
താമരശ്ശേരി (കോഴിക്കോട്) ● ജീവിതത്തിൻ്റെ ലക്ഷ്യത്തെ തിരിച്ചറിയുന്ന പ്രവർത്തനങ്ങളായിരിക്കണം യഥാർത്ഥ ലഹരിയെന്നും, അതിനായി രാസ ലഹരികളോടും, മയക്കുമരുന്നുകളോടും മനുഷ്യൻ വിട പറയണമെന്ന് കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കോഴിക്കോട് ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ താമരശ്ശേരിയിൽ നടന്ന ലോക ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.
രാസലഹരിക്കെതിരായ പോരാട്ടത്തിന് യോഗം ഐക്യദാർഡ്യം പ്രഖ്യാപിച്ചു. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബേസിൽ തൊണ്ടലിൽ അദ്ധ്യക്ഷനായിരുന്നു. ഫാ. സ്കറിയ ഇന്തലാംകുഴിയിൽ മുഖ്യസന്ദേശം നൽകി. ഫാ. സ്കറിയ കൊരയംമാക്കിൽ, ഫാ. ജിൻസ് കാരിക്കുളത്തിൽ, സഭാ വർക്കിങ് കമ്മറ്റി അംഗം ബേബി ജേക്കബ് പീടിയേക്കൽ, സഭാ മാനേജിങ് കമ്മറ്റി അംഗങ്ങളായ കെ.എം പൗലോസ്, സന്തോഷ് മാളിയേലിൽ, വനിതാ സമാജം ഭദ്രാസന സെക്രട്ടറി ടെസി തോമസ്, ജോയിൻ്റ് സെക്രട്ടറി ഷോജി കുര്യാക്കോസ്, കേന്ദ്രകമ്മറ്റി അംഗം കുഞ്ഞേലം ജോൺ, താമരശ്ശേരി മേഖലാ സെക്രട്ടറി ഷിജി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.


