വയനാട് ● മലബാർ ഭദ്രാസനത്തിലെ പുതുക്കിപണിത നമ്പിക്കൊല്ലി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോൻ കൂദാശയും, വിശുദ്ധ ദൈമാതാവിൻ്റെ ഓർമ്മപ്പെരുന്നാളും, വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന യെരുശലേമിൻ്റെ പാത്രിയർക്കീസായിരുന്ന പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രിഗോറിയോസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപനവും വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും, ചാത്തുരുത്തിയിൽ പരിശുദ്ധ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിലുളള പുതിയ കൽകുരിശിൻ്റെ കൂദാശയും നടന്നു.
ശുശ്രൂഷകൾക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ സ്തേഫാനോസ് ഗീവർഗീസ്, മോർ അഫ്രേം മാത്യൂസ്, മോർ ഐറേനിയോസ് പൗലോസ്, മോർ പീലക്സിനോസ് സഖറിയാസ് എന്നീ മെത്രാപ്പോലീത്തമാർ പ്രധാന കാർമികത്വം വഹിച്ചു. വന്ദ്യ കോർ എപ്പിസ്കോപ്പാമാരും, ബഹുമാനപ്പെട്ട വൈദീകരും ശുശ്രൂഷകളിൽ പങ്കെടുത്തു. പള്ളിയുടെ മുൻ വികാരിമാരേയും, ദൈവാലയ നിർമ്മാണത്തിന് നേതൃത്വം നൽകിയവരേയും ചടങ്ങിൽ ആദരിച്ചു.
വിശുദ്ധ കുർബ്ബാനക്ക് ശേഷം നമ്പിക്കൊല്ലി ടൗണിലുള്ള വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ കുരിശിങ്കലേക്ക് പ്രദക്ഷിണം നടന്നു. നാലായിരത്തോളം ആളുകൾ സംബന്ധിച്ചു .
ശനിയാഴ്ച (നാളെ) നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് വികാരി ഫാ. ഷൈജൻ കുര്യാക്കോസ് മറുതല, ഞായറാഴ്ച നടക്കുന്ന വിശുദ്ധ കുർബ്ബാനക്ക് മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത തുടങ്ങിയവർ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് പള്ളി സ്ഥാപിച്ച് അൻപത് വർഷം ആയതിൻ്റെ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, ജൂബിലി സുവനീർ പ്രകാശനം, ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമ്മാനദാനവും, എല്ലാ പള്ളി ഇടവകക്കാരെയും ‘പള്ളി നിർമ്മാണ പ്രവർത്തികളിൽ പങ്കാളികളായ എല്ലാവരേയും ആദരിക്കും.












