പുണ്യശ്ലോകനായ “താനോനോ” ഡോ.യൂഹാനോൻ മോർ പീലക്സിനോസ്‌ വലിയ മെത്രാപ്പോലീത്തായുടെ 9-ാമത് ശ്രാദ്ധപ്പെരുന്നാൾ

മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ മലങ്കര മെത്രാപ്പോലീത്തൻ ട്രസ്റ്റിയും മലബാർ ഭദ്രാസനത്തിന്റെയും, മലബാർ മേഖലാ സിംഹാസന പള്ളികളുടെയും മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ഡോ. യൂഹാനോൻ മോർ പീലക്സിനോസ്‌ വലിയ മെത്രാപ്പോലീത്തായുടെ 9-ാമത് ശ്രാദ്ധപ്പെരുന്നാൾ ഡിസംബർ 30 ന് പരിശുദ്ധ സുറിയാനി സഭ കൊണ്ടാടുന്നു.

പരിശുദ്ധ സഭയുടെ മലങ്കര മെത്രാപ്പോലീത്തൻ ട്രസ്റ്റി, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി, എം.എസ്.ഒ.ടി വൈദിക സെമിനാരി പ്രസിഡന്റ്, അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റ്, സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യയുടെ രക്ഷാധികാരി, വടക്കൻ മേഖലാ തീർത്ഥയാത്ര സംഘം രക്ഷാധികാരി തുടങ്ങി നിരവധി സുപ്രധാനാ സഭാ ചുമതലകൾ നിർവഹിച്ച പുണ്യ പിതാവിന്റെ സഭാ സേവനം നിസ്‌തുല്യമാണ്. പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ നിർമ്മാണത്തിൽ ശ്രേഷ്‌ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കൂടെ പുണ്യശ്ലോകനായ പിതാവ്‌ നിർണായക നേതൃത്വം വഹിച്ചു.

പാമ്പാടിയിലെ ഇലപ്പനാൽ കുടുംബത്തിൽ 1941 ഡിസംബർ 5-ന് ജോൺ ജേക്കബ് പേരിൽ അദ്ദേഹം ജനിച്ചു. 1964 ഫെബ്രുവരി 26 ന്, 23-ാം വയസ്സിൽ അന്നത്തെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ പൗലോസ് മോർ പീലക്സിനോസ്‌ (പിന്നീടു ശ്രേഷ്‌ഠ കാതോലിക്ക മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവാ) ഇപ്പോഴത്തെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ്‌ തിരുമേനിയോടൊപ്പം അദ്ദേഹത്തെ അരീപ്പറമ്പ് സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ചു ശെമ്മാശനാക്കി. 1969 മെയ് 30 ന് മോർ ബസ്സേലിയോസ് ഔഗേൻ പ്രഥമൻ ബാവാ അദ്ദേഹത്തിന് വൈദിക പട്ടം നൽകി.

ജോൺ ജേക്കബിന്റെ പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്കൂൾ വിദ്യാഭ്യാസവും പാമ്പാടിയിലായിരുന്നു. പിന്നീട് കോട്ടയം ബസേലിയോസ് കോളേജിൽ നിന്ന്‌ സാമ്പത്തിക ശാസ്ത്രത്തിൽ “B.A”, തിരുപ്പതി ശ്രീ. വെങ്കിടേശ്വര സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ “M.A”., കോട്ടയത്തെ ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരിയിൽ നിന്നു അടിസ്ഥാന വൈദിക പരിശീലനം എന്നിവ ലഭിച്ചു. സുറിയാനി സഭയുടെ അമേരിക്കൻ ആർച്ച് ബിഷപ്പ് മോർ അത്താനാസിയോസ് യേശു സാമുവൽ തിരുമേനി അദ്ദേഹത്തെ ഉന്നത പഠനത്തിനായി അമേരിക്കലേക്ക് ക്ഷണിച്ചു. ന്യൂയോർക്ക് തിയോളജിക്കൽ സെമിനാരിയിൽ നിന്നും “S.T.M” ബിരുദം നേടി. തുടർന്ന് അദ്ദേഹം ന്യൂയോർക്ക് സിറ്റിയിലെ ലോഗോസ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് തിയോളജിയിൽ നിന്ന് “Th.D (ഡോക്ടറേറ്റ്) ബിരുദവും നേടി, ഫ്ലോറിഡയിലെ ഒർലാൻഡോ ഇന്റർനാഷണൽ സെമിനാരിയിൽ നിന്നും “D.D” യും (ഡോക്ടറേറ്റ്) കരസ്ഥമാക്കി.

