
തൃപ്പൂണിത്തുറ ● എരൂരിലെ സ്പെഷൽ സ്കൂളായ ജെയ്നി സെന്ററിലെ വിദ്യാർഥികൾക്കൊപ്പം ചേർന്നും അവരെ ചേർത്തു പിടിച്ചും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ. ഇന്നലെ രാവിലെ സ്കൂളിൽ എത്തിയ ശ്രേഷ്ഠ ബാവ ഉച്ചയോടെയാണ് മടങ്ങിയത്. ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കു വിദ്യാഭ്യാസം നൽകുന്ന സ്കൂളിൻ്റെ പ്രസിഡന്റും ശ്രേഷ്ഠ ബാവായാണ്. ബാവ ആയതിനു ശേഷം ആദ്യമായിട്ടാണ് സ്കൂളിൽ എത്തുന്നത്.
സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും തയ്യൽ യൂണിറ്റിലും ബാവാ എത്തി. വിദ്യാർഥികളെ ചേർത്തു നിർത്തിയും അവർക്കൊപ്പം പാട്ട് പാടിയും അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും ശ്രേഷ്ഠ ബാവ അവർക്കൊപ്പം കൂടുകയായിരുന്നു. എല്ലാ വിദ്യാർഥികൾക്കും ആശീർവാദം നൽകിയ ശേഷമാണ് ബാവ മടങ്ങിയത്. സ്കൂൾ പ്രിൻസിപ്പൽ സിയ ജോർജ്, വൈസ് പ്രസിഡന്റ് റോസമ്മ വർഗീസ്, ട്രസ്റ്റി ഫാ. ജോഷി ചിറ്റേത്ത്, പിആർഒ ഫാ. ബേസിൽ ഏബ്രഹാം തുടങ്ങിയവർ ചേർന്നാണ് ബാവായെ സ്വീകരിച്ചത്. സ്കൂളിന്റെ ന്യൂസ് ലെറ്റർ പ്രസിദ്ധീകരിക്കാൻ നേതൃത്വം നൽകിയ ഡീക്കൻ ഏലിയാസ് സിറിയക്, ബേബിച്ചൻ പുൽപ്ര എന്നിവർക്കുള്ള സ്കൂളിന്റെ സ്നേഹോപഹാരം ശ്രേഷ്ഠ ബാവ നൽകി.
















