കോലഞ്ചേരി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപനും അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ പ്രസിഡൻ്റുമായ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേകത്തിന്റെ 25-ാംസ്ഥാനാരോഹണ വാർഷികം ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് സെൻ്റ് ജോർജ്ജ് അരമന കത്തീഡ്രലിൽ ഇന്ന് നടക്കും.
2001 ജനുവരി 14-ന് പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായാണു ഡമാസ്കസിൽ വച്ചു ആലുങ്കൽ മാത്യൂസ് റമ്പാനെ മെത്രാപ്പോലീത്തയായി വാഴിച്ചത്.
ഇന്നു രാവിലെ 7.30-ന് കടയ്ക്കനാട് സെന്റ് ജോർജ് കത്തീഡ്രലിൽ മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കും. തുടർന്ന് പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ നാമത്തിൽ ആരംഭിക്കുന്ന ഡയാലിസിസ് സെൻ്ററിൻ്റെ ശിലാസ്ഥാപനം നിർവഹിക്കും. വിവാഹ സഹായ ധനം, വിദ്യാഭ്യാസ സഹായ ധനം എന്നിവ വിതരണം ചെയ്യും. മെത്രാപ്പോലീത്തൻ വാഴ്ചയുടെ രജതജൂബിലി ആഘോഷങ്ങൾ പിന്നീട് വിപുലമായി നടത്താൻ ഭദ്രാസന പള്ളി പ്രതിപുരുഷയോഗം തീരുമാനിച്ചിരുന്നു.
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കണ്ടനാട് ഭദ്രാസനത്തിൽ 58 പള്ളികളും 12 ചാപ്പലുകളുമുണ്ട്. സഭയിലെ മെത്രാപ്പോലീത്ത കുറുമാറിയതിനെ തുടർന്ന് ഒന്നുമില്ലാതിരുന്ന കണ്ടനാട് ഭദ്രാസനത്തിന് വൻ വികസനമാണ് അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയത്. കടയ്ക്കനാടിൽ മൂന്നര ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന അരമന മന്ദിരം, സെന്റ് ജോർജ് കത്തീഡ്രൽ, ആശ്വാസ ഭവൻ എന്നിവയും കണ്ടനാട് പരിശുദ്ധ ശക്രള്ള മാർ ബസേലിയോസ് ഡയോസിസൺ സെന്റർ, കൂത്താട്ടുകുളം ബെത്ഹൂബോ സെന്റർ, പാമ്പാക്കുട കാരുണ്യ ഭവൻ എന്നിവയും മെത്രാപ്പോലീത്ത നിർമിച്ചവയാണ്. ദൈവാലയങ്ങൾ ഇല്ലാതിരുന്ന 5 സ്ഥലങ്ങളിൽ പള്ളി പണിയുന്നതിനു സ്ഥലവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി.
കണ്ടനാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകയിൽ ആലുങ്കൽ പരേതരായ ഏബ്രഹാമിന്റെയും മേരിയുടെയും മകനായി 1954 ഏപ്രിൽ 29-ന് ആയിരുന്നു ജനനം. 1972 ആഗസ്റ്റ് 15-ന് പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവ കണ്ടനാട് പള്ളിയിൽ വച്ച് ശെമ്മാശ പട്ടവും 1976 നവംബർ 2-ന് മലേക്കുരിശ് ദയറായിൽ വച്ച് വൈദിക പട്ടവും നൽകി. 2000 ആഗസ്റ്റ് 6-ന് ഭാഗ്യസ്മരണാർഹനായ കുര്യാക്കോസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത റമ്പാൻ സ്ഥാനവും നൽകി. മുൻ കേന്ദ്രമന്ത്രി എ.എം. തോമസ് പിതൃ സഹോദരനാണ്.
മൂവാറ്റുപുഴ നിർമല കോളജിൽ നിന്നു ബിരുദവും പുണെയിൽ നിന്ന് എംഎയും പുണെ പേപ്പൽ സെമിനാരിയിൽ നിന്ന് ഫിലോസഫി, തിയോളജി എന്നിവയിൽ ബിരുദവും നേടി.
