
കോട്ടയം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാൽ ഡീക്കൻ ജോൺസ് കോട്ടയിലിനെ കശ്ശീശ പദവിയിലേക്ക് ഉയർത്തുന്നു. കോട്ടയം സെൻ്റ് ജോസഫ്സ് കത്തീഡ്രലിൽ ജൂൺ 30 തിങ്കൾ വി. ശ്ലീഹന്മാരുടെ പെരുന്നാൾ ദിവസം ശുശ്രൂഷകൾ നടക്കും. രാവിലെ 6:30 ന് പ്രഭാത നമസ്കാരവും 7:00 മണിക്ക് വി. കുർബ്ബാനയും തുടർന്ന് പട്ടം കൊട ശുശ്രൂഷയും ക്രമീകരിച്ചിരിക്കുന്നു.
മലങ്കരയുടെ വാനമ്പാടി എന്നറിയപ്പെട്ടിരുന്ന ദിവംഗതനായ കോട്ടയിൽ ചെറിയാൻ മല്പാനച്ചൻ്റെയും അനു ചെറിയാൻ്റെയും പുത്രനാണ് ഡീക്കൻ ജോൺസ് കോട്ടയിൽ. നാലുന്നാക്കൽ പടിഞ്ഞാറേവീട്ടിൽ നിജി മറിയം ജേക്കബ്ബ് ആണ് സഹധർമ്മിണി. മുളന്തുരുത്തി എം.എസ്.ഒ.റ്റി. വൈദിക സെമിനാരിയിൽ നിന്ന് ഒന്നാം റാങ്കോടെ വേദശാസ്ത്രത്തിലും മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദം നേടി. സംഗീതത്തിൽ ഉപരി പഠനങ്ങൾ നടത്തിയ ശെമ്മാശൻ സെറാംപൂർ സർവ്വകലാശാലയിൽ നിന്ന് വർഷിപ്പ് ആൻ്റ് മ്യൂസിക്കിലും കൊച്ചി ക്രോസ് റോഡ്സ് സ്കൂൾ ഓഫ് മ്യൂസിക്കിൻ നിന്ന് ഗ്ലോബൽ മ്യൂസിക്ക് പ്രൊഡക്ഷനിലും ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്.
പട്ടംകൊട ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
