
പുത്തൻകുരിശ് ● അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായ മലയാളി നേഴ്സ് രഞ്ജിത ജി. നായരുടെ ഭവനം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവ സന്ദർശിച്ചു.
രാജ്യത്തെ നടുക്കിയ വിമാനദുരന്തം ഹൃദയത്തിനേറ്റ തീരാനോവാണ്. രാജ്യത്തിനൊപ്പം നിൽക്കേണ്ട സമയമാണിത്. ഹൃദയഭേദകമായ ദുരന്തം മൂലം അനേകരുടെ ജീവിത സ്വപ്നങ്ങളാണ് തകർന്നു വീണത്. കുടുംബത്തിനുണ്ടായ നഷ്ടം നികത്താനാവുന്നതല്ലെന്നും സഭയുടെ പ്രാർത്ഥനയും പിന്തുണയും കുടുംബത്തിനൊപ്പമുണ്ടെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
ഭവനത്തിൽ പ്രാർത്ഥന നടത്തിയ ശ്രേഷ്ഠ ബാവ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഇത്തരം ദുരന്തങ്ങൾ ഇനിയും ഉണ്ടാകാതിരിക്കട്ടെയെന്നും സഭ രഞ്ജിതയുടെ കുടുംബത്തെ ചേർത്ത് പിടിക്കുന്നുവെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.







