവിശേഷ ദൗത്യമായി കണ്ടു ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വൈദികർ സജീവ പങ്കാളികളാവണമെന്ന് മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.
പോണ്ടിച്ചേരി സെൻ്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്ന മൈലാപ്പൂർ ഭദ്രാസനത്തിൻ്റെ വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത.
ലഹരിയ്ക്കെതിരായ അവബോധം ഏറെ പ്രാധാന്യമര്ഹിക്കുന്ന കാലഘട്ടമാണിത്.
ഇടവകകളിൽ ലഹരിയ്ക്ക് അടിമപ്പെടുന്ന കുട്ടികളെയും യുവാക്കളെയും ചേർത്തു പിടിച്ച് തിരികെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങൾ വൈദികരും ആത്മീയ സംഘടനകളും സ്വീകരിക്കണമെന്നും അതു സുവിശേഷമാണെന്നും മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. എബി പോൾ, ഭദ്രാസന വൈദിക സെക്രട്ടറി ഫാ. സുബിൻ വർഗീസ്, ഫാ. വർഗീസ് കടുംകീരിൽ, ഫാ. സിബി പോൾ കായനാട്, അൽമായ സെക്രട്ടറി രാജു എം. ഈപ്പൻ, ഓഡിറ്റർ ഷിലു ജോൺ, കൗൺസിൽ അംഗം ജീൻ കെ. ജോൺ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. മൈലാപ്പൂർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധയിടങ്ങളിൽ പുതിയ കോൺഗ്രിഗേഷനുകൾ ആരംഭിക്കും. നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ഭദ്രാസനം സ്വീകരണവും അനുമോദനവും നൽകും.
ഭദ്രാസനത്തിൻ്റെ ആവഡി ലാസർ ഗാർഡൻ റിട്ടെയർമെൻ്റ് ഹോമിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കും. രണ്ട് ദിവസങ്ങളിലായി പ്രീ-മാരിറ്റൽ കൗൺസലിങ് കോഴ്സ് റിട്ടെയർമെൻ്റ് ഹോമിൽ ആരംഭിക്കും. ആദ്ധ്യാത്മിക പ്രസ്ഥാനങ്ങൾക്ക് പുതിയ വൈദികരെ ചുമതലപ്പെടുത്തി. മികച്ച ഭദ്രാസനമായി തിരഞ്ഞെടുത്ത മർത്തമറിയം വനിതാ സമാജത്തിൻ്റെ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു.
ഭദ്രാസനത്തിലെ എല്ലാ വൈദികരും വിവിധ ദൈവാലയങ്ങളിലെ പ്രതിനിധികളും വാർഷിക യോഗത്തിൽ പങ്കെടുത്തു.





