പുത്തൻകുരിശ് ● ഓർത്തഡോക്സ് വിഭാഗത്തിന്റെ അസോസിയേഷൻ യോഗവുമായി ബന്ധപ്പെട്ട് അംഗത്വ പട്ടികയിലും പ്രതിനിധികളുടെ എണ്ണത്തിലും ഉണ്ടായിട്ടുള്ള ക്രമക്കേടുകൾ അപലപനീയമാണെന്ന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. യാക്കോബായ സുറിയാനി സഭയുടെ പൂർണ നിയന്ത്രണത്തിലുള്ളതും യാക്കോബായ വിശ്വാസികൾ മാത്രമുള്ളതുമായ ദൈവാലയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത വൈദികരെ ഉൾപ്പെടുത്തി അംഗത്വ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരേ വൈദികനെ തന്നെ കിലോമീറ്ററുകൾ അകലെയുള്ള അഞ്ചും ആറും പള്ളികളുടെ വികാരിയായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സാഹചര്യങ്ങളുണ്ട്. യാക്കോബായ സുറിയാനി സഭയുമായി യാതൊരു ബന്ധവുമില്ലാത്തവരും ബന്ധപ്പെട്ട ഇടവകകളിൽ ഒരിക്കൽ പോലും സന്ദർശനം നടത്തിയിട്ടില്ലാത്തവരുമായ വൈദികരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നടപടികൾ അപലപനീയമാണെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.
രേഖകളിലും അംഗസംഖ്യയിലും വസ്തുതാവിരുദ്ധമായ വിവരങ്ങൾ ഉൾപ്പെടുത്തി ബന്ധപ്പെട്ട അധികാരികളെയും കോടതികളെയും തെറ്റിദ്ധരിപ്പിക്കുന്ന നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ സമഗ്രമായി പരിശോധിക്കണം. നൂറുകണക്കിന് യാക്കോബായ ദൈവാലയങ്ങളുമായി ബന്ധപ്പെട്ട രേഖകളും അംഗത്വ പട്ടികകളും പൊതുസമൂഹത്തിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും പരിശോധനയ്ക്ക് വിധേയമാക്കണം. രേഖകളുടെയും അംഗസംഖ്യയുടെയും യാഥാർഥ്യം പുറത്തുകൊണ്ടുവരുന്നതിനായി സ്വതന്ത്രവും സുതാര്യവുമായ പരിശോധന നടത്തണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ഇത്തരം നടപടികൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും 2002-ൽ പരുമലയിൽ സമാനമായ രീതിയിൽ നടന്ന നടപടികളിൽ വഞ്ചനയ്ക്കുള്ള സാധ്യത മനസ്സിലാക്കിയതിനാലാണ് യാക്കോബായ സുറിയാനി സഭ അന്ന് അതിൽ നിന്ന് പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരതത്തിൽ ജനാധിപത്യ സംവിധാനം വരുന്നതിന് മുമ്പുതന്നെ, 1876-ൽ അന്ത്യോഖ്യാ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ ബാവായുടെ നേതൃത്വത്തിൽ നടന്ന മുളന്തുരുത്തി സുന്നഹദോസ് മലങ്കര സഭയുടെ ചരിത്രത്തിലെ നിർണായക സംഭവമായിരുന്നുവെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
മലങ്കര സഭയുടെ ഭരണസംവിധാനത്തിൽ പ്രാതിനിധ്യ സ്വഭാവവും സംഘടനാപരവുമായ ഘടനയും രൂപപ്പെടുത്തുന്നതിലും ഭദ്രാസന സംവിധാനത്തിന് അടിത്തറ പാകുന്നതിലും മുളന്തുരുത്തി സുന്നഹദോസ് നിർണായക പങ്കുവഹിച്ചു.
