
അങ്കമാലി ● ചരിത്ര പ്രസിദ്ധവും പുരാതനവുമായ അകപ്പറമ്പ് മോർ ശാബോർ മോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ സ്ലീബാ പെരുന്നാൾ സെപ്റ്റംബർ 12, 13 തീയതികളിൽ ആഘോഷിക്കും. കർത്താവിനെ ക്രൂശിച്ച കുരിശ് ഹെലനി രാജ്ഞി കണ്ടെത്തി ജറുസലേമിലെ ദൈവാലയത്തിൽ സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കായാണ് വർഷം തോറും സ്ലീബാ പെരുന്നാൾ ആഘോഷിക്കുന്നത്.
പഞ്ചസാര മണ്ട എന്ന വിശിഷ്ട നേർച്ചയാണ് അകപ്പറമ്പ് പള്ളിയിലെ സ്ലീബാ പെരുന്നാളിന്റെ പ്രത്യേകത. രണ്ടാഴ്ച നീളുന്ന ക്ലേശകരമായ ദൗത്യത്തിലൂടെയാണ് നേർച്ചയ്ക്കാവശ്യമായ മണ്ട തയ്യാറാക്കുന്നത്. പെരുന്നാൾ തലേന്ന് രാത്രി തേങ്ങ, ശർക്കര, പഞ്ചസാര, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ പ്രത്യേക അനുപാതത്തിലും, താപത്തിലും മിശ്രിതമാക്കി പഞ്ചസാര മണ്ട തയ്യാറാക്കുന്നത് ഉത്സവാന്തരീക്ഷത്തിലാണ്.
സെപ്റ്റംബർ 12 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് പ്രഭാതപ്രാർത്ഥന, 7.30 ന് വിശുദ്ധ കുർബ്ബാന, തുടർന്ന് വികാരി ഫാ. ഗീവർഗീസ് മണ്ണാറമ്പിൽ കൊടികയറ്റും. രാത്രി 7 മണിക്ക് സന്ധ്യാപ്രാർത്ഥന, തുടർന്ന് പഞ്ചസാര മണ്ട തയ്യാറാക്കുന്നതിന്റെ പ്രധാന ഘട്ടം. സെപ്റ്റംബർ 13 ബുധനാഴ്ച രാവിലെ 7.45 ന് പ്രഭാത പ്രാർത്ഥന, 8.45 ന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന, പെരുന്നാൾ സന്ദേശം എന്നിവ നടക്കും. തുടർന്ന് 10.30 ന് സമർപ്പണ ശുശ്രൂഷ, 10.45 ന് സ്ലീബാ എഴുന്നള്ളിപ്പ്, പ്രദക്ഷിണം, 11 മണിക്ക് ആശീർവാദം, നേർച്ച എന്നിവയുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ശുശ്രൂഷകളുടെ തൽസമയ സംപ്രേഷണം യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ കാണാവുന്നതാണ്.