ആലുവ ● തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ 73-ാമത് ശ്രാദ്ധപ്പെരുന്നാളിനും, പുണ്യപിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാളിനും തുടക്കമായി. അങ്കമാലി, മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത കൊടി ഉയർത്തി.
സത്യവിശ്വാസ സംരക്ഷകനായ ആലുവായിലെ വലിയ തിരുമേനി പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ 73-ാം ഓർമ്മപ്പെരുന്നാളും പുണ്യശ്ലോകരായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ, അമ്പാട്ട് ഗീവറുഗീസ് മോർ കൂറിലോസ്, കടവിൽ പൗലോസ് മോർ അത്താനാസിയോസ്, വയലിപ്പറമ്പിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് എന്നീ പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാളും സംയുക്തമായാണ് ആചരിക്കുന്നത്.
ഇന്ന് ജനുവരി 24 ശനിയാഴ്ച രാവിലെ 7 മണിക്ക് നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത കാർമികത്വം വഹിച്ചു. വൈകിട്ട് 6:45 ന് നടക്കുന്ന സന്ധ്യാപ്രാർഥനയ്ക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തമാർ നേതൃത്വം നൽകും. തുടർന്ന് അനുഗ്രഹ പ്രഭാഷണം ഉണ്ടാകും. രാത്രി 8 മണിക്ക് പ്രദക്ഷിണവും, നേർച്ചസദ്യയും നടക്കും.
പ്രധാനപ്പെരുന്നാൾ ദിവസം നാളെ (ജനുവരി 25 ഞായറാഴ്ച) രാവിലെ 7-ന് പ്രഭാതപ്രാർത്ഥന, 8 മണിക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം, 8:15-ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യരായ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവരുടെ സഹകാർമികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് ധൂപപ്രാർത്ഥന എന്നിവ നടക്കും. 11-ന് പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
വികാരി ഫാ. എൽദോ പോൾ തുരുത്തുമ്മേൽ, ട്രസ്റ്റി എം.എം പൗലോസ് മാറാച്ചേരിൽ, സെക്രട്ടറി എ.പി രാജു അമ്പാട്ട്, പെരുന്നാൾ കൺവീനർ പി.വൈ വർഗീസ് പള്ളിപ്പറമ്പിൽ, ഗ്രേസി മാത്യു വയലിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