ഏകാധിപത്യ ഭരണരീതിക്ക് പകരം പ്രാതിനിധ്യപരമായ സഭാസംവിധാനത്തിന് രൂപം നൽകിയത് സുന്നഹദോസിന്റെ പ്രധാന ചരിത്രപരമായ സംഭാവനകളിലൊന്നാണ്. അന്ത്യോഖ്യാ പാത്രിയർക്കീസ് വിളിച്ചുകൂട്ടിയ മുളന്തുരുത്തി സുന്നഹദോസിന്റെ ചരിത്രം പിന്നീട് സൗകര്യാനുസരണം വ്യാഖ്യാനിക്കുകയോ അതിന്റെ യഥാർഥ പശ്ചാത്തലം നിഷേധിക്കുകയോ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ നേതൃത്വത്തിൽ നടന്ന മുളന്തുരുത്തി സുന്നഹദോസ് മലങ്കര സഭയും അന്ത്യോഖ്യാ സിംഹാസനവും തമ്മിലുള്ള ബന്ധം ചരിത്രപരമായി ശക്തിപ്പെടുത്തിയ സംഭവമായിരുന്നുവെന്ന വസ്തുത മറച്ചുവെക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മുളന്തുരുത്തി സുന്നഹദോസിലൂടെ രൂപപ്പെട്ട പ്രാതിനിധ്യപരമായ സഭാസംവിധാനത്തെ മറികടന്ന് ഇടവക പള്ളികളെയും സഭയുടെ ഭരണസംവിധാനത്തെയും ഒരൊറ്റ കേന്ദ്രീകൃത നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല.മലങ്കര സഭയിലെ ഇടവകകളുടെയും വിശ്വാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന ജനാധിപത്യപരമായ സഭാസംവിധാനം നിലനിൽക്കണമെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി. മുഴുവൻ ഇടവക ദൈവാലയങ്ങളെയും ഒരൊറ്റ ട്രസ്റ്റിന്റെയോ കേന്ദ്രീകൃത സംവിധാനത്തിന്റെയോ കീഴിലേക്ക് കൊണ്ടുവരാനുള്ള പ്രവണത ജനാധിപത്യ സഭാസംവിധാനത്തിന് വിരുദ്ധമാണ്. 1876-ൽ മുളന്തുരുത്തി സുന്നഹദോസിലൂടെ അവസാനിപ്പിച്ച ഏകാധിപത്യ പ്രവണതകൾ വീണ്ടും കൊണ്ടുവരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുളന്തുരുത്തി സുന്നഹദോസ് അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ നേതൃത്വത്തിൽ നടന്ന ചരിത്രസംഭവമായിരിക്കെ, പിന്നീട് അന്ത്യോഖ്യാ പാത്രിയർക്കീസുമായുള്ള സഭാ ബന്ധത്തെ നിഷേധിക്കുന്ന തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നത് ചരിത്രപരമായ വിരോധാഭാസമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
മുളന്തുരുത്തിയിലെ 2,500-ലേറെ യാക്കോബായ സുറിയാനി സഭാംഗങ്ങളെ ദൈവാലയത്തിൽ നിന്ന് പുറത്താക്കി, അതേ സ്ഥലത്ത് മുളന്തുരുത്തി സുന്നഹദോസിന്റെ ആഘോഷം നടത്താൻ ശ്രമിക്കുന്നതും ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവാ സുന്നഹദോസ് വിളിച്ചുകൂട്ടുകയും വി. മൂറോൻ കൂദാശ നടത്തുകയും ചെയ്ത ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി മണ്ണിൽ, അന്ത്യോഖ്യയിൽ നിന്ന് എത്തിയ പിതാക്കന്മാരുടെ കബറിടങ്ങൾ സ്ഥിതിചെയ്യുന്ന അതേ സ്ഥലത്ത് നടത്തുന്ന ആഘോഷങ്ങൾ ആത്മപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവായുടെ ആത്മീയ അധികാരത്തിന് കീഴിലുള്ള വിശ്വാസികളെ പുറത്താക്കിക്കൊണ്ട് എന്ത് ആഘോഷമാണ് അവിടെ നടത്തുന്നതെന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണം. ചരിത്രപരമായ പ്രാധാന്യമുള്ള ഈ കേന്ദ്രത്തിൽ നിന്ന് വിശ്വാസികളെ പുറത്താക്കിയ നടപടിയിൽ ആത്മപരിശോധന നടത്താൻ തയ്യാറാകണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
