വൈക്കാട്ടോ (ന്യൂസിലാൻഡ്) ● വൈക്കാട്ടോയിലും പരിസര പ്രദേശങ്ങളിലുമുള്ള മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് വിശ്വാസികളുടെ ആത്മീയ ജീവിതത്തിൽ പുതിയ അധ്യായത്തിന് തുടക്കമായി. ‘സെന്റ് ഏലിയാസ് തൃതീയൻ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി, വൈക്കാട്ടോ’ എന്ന പേരിൽ പുതിയ ഇടവകയുടെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. ഫാ. എൽദോസ് വട്ടമറ്റത്തിൽ പുതിയ ഇടവകയുടെ വികാരിയായി ചുമതലയേറ്റു.
ഓഗസ്റ്റ് 15-ന് രാവിലെ 8 മണിക്ക് നടന്ന പ്രഭാത പ്രാർത്ഥനയോടെയാണ് ഇടവകയുടെ ആത്മീയ യാത്രയ്ക്ക് തുടക്കമായത്. തുടർന്ന് ഫാ. എൽദോസ് വട്ടമറ്റത്തിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ നിരവധി ഇടവകാംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. വിശുദ്ധ കുർബ്ബാനയ്ക്കുശേഷം എല്ലാവർക്കുമായി സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു.
സഭയുടെ വിശ്വാസവും പാരമ്പര്യങ്ങളും വരുംതലമുറകളിലേക്ക് പകർന്നുനൽകുന്ന മികച്ചൊരു ആത്മീയ ഭവനമായി ഈ ഇടവക മാറുമെന്ന് വിശ്വാസികൾ പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ ഇടവകയുടെ രൂപീകരണത്തിനായി പിന്തുണ നൽകിയ എല്ലാവർക്കും വികാരിയും ഇടവകാംഗങ്ങളും നന്ദി അറിയിച്ചു.