മലങ്കര യാക്കോബായ സുറിയാനി സഭയിൽ രണ്ട് ഡോക്ടറേറ്റുകളുള്ള ഏക മെത്രാപ്പോലീത്ത ആയിരുന്നു അഭിവന്ദ്യ പിതാവ്. ന്യൂയോർക്കിൽ നിന്നു “ക്ലിനിക്കൽ പാസ്റ്ററൽ” വിദ്യാഭ്യാസവും അദ്ദേഹം പൂർത്തിയാക്കി. മെത്രാപ്പോലീത്ത ആയതിനു ശേഷവും അദ്ദേഹം തന്റെ പഠനം തുടരുകയും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയിൽ ചേരുകയും അവിടെ നിന്നു “ഹിന്ദി ഭൂഷൺ” , “ഹിന്ദി പ്രവീൺ” തുടങ്ങിയ ബിരുദങ്ങൾ കരസ്ഥമാക്കുകയും ചെയ്‌തു.

നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽ അദ്ദേഹം ചെയ്‌തിട്ടുള്ള ശുശ്രൂഷകൾ ഏറെ ശ്രേഷ്‌ഠമാണ്. അമേരിക്കയിൽ പഠിക്കുമ്പോൾ സ്റ്റാറ്റൻ ഐലൻഡ്, മാൻഹട്ടൻ, ഫിലാഡൽഫിയ, ചിക്കാഗോ, ഡാളസ്, ഹൂസ്റ്റൺ, അഗസ്റ്റ എന്നിവിടങ്ങളിലെ നിരവധി യാക്കോബായ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. അമേരിക്കയിൽ മലങ്കര ഇടവകകൾ രൂപീകരിക്കുന്നതിനു സ്തുത്യർഹമായ സേവനമാണ് അദ്ദേഹം നടത്തിയത്.

1985 ജനുവരി 17 ന് മലബാർ ഭദ്രാസനാധിപൻ പുണ്യശ്ലോകനായ സാമുവൽ മോർ പീലക്സിനോസ് തിരുമേനി കാലം ചെയ്തപ്പോൾ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസും, മലബാർ ഭദ്രാസന പള്ളി പുരുഷയോഗവും വന്ദ്യ ജോൺ ജേക്കബ് അച്ചനെ ഭദ്രാസനത്തിന്റെ പുതിയ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. 1985 സെപ്തംബർ 12 ന് ശ്രേഷ്ഠ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് കത്തീഡ്രലിൽ വെച്ചു “യൂഹാനോൻ മോർ പീലക്സിനോസ്” എന്ന നാമത്തിൽ അദ്ദേഹത്തെ മലബാറിന്റെ പുതിയ മെത്രാപ്പോലീത്തയായി വാഴിച്ചു.

മലബാർ ഭദ്രാസനത്തിന്റെ ചരിത്രം അഭിവന്ദ്യ ഡോ. യൂഹാനോൻ മോർ പീലക്സിനോസ് തിരുമേനിയുമായി ഏറെ ബന്ധമുള്ളതാണ്. അദ്ദേഹം മലബാറിന്റെ ചുമതല ഏറ്റെടുക്കുമ്പോൾ ഭദ്രാസനം ഒന്നുമില്ലാത്ത അവസ്ഥയിൽ ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം അവിടുത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഭദ്രാസനത്തിൽ ഉടനീളം നിരവധി പുതിയ പള്ളികൾ നിർമ്മിക്കുകയും ചെയ്തു. അവയിൽ പലതും കോഴിക്കോട്, മലപ്പുറം ജില്ലകളിലും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുമാണ് നിർമ്മിച്ചിരിക്കുന്നത്.

എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഭദ്രാസന ആസ്ഥാന മന്ദിരം, മോർ ഏലിയാസ് സ്നേഹഭവൻ, മോർ പീലക്സിനോസ് മെമ്മോറിയൽ പ്രസ്സ്, മോർ ഗ്രിഗോറിയോസ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ്, സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, മോർ ഇഗ്നാത്തിയോസ് അരമന ചാപ്പൽ, മോർ ബേസിൽ ഡേ കെയർ, മോർ പീലക്സിനോസ് ഫൗണ്ടേഷൻ, കോൺവെന്റുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളും വസ്തുവകകളും അദ്ദേഹം ഭദ്രാസനത്തിനായി സമ്പാദിച്ചു. ആദ്യമായി സഭയിൽ വൈദികർക്ക് പൂളിങ് സിസ്റ്റം തുടങ്ങിയത് അദ്ദേഹമാണ്. മലബാറിലെ എഡ്യൂക്കേഷണൽ ട്രസ്റ്റും അദ്ദേഹത്തിന്റെ ശ്രമഫലമായിയാണ് ഇന്നു കാണുന്ന നിലയിൽ എത്തിയത്. ത്യാഗപൂർണ്ണമായ അധ്വാനത്തിലൂടെ മലബാർ ഭദ്രാസനത്തെ മലങ്കര സഭയിലെ ഏറ്റവും മികച്ച ഭദ്രാസനമായി ആ പിതാവ് മാറ്റിയെടുത്തു. മലബാറിലെ പള്ളികൾ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്ന് ഒരു നാളും നഷ്ടപ്പെടാതിരിക്കാൻ സ്ഥാപിച്ച പള്ളികൾ എല്ലാം തന്നെ സിംഹാസന പള്ളികളായിട്ടാണ് അദ്ദേഹം സ്ഥാപിച്ചത്.

ബഹുമാനപെട്ട സുപ്രീം കോടതി വരെ പ്രശംസിച്ച “മലബാർ-മോഡൽ” സഭാ സമാധാന രീതിയുടെ സൃഷ്ടാവ് എന്നത് അദ്ദേഹത്തിന്റെ വിശിഷ്ടമായ സഭാ സേവനത്തിന്റെ ഉത്തമ ഉദാഹരണമാണ്. മലബാറിലെ കക്ഷി വഴക്കുകൾ ഒരു മേശക്കു ചുറ്റുമിരുന്നു പറഞ്ഞു തീർക്കുവാൻ അദ്ദേഹം നിസ്വാർഥ പരിശ്രമങ്ങൾ നടത്തി മലബാർ ഭദ്രാസനത്തെ വ്യവഹാര രഹിത ഭദ്രാസനമാക്കി. ഭദ്രാസനത്തിന്റെ സമഗ്രമായ വികസനത്തിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. 2008-ൽ മലബാർ ഭദ്രാസനത്തെ വിഭജിച്ച് കോഴിക്കോട് ഭദ്രാസനത്തിന് അഭിവന്ദ്യ പിതാവ് രൂപം നൽകി.

പരിശുദ്ധ സഭയെ സത്യവിശ്വാസത്തിൽ നിലനിർത്തുവാൻ അഭിവന്ദ്യ പിതാവ് നടത്തിയ പരിശ്രമങ്ങൾ ഏറെയാണ് വലുതാണ്. സഭാ പ്രതിസന്ധിയുടെ നാളുകളിൽ അദ്ദേഹം എല്ലായിടത്തും ശ്രേഷ്‌ഠ ബസ്സേലിയോസ് പൗലോസ് രണ്ടാമൻ ബാവായോടൊപ്പവും, പുണ്യശ്ലോകനായ പെരുമ്പിള്ളിൽ തിരുമേനിയോടൊപ്പവും, ശ്രേഷ്‌ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായോടൊപ്പവും സജീവ നേതൃത്വ സാന്നിധ്യമായി ഉണ്ടായിരുന്നു. പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കിസ് ബാവാ അദ്ദേഹത്തിന്റെ വിശിഷ്ടമായ സഭാ സേവനത്തെ മാനിച്ചു “താനോനോ” എന്ന ബഹുമതി നാമം നൽകി ആദരിച്ചു.