മുളന്തുരുത്തി സുന്നഹദോസിന്റെ ചരിത്രപരമായ പശ്ചാത്തലം അംഗീകരിക്കുമ്പോൾ തന്നെ അന്ത്യോഖ്യാ പാത്രിയർക്കീസുമായുള്ള സഭാ ബന്ധം നിഷേധിക്കുന്ന സമീപനം ഇരട്ടത്താപ്പാണ്. കോടതിയിൽ സമർപ്പിച്ചിട്ടുള്ള സത്യവാങ്മൂലങ്ങളിലും രേഖകളിലും സഭയുടെ ചരിത്രപരമായ ബന്ധത്തെക്കുറിച്ച് സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധികളെ അംഗീകരിക്കുന്നുവെന്ന് പറയുന്നവർ അതിന്റെ അന്തഃസത്തയും നിർദേശങ്ങളും പാലിക്കാൻ തയ്യാറാകണം. സുപ്രീം കോടതി വിധിയുടെയും അതിനെ തുടർന്നുള്ള ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിൽ സർക്കാരിന് ലഭ്യമായ നിയമപരമായ സാധ്യതകൾ പ്രയോജനപ്പെടുത്തി മലങ്കര സഭാതർക്കത്തിന് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
മലങ്കര സഭാതർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെട്ട് നിയമനിർമ്മാണം നടത്തണമെന്ന് യാക്കോബായ സുറിയാനി സഭ ആവശ്യപ്പെട്ടു. കോടതി നിർദേശിച്ചിട്ടുള്ള നിയമപരമായ പരിധിക്കുള്ളിൽ സർക്കാർ നടത്തുന്ന മധ്യസ്ഥശ്രമങ്ങളുമായി സഹകരിച്ച് നൂറ്റാണ്ടുകളായി തുടരുന്ന സഭാതർക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
മധ്യസ്ഥശ്രമങ്ങളോട് മറുവിഭാഗം സഹകരിക്കാൻ തയ്യാറാകാത്ത സാഹചര്യമുണ്ടായാൽ, കോടതി വ്യക്തമാക്കിയിട്ടുള്ള അധികാരപരിധിക്കുള്ളിൽ നിന്ന് നിയമനിർമ്മാണം ഉൾപ്പെടെയുള്ള നടപടികളിലൂടെ സഭാതർക്കം ശാശ്വതമായി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ഇതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് യാക്കോബായ സഭയുടെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതിയുടെ 2025 ജനുവരി 31-ലെ വിധിയുടെയും അതിനെ തുടർന്നുള്ള ഹൈക്കോടതി ഉത്തരവിന്റെയും അന്തഃസത്ത ദുർവ്യാഖ്യാനം ചെയ്ത് ഓർത്തഡോക്സ് വിഭാഗം പ്രസ്താവനകൾ നടത്തുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. 2017-ലെ വിധിയുടെ ഡിക്രി കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ എന്നീ മൂന്ന് ദൈവാലയങ്ങളിൽ മാത്രമാണ് ബാധകമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സിവിൽ നടപടികൾ പൂർത്തിയാക്കാതെ മറ്റ് ദൈവാലയങ്ങളിൽ പോലീസ് സംരക്ഷണത്തിന്റെ പേരിൽ നടപടി സ്വീകരിക്കാനാകില്ലെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി വിധിയുടെ തുടർച്ചയായാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് വന്നിട്ടുള്ളത്. വിധിയുടെ പരിധിയും പോലീസ് സംരക്ഷണം സംബന്ധിച്ച വിഷയങ്ങളും പരിശോധിച്ചാണ് ഹൈക്കോടതി നിർദേശങ്ങൾ നൽകിയിരിക്കുന്നത്. അതിനാൽ, കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ദൈവാലയങ്ങളുടെ കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
യാതൊരു നിയമനടപടിയും കൂടാതെ യാക്കോബായ സുറിയാനി സഭയിൽ നിന്ന് അന്യായമായി കൈവശപ്പെടുത്തിയ ഏകദേശം 60 ദൈവാലയങ്ങൾ അടിയന്തരമായി സഭയ്ക്ക് തിരിച്ചുനൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ
27/08/2026


