സിംഗപ്പൂർ ● സകല തലമുറകളാലും ഭാഗ്യവതി എന്നു വാഴ്ത്തപ്പെടുന്ന പരിശുദ്ധ ദൈവമാതാവ് കന്യക മറിയാമിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാൾ സിംഗപ്പൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഭക്തിനിർഭരമായ ആത്മീയ ശുശ്രൂഷകളോടെ ആരംഭിച്ചു. സെപ്റ്റംബർ 6 ഞായറാഴ്ച വരെ വിവിധ ആത്മീയ ശുശ്രൂഷകൾ, വചനസന്ദേശങ്ങൾ, പ്രാർത്ഥനകൾ, സംഗീതപരിപാടികൾ എന്നിവയോടെ പെരുന്നാൾ ആഘോഷങ്ങൾ നടക്കും.
ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിലാണ് പെരുന്നാൾ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ആഗസ്റ്റ് 29 ശനിയാഴ്ച സൺഡേ സ്കൂൾ വിദ്യാർഥികൾക്കായി അഭിവന്ദ്യ ഗീവർഗീസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ പ്രത്യേക ക്ലാസ് നടന്നു. തുടർന്ന് സന്ധ്യാനമസ്കാരവും കൊടിയേറ്റും അഭിവന്ദ്യ മെത്രാപ്പോലീത്ത നിർവഹിച്ചു. ആഗസ്റ്റ് 30 ഞായറാഴ്ച വിശുദ്ധ കുർബാനയും വചനസന്ദേശവും അഭിവന്ദ്യ ഗീവർഗീസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ നടന്നു. വൈകിട്ട് സന്ധ്യാനമസ്കാരം, വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവ വികാരി ഫാ. എൽദോ സണ്ണിയുടെ കാർമികത്വത്തിൽ നടന്നു.
ആഗസ്റ്റ് 31 തിങ്കളാഴ്ച മലങ്കരയുടെ പ്രകാശഗോപുരം പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 30-ാമത് ശ്രാദ്ധപ്പെരുന്നാൾ ആചരിക്കും. വൈകിട്ട് 6.45ന് സന്ധ്യാനമസ്കാരവും 7.30ന് വിശുദ്ധ കുർബാനയും വചനസന്ദേശവും മലങ്കര കത്തോലിക്കാ സഭയിലെ വികാരി റവ. ഫാ. സാം ടി. ജോണിന്റെ കാർമികത്വത്തിൽ നടക്കും.
സെപ്റ്റംബർ 1 ചൊവ്വാഴ്ച വൈകിട്ട് 6.45-ന് സന്ധ്യാനമസ്കാരവും 7.30-ന് വിശുദ്ധ കുർബാനയും വചനസന്ദേശവും സിംഗപ്പൂർ സി.എസ്.ഐ. ഇമ്മാനുവൽ കോൺഗ്രിഗേഷൻ വികാരി ഫാ. ഷിബു പി. എൽ. നിർവഹിക്കും.
സെപ്റ്റംബർ 2 ബുധനാഴ്ച വൈകിട്ട് 6.45-ന് സന്ധ്യാനമസ്കാരവും 7.30-ന് വിശുദ്ധ കുർബാനയും വചനസന്ദേശവും സിംഗപ്പൂർ മലങ്കര സിറിയൻ സഭയുടെ വികാരി റവ. ഫാ. രാജ് ഏലിയാസ് വർഗീസിന്റെ കാർമികത്വത്തിൽ നടക്കും.
സെപ്റ്റംബർ 3 വ്യാഴാഴ്ചയും സെപ്റ്റംബർ 4 വെള്ളിയാഴ്ചയും വൈകിട്ട് 6.45-ന് സന്ധ്യാനമസ്കാരവും 7.30-ന് വിശുദ്ധ കുർബാനയും വചനസന്ദേശവും റവ. ഫാ. ബേസിൽ ജേക്കബ് തെക്കിനാലിന്റെ നേതൃത്വത്തിൽ നടക്കും.
പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 5 ശനിയാഴ്ച ഇടവക ദിനം 2026 വിപുലമായി സംഘടിപ്പിക്കും. രാവിലെ 9.30-ന് സംഗീതവിരുന്നോടെ പരിപാടികൾ ആരംഭിക്കും. 10-ന് വാർഷിക റിട്രീറ്റിന്റെ ഉദ്ഘാടനം നടക്കും. തുടർന്ന് 10.15-ന് റവ. ഫാ. ബേസിൽ ജേക്കബ് തെക്കിനാലിന്റെ വചനസന്ദേശവും 12.15-ന് സംഗീതവിരുന്നും 12.30-ന് ഉച്ചഭക്ഷണവും 1.15-ന് വചനസന്ദേശവും 2.15-ന് സംഗീതവിരുന്നും നടക്കും. 2.30-ന് സമാപന പ്രാർത്ഥനയോടെ വാർഷിക റിട്രീറ്റ് സമാപിക്കും.
തുടർന്ന് വൈകിട്ട് 3-ന് ഇടവക ദിനാഘോഷം 2026 ആരംഭിക്കും. സെന്റ് മേരീസ് ക്വയറിന്റെ പ്രാർത്ഥനാഗാനത്തോടെയും ബൈബിൾ വായനയോടെയുമാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. കത്തീഡ്രൽ സെക്രട്ടറി ബേസിൽ ജോർജ് സ്വാഗതം ആശംസിക്കും. വികാരി ഫാ. എൽദോ സണ്ണി അധ്യക്ഷപ്രസംഗവും അഭിവന്ദ്യ ഗീവർഗീസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടന പ്രസംഗവും നിർവഹിക്കും.
കത്തീഡ്രൽ പ്രസിഡന്റ് ജൈജോ കോര മുഖ്യാതിഥികളെ സ്വാഗതം ചെയ്ത് ആശംസകൾ അർപ്പിക്കും. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ അനൂപ് മാണി, യൂത്ത് അസോസിയേഷൻ സെക്രട്ടറി മെറിൻ ഷാജി, വനിതാ സമാജം സെക്രട്ടറി ഗീവാ എൽദോസ്, സെന്റ് ജോർജ് പ്രയർ ഗ്രൂപ്പ് കോ-ഓർഡിനേറ്റർ ബേസിൽ എം. പോൾ എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടക്കും. കത്തീഡ്രൽ ട്രസ്റ്റി ജോജി പുന്നൂസ് കൃതജ്ഞത രേഖപ്പെടുത്തും. വൈകിട്ട് 5.30-ന് സന്ധ്യാനമസ്കാരത്തോടെ ഇടവക ദിനാഘോഷങ്ങൾ സമാപിക്കും.
സെപ്റ്റംബർ 6-ന് പ്രധാന പെരുന്നാൾ ദിനം രാവിലെ 7.30-ന് പ്രഭാത നമസ്കാരവും 8.30-ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും വചനസന്ദേശവും നടക്കും. രാവിലെ 10.45-ന് പ്രദക്ഷിണവും 11ന് ആശീർവാദവും 11.30-ന് നേർച്ചവിളമ്പും നടക്കും. ഉച്ചയ്ക്ക് 12-ന് കൊടിയിറക്കുന്നതോടെ എട്ടുനോമ്പ് പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
വികാരി ഫാ. എൽദോ സണ്ണി, കത്തീഡ്രൽ പ്രസിഡന്റ് ജൈജോ കോര, ട്രസ്റ്റി ജോജി പുന്നൂസ്, സെക്രട്ടറി ബേസിൽ ജോർജ്, പെരുന്നാൾ കൺവീനർമാരായ എൽദോ എബ്രഹാം, എൽദോ ജോസ് തുടങ്ങിയവർ പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ എട്ടുനോമ്പും ജനനപ്പെരുന്നാളും ഭക്തിപൂർവം ആചരിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.



