പുത്തൻകുരിശ് ● രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി പോരാടി വീരമൃത്യു വരിച്ച അനേകായിരം ധീരദേശസ്നേഹികളുടെ പാവനസ്മരണകൾക്ക് പ്രണാമം അർപ്പിക്കുന്നതായും ശ്രേഷ്ഠ ബാവ സന്ദേശത്തിൽ പറഞ്ഞു.
പൂർവികർ പോരാടി നേടിയ സ്വാതന്ത്ര്യം വെറും ചരിത്രസ്മരണയല്ലെന്നും ജനാധിപത്യത്തിന്റെ കാവലാളുകളായി ഓരോ തലമുറയും ഏറ്റെടുക്കേണ്ട മഹത്തായ ഉത്തരവാദിത്വമാണെന്നും ബാവ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങളോടൊപ്പം അതിനെ സംരക്ഷിക്കാനുള്ള കടമയും ഓരോ പൗരനും ഓർക്കണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
രാജ്യത്തിന്റെ ഐക്യവും ഭരണഘടനാ മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. സ്വാതന്ത്ര്യത്തിന്റെ അനുഭവവും അവകാശങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ ലഭ്യമാകണം. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മഹത്തായ മൂല്യങ്ങൾ പൂർണമായി സംരക്ഷിക്കപ്പെടണമെന്നും ശ്രേഷ്ഠ ബാവ അഭിപ്രായപ്പെട്ടു.
ആരുടെയെങ്കിലും സ്വാതന്ത്ര്യം എവിടെയെങ്കിലും നിഷേധിക്കപ്പെടുന്നത് ഭരണഘടനയ്ക്ക് ഏൽക്കുന്ന ഗുരുതരമായ മുറിവായിരിക്കുമെന്ന് ബാവ മുന്നറിയിപ്പ് നൽകി. ഭരണഘടനാ മൂല്യങ്ങൾക്ക് യാതൊരു വിധത്തിലുള്ള ക്ഷതവും ഏൽക്കാൻ അനുവദിക്കാതെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി.
മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ വിഭജിക്കാനുള്ള ശ്രമങ്ങളെ അതിജീവിച്ച് ജനാധിപത്യം, മതേതരത്വം, തുല്യത എന്നീ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഒരുമിച്ച് മുന്നേറണമെന്നും ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യങ്ങളും വൈവിധ്യങ്ങളും സംരക്ഷിച്ച് ഇന്ത്യൻ പൗരൻ എന്ന നിലയിലുള്ള ആത്മാഭിമാനം ഉയർത്തിപ്പിടിക്കണമെന്നും സന്ദേശത്തിൽ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ വെളിച്ചം എന്നും രാജ്യത്തെ നയിക്കട്ടെയെന്നും രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനും പുരോഗതിക്കും വേണ്ടി എല്ലാവരും ഒന്നായി കൈകോർക്കണമെന്നും ശ്രേഷ്ഠ ബാവ ആശംസിച്ചു.