പരിശുദ്ധ സഭയിൽ നിരവധി സുപ്രധാന ചുമതലകൾ മോർ പീലക്സിനോസ് തിരുമേനി അലങ്കരിച്ചിട്ടുണ്ട്. 1999 മാർച്ച് 15-ന് കൂടിയ മലങ്കര യാക്കോബായ സുറിയാനി ക്രിസ്താനി അസ്സോസിയേഷൻ മോർ പീലക്സിനോസ് തിരുമേനിയെ പരിശുദ്ധ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി തെരഞ്ഞെടുത്തു. പുണ്യശ്ലോകനായ പെരുംമ്പിള്ളി തിരുമേനിക്ക് ശേഷം പരിശുദ്ധ സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയായി അദ്ദേഹം ചുമതല വഹിച്ചു. എം.എസ്.ഒ.ടി വൈദിക സെമിനാരിയുടെ പ്രസിഡന്റ് ആയി അനേക വർഷം അദ്ദേഹം പ്രവർത്തിച്ചു. വൈദിക സെമിനാരിയുടെ വളർച്ചയിൽ അദ്ദേഹം വഹിച്ച പങ്ക് നിർണായകമാണ്. അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റ്, സഭയുടെ മിഷനറി പ്രസ്ഥാനമായ സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യയുടെ രക്ഷാധികാരി, വടക്കൻ മേഖലാ തീർത്ഥയാത്ര സംഘം രക്ഷാധികാരി, കാസായുടെ ഡയറക്ടർ, ബോർഡ് മെമ്പർ തുടങ്ങി നിരവധി ചുമതലകളും പുണ്യശ്ലോകനായ പിതാവ്‌ വഹിച്ചിട്ടുണ്ട്. വിശുദ്ധ സഭയുടെ മിഷനറി പ്രവർത്തനങ്ങളുടെ ഭാഗമായി തമിഴ് ഭാഷയിലേക്ക് വിശുദ്ധ കുർബ്ബാന തക്‌സ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

പുത്തൻകുരിശിലെ സഭാ ആസ്ഥാനമായ പാത്രിയർക്കാ സെന്ററിന്റെ നിർമ്മാണത്തിൽ ശ്രേഷ്‌ഠ ബാവായോടൊപ്പം സജീവമായി അഭിവന്ദ്യ പിതാവ് പ്രവർത്തിച്ചു. ശ്രേഷ്‌ഠ ബാവായും അദ്ദേഹവും കൂടിയാണ്‌ പാത്രിയർക്കാ സെന്റർ നിർമ്മാണത്തിന് ആവശ്യമായ ധനം സമാഹരിച്ചത്. മികച്ച വാഗ്‌മിയായിരുന്നു അഭിവന്ദ്യ പിതാവ്. പുത്തൻകുരിശിൽ വച്ചു നടക്കുന്ന അഖില മലങ്കര സുവിശേഷയോഗത്തിലെ സുപ്രശസ്‌ത പ്രഭാഷകൻ കൂടിയായിരുന്നു അഭിവന്ദ്യ തിരുമേനി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കുവാൻ അനേകർ കൺവെൻഷൻ ദിനങ്ങളിൽ വരുമായിരുന്നു.

