
കൂത്താട്ടുകുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കൂത്താട്ടുകുളം മേഖലയിലെ വിശ്വാസികളും പൗരാവലിയും ചേർത്ത് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് കൂത്താട്ടുകുളത്ത് സ്വീകരണം നൽകും.
നാളെ (ജൂൺ 15 ഞായർ) വൈകിട്ട് 5 ന് കൂത്താട്ടുകുളം കെ.ടി. ജേക്കബ് മെമ്മോറിയൽ ടൗൺഹാളിലാണ് സ്വീകരണ സമ്മേളനം. വടകര സെൻ്റ് ജോൺസ് യാക്കോബായ പള്ളിയിൽ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവായെ വികാരി ഫാ. പോൾ തോമസ് പീച്ചിയിലിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കൂത്താട്ടുകുളം സ്വകാര്യ ബസ് സ്റ്റാൻ്റിനു മുൻപിൽ എത്തിയ ശേഷം കുത്താട്ടുകുളം മേഖലയിലെ പള്ളികളിൽ നിന്നുള്ള വിശ്വാസികളും പൊതു സമൂഹവും ചേർന്ന് സ്വീകരിച്ച് ഘോഷയാത്രയായി ടൗൺഹാളിൽ എത്തിച്ചേരും. തുടർന്ന് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണവും പൊതുസമ്മേളനം നടത്തും.
സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പാലാ രൂപത ബിഷപ്പ് ഡോ. ജോസഫ് കല്ലറങ്ങാട് അനുഗ്രഹ പ്രഭാഷണം നടത്തും. ശേഷ്ഠ ബാവായ്ക്ക് കൂത്താട്ടുകുളം മേഖലയുടെ പ്രത്യേക ഉപഹാരം സമർപ്പിക്കും. വിവിധ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ശ്രേഷ്ഠ ബാവ ആദരിക്കും.
ജോസ് കെ. മാണി എം.പി, ഫ്രാൻസിസ് ജോർജ് എം.പി, അനൂപ് ജേക്കബ് എം.എൽ.എ., മാത്യു കുഴൽനാടൻ എം.എൽ.എ., നഗരസഭ ചെയർപഴ്സൺ വിജയ ശിവൻ, എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാം ദാസ്, എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി സത്യൻ ചേരിയ്ക്കവാഴയിൽ, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, അഡ്വ. പീറ്റർ കെ. ഏലിയാസ് എന്നിവർ പ്രസംഗിക്കും. തുടർന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ വിശ്വാസികളെ അഭിസംബോധന ചെയ്യും.
സംഘാടക സമിതി ഭാരവാഹികളായ ചെയർമാൻ ഫാ. പോൾ തോമസ് പീച്ചിയിൽ, ജനറൽ കൺവീനർ കെ.എ. തോമസ്, കൺവീനർമാരായ അഡ്വ. പീറ്റർ കെ. ഏലിയാസ്, സാജു കെ. പോൾ, സെക്രട്ടറി അഡ്വ. ബോബൻ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകും.
സ്വീകരണവും സമ്മേളനവും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
