ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് യാക്കോബായ സുറിയാനി സഭയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

പുത്തൻകുരിശ് ● മുനമ്പം ദേശവാസികൾ നീതിയ്ക്കും അവകാശ സംരക്ഷണത്തിനുമായി നടത്തി കൊണ്ടിരിക്കുന്ന സമരത്തിൻ്റെ 41-ാം ദിവസം യാക്കോബായ സുറിയാനി സഭയുടെ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത മുനമ്പം സമരപന്തൽ സന്ദർശിച്ച് യാക്കോബായ സുറിയാനി സഭയുടെ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു.

മുനമ്പത്തെ സമരം മതപരമോ, വർഗ്ഗീയ, രാഷ്ട്രീയപരമോ പ്രത്യയശാസ്ത്രപരമോ ആയ സമരമല്ലെന്നും തങ്ങളുടെ ഭവനങ്ങളിൽ നിന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെടാതിരിക്കുവാനുള്ള ഒരു ജനതയുടെ നീതിയ്ക്കു വേണ്ടിയുള്ള രോദനമാണ് അവിടെ നടക്കുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മത സൗഹാർദ്ദത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും ഈറ്റില്ലമായ ഭാരതത്തിൽ ഇന്ത്യൻ ഭരണഘടന ഓരോ പൗരനും അവകാശങ്ങൾ സംരക്ഷിക്കുവാനുള്ള സാഹചര്യം നൽകുന്നുണ്ട്. മുനമ്പം വിഷയം രാഷ്ട്രീയ താല്പര്യങ്ങൾക്കോ, മത-വർഗ്ഗീയ താല്പര്യങ്ങൾക്കോ ദുരുപയോഗം ചെയ്യപ്പെടാതെ അടിയന്തിരമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ പ്രശ്നം നീതിപൂർവ്വവും ശാശ്വതവുമായി പരിഹരിക്കുവാൻ അടിയന്തിര ഇടപെടലുകൾ നടത്തണമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.

ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്തിരിക്കുന്ന യോഗത്തിൽ ഈ പ്രശ്നത്തിന് ശാശ്വതവും നീതിപൂർവ്വവുമായ ഒരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് നാടിനും ജനങ്ങൾക്കും ഉള്ളതെന്നും യാക്കോബായ സഭയുടെ പിന്തുണയും ഐക്യവും നീതിയ്ക്കും അവകാശ സംരക്ഷണത്തിനുമായി ഉണ്ടാകുമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.

കക്ഷി-രാഷ്ട്രീയ ഭേദമന്യെ മുനമ്പത്തെ ജനത്തിൻ്റെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെട്ട് നമ്മുടെ നാടിൻ്റെ ഐക്യവും അഖണ്ഡതയും സമാധാനവും കാത്ത്‌ പരിപാലിക്കപ്പെടുവാൻ എല്ലാവരും യത്നിക്കണമെന്നും മെത്രാപ്പോലീത്ത പ്രസംഗത്തിൽ വ്യക്തമാക്കി.

ഇന്നലെ ചേർന്ന പരിശുദ്ധ സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് മുനമ്പത്തെ ജനങ്ങൾക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു. നീതി പൂര്‍വ്വമായും, സംഘര്‍ഷ രഹിതമായും മുനമ്പം വിഷയം അടിയന്തിരമായി പരിഹരിക്കുവാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് പരിശുദ്ധ സുന്നഹദോസ് ആവശ്യപ്പെട്ടിരുന്നു.

  • Related Posts

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…

    പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍…

    Leave a Reply

    Your email address will not be published. Required fields are marked *