തുടർച്ചയായ രോഗങ്ങൾ മൂലം 2009-ൽ അഭിവന്ദ്യ പിതാവിന്റെ ആരോഗ്യം വഷളായി. 2009 ആഗസ്റ്റിൽ, ഭദ്രാസന ചുമതലകളിൽ നിന്നും പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അനുമതിയോടെ സ്ഥാനത്യാഗം ചെയ്‌ത അഭിവന്ദ്യ പിതാവ് മീനങ്ങാടിയുള്ള മോർ ഇഗ്നാത്തിയോസ് നഗറിലെ അരമനയിൽ വിശ്രമ ജീവിതം ആരംഭിച്ചു. മലങ്കര സഭാ സുന്നഹദോസിന്റെ ശുപാർശ പ്രകാരം പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കിസ് ബാവാ 2014 ജനുവരി 7ന് അയച്ച E03/14 കൽപ്പന പ്രകാരം അഭിവന്ദ്യ പിതാവിനെ “വലിയ മെത്രാപ്പോലീത്ത” എന്ന സ്ഥാനം നൽകി ആദരിച്ചു.

2015 ഡിസംബർ 30 നു അഭിവന്ദ്യ പിതാവു കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചു തന്റെ 74-മത്തേ വയസ്സിൽ കാലം ചെയ്‌തു ദൈവസന്നിധിലേക്ക് എടുക്കപ്പെട്ടു. പുണ്യ പിതാവിന്റെ വന്ദ്യ ശരീരം അഭിവന്ദ്യ പിതാവിന്റെ നേരത്തെയുള്ള ആഗ്രഹപ്രകാരം ഇടവക പള്ളിയായ കോട്ടയം പാമ്പാടി സെന്റ് മേരീസ് സിംഹാസന കത്തീഡലിൽ എത്തിക്കുകയും അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ്, ഗീവർഗീസ് മോർ ദിവന്നാസിയോസ്, സക്കറിയാസ് മോർ പോളികാർപ്പോസ് എന്നീ പിതാക്കർമാരുടെ കാർമ്മികത്വത്തിൽ കബറടക്ക ശുശ്രൂഷയുടെ പ്രാരംഭ പ്രാർത്ഥനകൾ നടത്തുകയും ചെയ്‌തു. 2016 ജനുവരി 01 ഉച്ചക്ക് രണ്ടു മണിക്ക് ശ്രേഷ്‌ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമികത്വത്തിലും പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധിയുടെയും, മലങ്കരസഭയുടെ എല്ലാ മെത്രാപ്പോലീത്തമാരുടെയും സഹകാർമ്മികത്വത്തിലും പുണ്യ പിതാവിന്റെ കബറടക്കം നടന്നു.

ശ്രേഷ്‌ഠമായ സഭാശുശ്രൂഷ നിർവ്വഹിച്ച് സത്യവിശ്വാസം മുറുകെ പിടിച്ചു, തന്റെ ജീവിതവും സമ്പത്തും അധ്വാനവുമെല്ലാം പരിശുദ്ധ സഭയ്ക്കായി നൽകി ദൈവ സന്നിധിയിലേക്കു വാങ്ങിപ്പോയ പുണ്യശ്ലോകനായ ഡോ. യൂഹാനോൻ മോർ പീലക്സിനോസ് വലിയ മെത്രാപ്പോലീത്തായുടെ സ്‌മരണ എല്ലാക്കാലത്തും നിലനിൽക്കും.

  • Related Posts

    ഇടയ വീഥിയിൽ 31 വർഷങ്ങൾ; മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു

    തിരുവാങ്കുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യത്തിന്റെ 31-ാം സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു. കൊച്ചി ഭദ്രാസന ആസ്ഥാനമായ തിരുവാങ്കുളം ക്യംതാ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ…

    കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം പള്ളിയിൽ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

    പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം യാക്കോബായ സുറിയാനി പള്ളിയിൽ വി. ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 12 ഞായറാഴ്ച വി. കുർബ്ബാനാനന്തരം വികാരി ഫാ. റോയി മാത്യു മേപ്പാടത്ത് കൊടി ഉയർത്തി.…