
തിരുവാങ്കുളം ● സാമൂഹ്യ വിപത്തായി മാറി കൊണ്ടിരിക്കുന്ന ലഹരി ഭീകരതയ്ക്കെതിരെയാണ് യുദ്ധം വേണ്ടതെന്നും ലഹരി വിപത്തിനെതിരെ പോരാടണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു. തിരുവാങ്കുളം ജോർജിയൻ അക്കാദമി ഹൈസ്കൂളിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്ത് മുഖ്യ സന്ദേശം നൽകുകയായിരുന്നു ശ്രേഷ്ഠ ബാവ.
നമ്മെ തളർത്തുന്നതാവരുത്, നമ്മെ വളർത്തുന്നതെന്തോ അതാവണം നമ്മുടെ ലഹരി. കലാ-കായിക വിനോദങ്ങളിലൂടെയും നല്ല വിദ്യാഭ്യാസത്തിലൂടെയും ജീവിതത്തിൽ ലഹരി കണ്ടെത്തുവാനും ജീവിതത്തെ നശിപ്പിക്കുന്ന ലഹരി വസ്തുക്കളോട് ഉപേക്ഷ പറയുവാനും വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. വിദ്യാർത്ഥികൾ ലഹരിയെ എതിർത്തും പരസ്പരം സഹായിച്ചും ആരോഗ്യത്തോടെ സമൂഹത്തെ വളർത്തണമെന്ന് ശ്രേഷ്ഠ ബാവ ഉദ്ബോധിപ്പിച്ചു.
തൃപ്പൂണിത്തുറ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജഹാൻ എച്ച്., സിവിൽ എക്സൈസ് ഓഫീസർ സജിൻ ബാബു എന്നിവർ പ്രസംഗിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജോഷി ചിറ്റേത്ത്, പ്രിൻസിപ്പൽ ഷീബ കുര്യക്കോസ്, പി.ആർ.ഓ ഫാ. റിജോ കൊമരിക്കൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും, ലഹരിക്കെതിരെ തെരുവ് നാടകവും വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
പരി. സഭയുടെ കീഴിലുള്ള സ്കൂളുകളിലും വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്, ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ നടന്നു. ജൂൺ 29 ഞായറാഴ്ച സഭയുടെ എല്ലാ പള്ളികളിലും വി. കുർബ്ബാനയ്ക്കു ശേഷം ലഹരി വിമുക്ത സമൂഹത്തിനായി പ്രത്യേക പ്രാർഥന നടത്തും. വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലികൾ, സെമിനാറുകൾ, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.










