ദോഹ ● ഖത്തറിലെ പ്രമുഖ ദേശീയ വ്യക്തിത്വവും അൽ ഫൈസൽ ഹോൾഡിംഗ് ചെയർമാനുമായ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽതാനിയുമായി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കൂടിക്കാഴ്ച നടത്തി. കാതോലിക്കാ സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി ഖത്തറിലെത്തിയ ശ്രേഷ്ഠ ബാവായെ അദ്ദേഹം സ്നേഹോഷ്മളമായി സ്വീകരിച്ചു.
ഖത്തർ ഉയർത്തിപ്പിടിക്കുന്ന സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും ഉത്തമ പ്രതിഫലനമായി ഈ കൂടിക്കാഴ്ച മാറി. ഖത്തറിലെ വിശ്വാസസമൂഹങ്ങൾക്കും പ്രവാസികൾക്കും രാജ്യം നൽകിവരുന്ന സമാനതകളില്ലാത്ത പിന്തുണയ്ക്കും ആതിഥ്യമര്യാദയ്ക്കും ശ്രേഷ്ഠ ബാവ ഷെയ്ഖ് ഫൈസലിനോട് പ്രത്യേക നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധവും സ്നേഹവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഹൃദ്യമായ ഈ കൂടിക്കാഴ്ച.
ഖത്തർ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത, ഖത്തർ പള്ളി ഭാരവാഹികൾ എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
