പുത്തന്‍കുരിശ് ● ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരി. മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മൂന്ന് ദിവസത്തെ ഭാരത സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെ 9.50 ന് നെടുമ്പാശ്ശേരി അന്താരാഷ്ട വിമാനത്താവളത്തില്‍ നിന്ന് യാത്ര പുറപ്പെട്ടു. ദുബായ് വഴി ലെബനോനിലേക്ക് തിരിച്ച ബാവായോടൊപ്പം മോര്‍ ക്ലീമിസ് ഡാനിയേല്‍ മെത്രാപ്പോലീത്ത, മോര്‍ ജോസഫ് ബാലി മെത്രാപ്പോലീത്ത എന്നിവരും ഉണ്ട്.
ശ്രേഷ്ഠ കാതോലിക്ക ബാവായുടെ 40-ാം ഓര്‍മ്മദിനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ പാത്രിയര്‍ക്കീസ് ബാവാ ശനിയാഴ്ച രാവിലെയാണ് എത്തിയത്. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു.
പീഡനങ്ങളുടെ നടുവില്‍ യാക്കോബായ സുറിയാനി സഭയെ കരുതലോടെ നയിച്ച മഹാ ഇടയന്‍ 2017 ന് ശേഷം താല്‍ക്കാലീകമായി നഷ്ടപ്പെട്ട് കഷ്ടതകളിലൂടെ കടന്നുപോകുന്ന പള്ളികളേയും വിശ്വാസികളേയും സംരക്ഷിക്കണമെന്നും, തന്റെ ശേഷിക്കുന്ന സമ്പാദ്യവും തന്റെ വാഹനവും വിറ്റ് കിട്ടുന്ന തുക മുഴുവന്‍ അത്തരത്തിലുള്ള പള്ളികള്‍ക്കായി നല്‍കണമെന്ന ബാവായുടെ വില്‍പത്രത്തിലെ ആഗ്രഹ പ്രകാരം 1 ലക്ഷം രൂപാ വീതം പഴന്തോട്ടം സെന്റ് മേരീസ്, പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ, മുള്ളരിങ്ങാട് സെന്റ് മേരീസ്, പിറവം രാജാധിരാജാ സെന്റ് മേരീസ്, പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ്, വരിക്കോലി സെന്റ് മേരീസ്, മുളന്തുരുത്തി മര്‍ത്തോമന്‍ കത്തീഡ്രല്‍, തിരുവാര്‍പ്പ് മര്‍ത്തശ്മൂനി , കട്ടച്ചിറ സെന്റ് മേരീസ് , മേപ്രാല്‍- സെന്റ് ജോണ്‍സ് , ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് എന്നീ പള്ളികള്‍ക്ക് നല്‍കിയതിലും ബാക്കി താല്‍ക്കാലീകമായി നഷ്ടപ്പെട്ട പള്ളികള്‍ക്കും നല്‍കാന്‍ തീരുമാനിച്ചതിലും സഭാ ഭാരവാഹികളുമായി നടത്തിയ സംഭാഷണത്തില്‍ പരി. പാത്രിയര്‍ക്കീസ് ബാവാ സന്തുഷ്ടി പ്രകടിപ്പിച്ചു.
സിറിയായിലെ പ്രത്യേക സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്ന ജനത്തോടൊപ്പം ആയിരിക്കണം എന്ന ആഗ്രഹത്താല്‍ തുടര്‍ന്നുള്ള മഞ്ഞനിക്കര ദയറായിലെ പരിപാടികളും റദ്ദാക്കിയാണ് ബാവാ മടങ്ങിയത്. മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, അഭി, മാത്യൂസ് മോര്‍ ഈവാനിയോസ്, അഭി. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, അഭി. കുര്യാക്കോസ് മോര്‍ ദിയസ്‌ക്കോറോസ്, അഭി. ഗീവര്‍ഗ്ഗീസ് മോര്‍ അത്താനാസിയോസ്, അഭി. ഏലിയാസ് മോര്‍ അത്താനാസിയോസ്, അഭി. മാത്യൂസ് മോര്‍ അഫ്രേം, അഭി. ഐസക്ക് മോര്‍ ഒസ്താത്തിയോസ്, അഭി. കുര്യാക്കോസ് മോര്‍ ക്ലീമീസ്, അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ്, അഭി. മര്‍ക്കോസ് മോര്‍ ക്രിസ്റ്റോഫോറസ് എന്നീ മെത്രാപ്പോലീത്താമാരും, സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു എന്നിവരും പരി. പിതാവിനെ യാത്ര അയക്കുവാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.