
കോട്ടയം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ. പൗരോഹിത്യ പദവിയിലേക്കുള്ള ആദ്യപടിയായ ശെമ്മാശപ്പട്ടമേറ്റതിന്റെ അറുപത്തിയൊന്നു വർഷവും വൈദിക പദവിയിലെത്തിയതിന്റെ അമ്പത് വർഷവും ആഘോഷിക്കുന്ന മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത മഹാപൗരോഹിത്യ പദവിയിൽ 34 വർഷങ്ങളും പൂർത്തീകരിച്ചു.
ബാഹ്യകേരള ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി 1991 ജനുവരി 3 നു മോർ തീമോത്തിയോസ് തോമസ് വാഴിക്കപ്പെട്ടു. ഗൾഫ് മേഖല കൂടി ഉൾപ്പെട്ട ഈ ഭദ്രാസനത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. 1992 ൽ ഭദ്രാസനത്തിന്റെ പൂർണ ചുമതല ലഭിച്ചു. ഗ്രേറ്റർ ഇന്ത്യ ആർച്ച് ഡയോസിസ് എന്ന നിലയിൽ ഭദ്രാസനത്തിന്റെ സർവതോന്മുഖ വളർച്ചയ്ക്കു നേതൃത്വം നൽകി. ഇന്ന് ഇന്ത്യയ്ക്കകത്തു ഡൽഹി, മുംബൈ, ബാംഗ്ലൂർ, മൈലാപ്പൂർ എന്നിങ്ങനെ നാലായി വിഭജിക്കപ്പെട്ട ഭദ്രാസനങ്ങൾ അദ്ദേഹത്തിന്റെ കൂടി ശുശ്രൂഷാ ഫലമായാണ് വളർന്നു വികസിച്ചത്. 1999 മുതൽ കോട്ടയം ഭദ്രാസന ത്തിന്റെ അമരക്കാരനാണ്.
കോട്ടയം അരീപ്പറമ്പ് സെൻ്റ് മേരീസ് ഇടവകയിൽ മുറിയാങ്കൽ കുടുംബത്തിൽ പരേതരായ കുര്യൻ-അന്നമ്മ ദമ്പതികളുടെ എട്ടാമത്തെ പുത്രനാണ്. 15-ാം വയസിൽ 1964 ഫെബ്രുവരി 24-നു പൗലോസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്തയിൽ (പിന്നീട് ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ) നിന്നും കോറൂയോ പട്ടം സ്വീകരിച്ചു.
1975 ജനുവരി ആറിനു പെരുമ്പള്ളി തിരുമേനിയിൽനിന്നു യൗഫ്ദിയഖിനോ പട്ടവും പൗലോസ് മോർ ഫിലക്സിനോസിൽനിന്ന് 1975 മേയ് 21 ന് വൈദികപ്പട്ടവും സ്വീകരിച്ചു. 1990 ഡിസംബറിൽ യാക്കുബ് മോർ യൂലിയോസ് റമ്പാൻ സ്ഥാനം നൽകി.
1991 ജനുവരി മൂന്നിനു മെത്രാപ്പോലീത്താ സ്ഥാനം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയിൽനിന്നു സ്വീകരിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവ നാഹീറോ എന്ന ബഹുമതി നൽകി ആദരിച്ചു.
മഹാരാഷ്ട്രയിലെ ലാത്തുരിൽ ഭൂകമ്പമുണ്ടായപ്പോൾ അദ്ദേഹം ഗ്രാമവാസികളുടെ ഉന്നമനത്തിനായി ഗ്രാംജ്യോതി സെന്റർ ആരംഭിച്ചു. ബോംബെയിൽ ഭദ്രാസന ആസ്ഥാനം ഉണ്ടാക്കുകയും നിർധനരും നിരാലംബരുമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട പെൺകുട്ടികൾക്കായി നെസ്റ്റ് ഇന്ത്യാ ഫൗണ്ടേഷൻ സ്ഥാപിക്കുകയും ചെയ്തു. ലുധിയാനയിൽ ഉന്നത നിലവാരമുള്ള സ്കൂളും ബംഗളൂരുവിലെ അനഗൽപുരയിൽ മിഷൻ സെന്ററും സ്കൂളും വെല്ലൂർ മെഡിക്കൽ കോളജിനു സമീപം ഗൈഡൻസ് സെന്ററും സ്ഥാപിച്ചു. ഇടുക്കി മേഖലയുടെ വികസനത്തിനു സാമൂഹിക പ്രതിബദ്ധതയോടെ ഹോളി ക്രോസ് കോളേജ് ആരംഭിച്ചു.
ബാഹ്യകേരള ഭദ്രാസനത്തിനു പുറമെ കൊല്ലം, നിരണം, തുമ്പമൺ ഭദ്രാസനങ്ങളുടെ ചുമതലയും വഹിച്ചിരുന്നു. ഡബ്ല്യു.സി.സി. എൻ.സി.സി, ബൈബിൾ സൊസൈറ്റി എന്നീ പ്രസ്ഥാനങ്ങളുടെ സാരഥ്യവും വഹിച്ചിട്ടുണ്ട്.
